എസ്ബിഐയിൽ നിന്നെന്ന വ്യാജേന ഫോൺ സന്ദേശം; ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്തു: ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് ഒരു ലക്ഷത്തിന് അടുത്ത്; തുക പിൻവലിച്ചിരിക്കുന്നത് ബാംഗ്ലൂരുവിലുള്ള ഐസിഐസി ബാങ്കിന്റെ എടിഎമ്മിൽ നിന്ന് ; നാഷണൽ സൈബർ സെല്ലിൽ പരാതി നൽകി യുവതി
സ്വന്തം ലേഖകൻ
ആലപ്പുഴ: ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്ത ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700രൂപ. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസി.പ്രൊഫസറായ ആലപ്പുഴ പഴവീട് പേരൂർ ഹൗസിൽ മഞ്ജു ബിനുവാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു നാഷണൽ സൈബർ സെല്ലിൽ പരാതി നൽകി.
ഓഗസ്റ്റ് 26ന്, പാസ്പോർട്ടിലെ പേര് തിരുത്താനായി മഞ്ജു ഓൺലൈൻ പോർട്ടലിൽ അപേക്ഷ നൽകിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ആലപ്പുഴയിലെ പാസ്പോർട്ട് സേവനകേന്ദ്രത്തിൽ രേഖകൾ പരിശോധിക്കുകയും ചെയ്തു. പാസ്പോർട്ട് കൊറിയർ വഴി അയച്ചു തരുന്നതിന് പത്തുരൂപ സർവീസ് ചാർജ്ജ് അയച്ചുതരണമെന്ന് ആവശ്യപ്പെട്ട്, സെപ്തംബർ രണ്ടിന് രാവിലെ മഞ്ജുവിന് ഒരു ഫോൺകോളെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി ലിങ്ക് അയച്ച് നൽകുകയും ചെയ്തു. തുടർന്ന് മഞ്ജുവിന്റെ പേരിൽ എസ്ബിഐ കളർകോട് ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്ന് പത്തുരൂപ ഓൺലൈനായി അയച്ചു കൊടുത്തു. അല്പസമയത്തിനുള്ളിൽ പുതിയ ഫോർമാറ്റ് അയച്ചശേഷം അത് പൂരിപ്പിച്ച് അയക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുപിഐ നമ്പർ ഉൾപ്പെടെ അയച്ചു കൊടുത്തു.
സെപ്തംബർ നാലിന് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതുമായി ബന്ധപ്പെട്ട് എസ്ബിഐയിൽ നിന്നെന്ന വ്യാജേന ഒരു ഫോൺ സന്ദേശം വന്നു. സംശയം തോന്നിയ മഞ്ജുവിന്റെ ഭർത്താവ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തുക നഷ്ടപ്പെട്ട വിവരം മനസിലായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗ്ളൂരിലെ ബസോനേശ്വർ നഗറിലുള്ള ഐസിഐസി ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതായി അറിയാനായി. ഇതിന് പിന്നാലെ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ നാഷണൽ സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.