
കരള്‍ രോഗമെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷ ഹൃദ്രോഗത്തിനും; ഒരു ദിവസം മാത്രം ചികിത്സ തേടിയ അപ്പന്റിസൈറ്റിസ് രോഗിക്കും ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം; വീടിന് കേടുപാടെന്ന പേരില്‍ അപേക്ഷ നല്‍കാത്ത ആള്‍ക്ക് നൽകിയത് നാല് ലക്ഷം; ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അയച്ചിരിക്കുന്നത് ആറ് അപേക്ഷകള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അനര്‍ഹര്‍ ധനസഹായം നേടുന്നത് കണ്ടെത്താന്‍ ഉള്ള വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
ബുധനാഴ്ച തുടങ്ങിയ മിന്നല്‍ പരിശോധന, താലൂക്ക്-വില്ലേജ് തലത്തിലും വ്യാപിപ്പിച്ചു. ഇന്നലെയും ഇന്നുമായി നടത്തിയ തുടര്‍പരിശോധനയിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലയിലെ കരോട് സ്വദേശിയായ ഒരാള്‍ മുഖേന നെയ്യാറ്റിന്‍കര താലൂക്കിലെ ഇരുപതിലധികം പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിച്ചു. മാറനല്ലൂര്‍ സ്വദേശിയായ ഒരാളിന് അപന്റിസൈറ്റിസ് രോഗത്തിന് ആകെ ഒരു ദിവസം ചികിത്സ തേടിയ മെഡിക്കല്‍ രേഖയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം നല്‍കി.
കരള്‍ രോഗമെന്ന് രേഖപ്പെടുത്തിയ മറ്റൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ള അപേക്ഷ ഹൃദ്രോഗമെന്ന് കാണിച്ച് സര്‍ക്കാരിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. വര്‍ക്കല താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അപേക്ഷകള്‍ അയച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.
കൊല്ലം ജില്ലയില്‍ പടിഞ്ഞാറേ കല്ലട സ്വദേശിയായ ഒരാള്‍ക്ക് പ്രകൃതി ക്ഷോഭത്തില്‍ വീടിന്റെ 76% കേടുപാട് സംഭവിച്ചതില്‍ 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് നേരിട്ട് നടത്തിയ സ്ഥല പരിശോധനയില്‍ വീടിന് കേട്പാട് സംഭവിച്ചിട്ടില്ലായെന്ന് കണ്ടെത്തി.
തുടര്‍ന്ന് അപേക്ഷകനെ നേരില്‍ കണ്ട് ചോദിച്ചപ്പോള്‍ താന്‍ അത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സ്ഥല പരിശോധനയ്ക്ക് ഉദ്യോഗസ്ഥരാരും നാളിതു വരെ വന്നിട്ടില്ലെന്നും അക്കൗണ്ടില്‍ വന്ന പണം നാളിതു വരെ ചിലവഴിച്ചിട്ടില്ലായെന്നും പറഞ്ഞു.
കൊല്ലം ജില്ലയിലെ ഫണ്ട് അനുവദിച്ചിട്ടുള്ള നിരവധി അപേക്ഷകള്‍ക്കൊപ്പം റേഷന്‍ കാര്‍ഡിന്റേയും ആധാര്‍ കാര്‍ഡിന്റേയും പകര്‍പ്പുകള്‍ ഇല്ലാതെ തുക അനുവദിച്ചിട്ടുണ്ട്. അപേക്ഷയില്‍ പറഞ്ഞിട്ടുള്ള രോഗത്തിനല്ലാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി താലൂക്കില്‍ നടത്തിയ പരിശോധനയില്‍ 18 അപേക്ഷകളില്‍ 13 എണ്ണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത് കരുനാഗപ്പള്ളി നെഞ്ച് രോഗാശുപത്രിയിലെ ഒരു ഡോക്ടറാണെന്ന് കണ്ടെത്തി. ഇതില്‍ 6 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു വീട്ടിലെ അംഗങ്ങള്‍ക്കും രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റൊരു വീട്ടിലെ അംഗങ്ങള്‍ക്കുമാണെന്നും വിജിലന്‍സ് കണ്ടെത്തി.
കൊല്ലം തൊടിയൂര്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച പല അപേക്ഷകളിലും ഒരേ കൈയക്ഷരമാണ്. അതുകൊണ്ട് തന്നെ ഇടനിലക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിജിലന്‍സ് സംശയിക്കുന്നു. വരും ദിവസങ്ങളില്‍ ഇതും കൂടുതല്‍ പരിശോധന നടത്തും.