video
play-sharp-fill

വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി നിര്‍മ്മാണം;  ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കരുനാഗപ്പള്ളിയിലെ മിഠായി നിർമ്മാണ കേന്ദ്രം  അടപ്പിച്ചു; ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കുമെതിരേ കേസ്

വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി നിര്‍മ്മാണം; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കരുനാഗപ്പള്ളിയിലെ മിഠായി നിർമ്മാണ കേന്ദ്രം അടപ്പിച്ചു; ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കുമെതിരേ കേസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി നിര്‍മിക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു.

ബോംബെ മിഠായി എന്ന പഞ്ഞിമിഠായി നിര്‍മ്മിക്കുന്ന കേന്ദ്രമാണിത്. വൃത്തിയില്ലാത്ത പരിസരത്തായിരുന്നു നിര്‍മ്മാണം. അഞ്ച് ചെറിയ മുറികളിലായാണ് ഇരുപതോളം അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന മുറിക്ക് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്ന നിലയിലാണെന്നും പരിശോധനയില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ മിഠായി നിര്‍മാണം പുരോഗമിക്കുകയായിരുന്നു. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറമായ റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്തായിരുന്നു മിഠായി ഉല്‍പാദിപ്പിച്ചിരുന്നത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്‍പ്പനയ്ക്കായി തയാറാക്കിയിരുന്ന 1000 കവര്‍ മിഠായികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

മിഠായി നിര്‍മ്മാണ കേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അനധികൃത ഭക്ഷ്യ ഉല്‍പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും ഭക്ഷ്യ സുരക്ഷാനിയമ പ്രകാരം 63, 59 വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കെട്ടിട ഉടമ അലിയാര്‍കുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ ബീച്ചുകളില്‍ മിഠായി വിറ്റവരുള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ക്കുമെതിരേയാണ് കേസെടുത്തത്.