വ്യാജവൈദ്യ ചികിത്സ വിഷയത്തിൽ ഒത്തു കളിച്ചു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും; വ്യത്യസ്ത അഭിപ്രായത്തിലൂടെ ഇരുവരും ജനങ്ങളെ വിഡ്ഢികളാക്കുന്നുവോ??
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വ്യാജവൈദ്യ വിഷയത്തിൽ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളും നിലപാടുകളും എടുത്തു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ജനങ്ങളെ വിഡ്ഢികളാക്കുന്നു. സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ചികിൽസിക്കാൻ അയോഗ്യരല്ലാ എന്ന് മുഖ്യമന്ത്രി പറയുമ്പോൾ പാരമ്പര്യ ചികിത്സകർക്കു രജിസ്‌ട്രേഷൻ നൽകാനാകില്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നു. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളെടുത്തു മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയും ജനങ്ങളെ വിഡ്ഢികളാക്കുന്നതു എന്തിനു എന്ന ചോദ്യം ഈ അവസരത്തിൽ പ്രസക്തമാകുന്നു. 100000 ത്തോളം വരുന്ന വ്യാജ വൈദ്യ വോട്ട് മുന്നിൽ കണ്ടുകൊണ്ടുള്ള ഇടതു സർക്കാരിന്റെ ഒത്തു കളിയാണോ ഈ വ്യത്യസ്ത നിലപാടുകൾക്ക് പിന്നിലുള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അവസരത്തിൽ ഇടതുപക്ഷ ചായ്‌വുള്ള ആയുർവേദ സംഘടനയായ AMAI യുടെ നിലപട് വളരെ പ്രസക്തമാണ്. സംഘടന സുപ്രീംകോടതി വിധി ബഹിഷ്കരിച്ചു സർക്കാരിനൊപ്പം നിൽക്കുമോ അതോ ആയുർവേദ ഡോക്ടർമാർക്കൊപ്പം നിൽക്കുമോ എന്നത് ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നു.
2018 ഏപ്രിലിൽ ജസ്റ്റിസ് എ.കെ. അഗർവാൾ, ജസ്റ്റിസ് മോഹൻ സന്താനഗൗഡർ എന്നിവർ ചേർന്നാണ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ചികിൽസിക്കാൻ പാടില്ല എന്ന വിധി പ്രസ്താവന നടത്തിയത്. ശബരിമല വിഷയം പോലെ തന്നെ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ 2018ലെ വിധി നടപ്പാക്കേണ്ടതും സർക്കാർ ബാധ്യതയാണ്; സർക്കാർകൂടി കക്ഷിയായിരുന്ന കേസിലെ വിധിന്യായം സർക്കാറിനെ വിധിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാരമ്പര്യത്തിൻറെയും അത്ഭുതങ്ങളുടെയും പേരിൽ നടത്തുന്ന ചികിത്സകൾ കേരളത്തിെൻറ സാമൂഹിക പശ്ചാത്തലംകൂടി കണക്കാക്കിയാൽ ആവശ്യമില്ല. മാത്രവുമല്ല പലപ്പോഴും വ്യാജവൈദ്യ ചികിത്സക്കിടെ രോഗം മൂർച്ഛിക്കുകയും മരണംപോലും സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം കൊടുക്കാൻ ഉത്തരവാദിത്തമുള്ള സർക്കാർ വ്യാജ വൈദ്യന്മാരെ പിന്തുണക്കുന്നത് എന്തിനു വേണ്ടി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വ്യാജ വൈദ്യന്മാർക്കും ചികിൽസിക്കാം എന്ന് മുഖ്യമന്ത്രി പറയുമ്പോൾ അവർക്കു രജിസ്‌ട്രേഷൻ നൽകാനാകില്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നതിൽ എത്രത്തോളം സത്യസന്ധത ഉണ്ട് എന്നത് സംശയാസ്പദമാണ്. കേരളത്തിലെ 20000 ത്തോളം വരുന്ന അംഗീകൃത ആയുർവേദ ഡോക്ടർമാരുടെയും 19 ആയുർവേദ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും ഭാവിയും വ്യാജ വൈദ്യ ചികിത്സക്ക് വിധേയരാകുന്ന ജനങ്ങളുടെ ജീവനും വച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും വോട്ട്ബാങ്ക് രാഷ്ട്രീയം വലിയ ആപത്തുകളിലേക്കു ചെന്നെത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.