കര്‍മ്മപദ്ധതിക്ക് അംഗീകാരം; കോട്ടയം ശുചീകരണ യജ്ഞത്തിന് ഒരുങ്ങുന്നു

കര്‍മ്മപദ്ധതിക്ക് അംഗീകാരം; കോട്ടയം ശുചീകരണ യജ്ഞത്തിന് ഒരുങ്ങുന്നു

സ്വന്തംലേഖകൻ

കോട്ടയം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിന്റെ കര്‍മ്മപദ്ധതിക്ക് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെമ്പാടും ഊര്‍ജ്ജിത ശുചീകരണ പരിപാടി നടത്തുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.
ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് പഴുതുകളില്ലാത്ത ജാഗ്രത അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിച്ച് ജില്ലാതലം മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡു തലം വരെ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. ശുചീകരണ യജ്ഞത്തിനും മഴക്കാല പൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. കൃത്യമായ ഇടവളകളില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും കുറവുകള്‍ പരിഹരിച്ച് മുന്നോട്ടു പോകാനും കഴിയണം.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനപ്പെടുത്തുന്നത് കര്‍ശനമായി തടയണം. ഇതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കണം-അദ്ദേഹം നിര്‍ദേശിച്ചു.
യോഗം അംഗീകരിച്ച കര്‍മ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ മെയ് ആറ്, ഏഴ് തീയതികളില്‍ തദ്ദേശഭരണ സ്ഥാപന തലത്തില്‍ യോഗം ചേര്‍ന്ന് പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഘടകസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ്-കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരിവ്യവസായി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, മത- സാമൂഹിക സംഘടകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ പ്രതിനിധികള്‍, നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും എസ്.പി.സിയുടെയും കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള മാലിന്യ കൂമ്പാരങ്ങളുടെ മാപ്പിംഗും ഇതോടനുബന്ധിച്ചു നടത്തും.
മെയ് എട്ട്, ഒന്‍പത് തീയതികളില്‍ വാര്‍ഡുതല ശുചിത്വ സമിതികളുടെ യോഗം നടക്കും. ഓരോ വാര്‍ഡിലും കുറഞ്ഞത് അന്‍പത് വോളണ്ടിയര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കി ശുചീകരണ യജ്ഞത്തിന്റെ പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് രൂപം നല്‍കും.
മെയ് 11, 12 തീയതകളില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ അജൈവ മാലിന്യങ്ങള്‍ തംതിരിച്ച് ചാക്കുകളില്‍ ശേഖരിച്ച് തദ്ദേശഭരണ സ്ഥാപനം കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് സൂക്ഷിക്കും. ജൈവ മാലിന്യങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സന്നദ്ധ സേവനം പ്രയോജനപ്പെടുത്തി കുഴിയെടുത്ത് അതേ സ്ഥലത്ത് മറവു ചെയ്യും. ജലാശയങ്ങളില്‍നിന്ന് അകലെയുള്ള  നീരൊഴുക്കും വെള്ളക്കെട്ടുമില്ലാത്ത സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുക.
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ റോഡുകളും ജലസ്രോതസുകളും മാലിന്യമുക്തമാകുന്നുവെന്നും തുടര്‍ന്ന് ശുചിയായി പരിപാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ഇതിന് വിവിധ വകുപ്പുകള്‍ സഹകരണം ലഭ്യമാക്കും.
ശുചീകരണ യജ്ഞത്തില്‍ പൊതു സ്ഥലങ്ങളില്‍നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങളും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള ഷ്രെഡ് ചെയ്യാന്‍ കഴിയാത്ത അജൈവ മാലിന്യങ്ങളും  തദ്ദേശസ്ഥാപനത്തില്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനി മുഖേന നീക്കം ചെയ്യാവുന്നതാണെന്ന് കര്‍മ്മ പദ്ധതി നിര്‍ദേശിക്കുന്നു.
പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്കുള്ള ചുമതലകളും യോഗത്തിന്റെ ഭാഗമായി വിശദമാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ജില്ലാതല കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. എം.എല്‍.എമാരായ അഡ്വ. മോന്‍സ് ജോസഫ്, സി. കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡിന്റ് അഡ്വ. സണ്ണി പാമ്പാടി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, എഡിഎം സി. അജിതകുമാര്‍ എന്നിവര്‍ സംസാരിച്ചു. ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. എം ഷഫീക്ക്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.