നിങ്ങളുടെ കുട്ടികളെ ഇത്തരം സ്കൂളിലേയ്ക്കാണോ വിടുന്നത്..! വണ്ടിയ്ക്കു ഇൻഷ്വറൻസില്ല: ഡ്രൈവർക്ക് ലൈസൻസുമില്ല: സ്‌കൂൾ കുട്ടികളെ കയറ്റി വന്ന മിനി വാൻ മോട്ടോർ വാഹന വകുപ്പ് പിടികൂടി; പിടികൂടിയത് ചിങ്ങവനം ക്ലിമ്മീസ് സ്‌കൂളിലേയ്ക്ക് കുട്ടികളെ എത്തിച്ച വാഹനം; സിബിഎസ്ഇയ്ക്കു റിപ്പോർട്ട് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: ചിങ്ങവനം ക്ലിമ്മീസ് ക്ലൂളിലേയ്ക്കു പിഞ്ചു കുട്ടികളെയുമായി എത്തിയ വാൻ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഞെട്ടി.
ഡ്രൈവർക്ക് ലൈസൻസില്ല, വണ്ടിയ്ക്ക് ഇൻഷ്വറൻസില്ല, ടാക്‌സാണെങ്കിൽ അടച്ചിട്ടുമില്ല…! ഒടുവിൽ വണ്ടി പിടിച്ച് മോട്ടോർ വാഹന വകുപ്പ് അകത്തിട്ടു. ഡ്രൈവറെ മാറ്റി, മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവർ വണ്ടിയോടിച്ച് കുട്ടികളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.
തുടർന്ന് വണ്ടിയെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു. വണ്ടി കളക്ടറേറ്റ് വളപ്പിൽ പിടിച്ചിട്ടു. പിഴയും ടാക്‌സും അടച്ച ശേഷം മാത്രമേ വാഹനം ഇനി തിരികെ വിട്ടു നൽകൂ എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ചിങ്ങവനം ക്ലിമ്മീസ് സ്കൂൾ അധികൃതർ ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയതായും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സ്‌കൂളിന്റെ വീഴ്ച സംബന്ധിച്ച് സിബിഎസ്ഇ അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാവിലെ ചിങ്ങവനത്തായിരുന്നു സംഭവം.
സ്വകാര്യ വാഹനത്തിൽ അനധികൃതമായി സ്‌കൂൾ കുട്ടികളെകയറ്റി സർവീസ് നടത്തി വന്ന മാരുതി വാനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ചത്.
വാഹനത്തിന് റോഡ് നികുതി അടച്ചിട്ടില്ല എന്നും ഇൻഷുറൻസ് ഇല്ല എന്നും ഡ്രൈവർക്ക് ലൈസൻസുമില്ലെന്ന് പരിശോധനയിലാണ് കണ്ടെത്തിയത്. തുടർന്നാണ് വകുപ്പ് അധികൃതർ നടപടികൾ എടുത്തത്.
കുട്ടികളെ കയറ്റുന്ന വാഹനങ്ങളിൽ വേണ്ട സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ആയിരുന്നു ഈ സർവീസ്. സ്‌കൂളിലേക്ക് കുട്ടികളെ കയറ്റി കൊണ്ടു വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാനായി എല്ലാ സ്‌കൂളിലും ഒരു അധ്യാപകനെ ചുമതലപ്പെടുത്തണം എന്ന നിർദ്ദേശം ഉള്ളപ്പോഴാണ് യാതൊരു രേഖകളും ലൈസൻസും ഇല്ലാതെ ഇത്തരത്തിൽ സർവീസ് നടത്തുന്നതായി കണ്ടെത്തിയത്.
ഇത്കുട്ടികളുടെ സുരക്ഷാ കാര്യങ്ങളിൽ സ്‌കൂൾ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടുന്നതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ കുറ്റപ്പെടുത്തുന്നു. ഇത്തരം അനധികൃത വാഹനങ്ങളിൽ കുട്ടികളെ സ്‌കൂളിൽ വിടുന്നത് രക്ഷാകർത്താക്കളുടെയും ഉത്തരവാദിത്വമില്ലായ്മ ആണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കോട്ടയം എൻഫോഴ്‌സ്‌മെൻറ് വിഭാഗം ആർടിഒ ടോജോ എം.തോമസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ രാജേഷ് എം എസ് , അജയകുമാർ ഒ എസ് എന്നിവരാണ് പരിശോധന നടത്തിയത്.
Third Eye News Live
0