play-sharp-fill
ശുചീകരണ യജ്ഞത്തിന് നാടൊരുങ്ങി

ശുചീകരണ യജ്ഞത്തിന് നാടൊരുങ്ങി

സ്വന്തംലേഖകൻ

കോട്ടയം : ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മെയ് 11,12 തീയതികളിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുങ്ങി. മാലിന്യങ്ങളുടെ കളക്ഷന്‍ പോയിന്‍റുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ട്.
കോട്ടയം നഗരസഭയില്‍ ശുചീകരണ യജ്ഞത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കുമാരനല്ലൂര്‍, നാട്ടകം, കഞ്ഞിക്കുഴി, തിരുവാതുക്കല്‍, കോടിമത എന്നീ മേഖലാ കേന്ദ്രങ്ങളില്‍ സംഭരിക്കും. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് വാര്‍ഡ് തല ശുചീകരണം. ഓരോ വാര്‍ഡിലും നഗരസഭയിലെ മൂന്ന് ശുചീകരണതൊഴിലാളികള്‍ വീതം യജ്ഞത്തില്‍ പങ്കെടുക്കും.
ഏറ്റുമാനൂരില്‍ ശുചീകരണ യജ്ഞത്തിലൂടെ ശേഖരിക്കുന്ന വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സുസ്ഥിര ശുചിത്വ പദ്ധതി വഴി സംസ്ക്കരിക്കും. ബാക്കി വരുന്നവയാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുക.
ഏറ്റുമാനൂര്‍ നഗരസഭ ഓഫീസ് പരിസരത്ത് ഉദ്ഘാടന പരിപാടിക്ക് ശേഷമായിരിക്കും നഗരസഭാ പരിധിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസ് പരിസരം ശുചീകരിക്കും. വാര്‍ഡുകളില്‍ 50 പേരടങ്ങുന്ന സംഘമാണ് ശുചീകരണം നയിക്കുക.  മെഡിക്കല്‍ ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരായ ആരോഗ്യ ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
ശുചീകരണത്തിന് ശേഷം റോഡിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ജോയ് പുല്ലാട്ട് പറഞ്ഞു.
അതിരമ്പുഴയില്‍  മൂന്നാം വാര്‍ഡിലെ അങ്കണവാടിക്ക് സമീപമാണ് കളക്ഷന്‍ പോയിന്‍റ്. ആര്‍പ്പൂക്കരയില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സമീപവും അയ്മനത്ത് ജയന്തി ജംഗ്ഷന് സമീപവും കുമരകത്ത് പഞ്ചായത്ത് ഗ്രൗണ്ടിലുമാണ് ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംഭരിക്കുക. നീണ്ടൂരില്‍  വാര്‍ഡുകളില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലാണ് മാലിന്യങ്ങള്‍ സൂക്ഷിക്കുക.
ചങ്ങനാശ്ശേരി  മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം പ്രധാനമായും നടക്കുന്നത് ബൈപാസ് റോഡിലായിരിക്കും. റോഡിന്‍റെ വശങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കും. മെയ് 12 വാര്‍ഡ് തല ശുചീകരണവും തോട് വൃത്തിയാക്കലും നടത്തും. ശുചീകരണ യജ്ഞത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഷ്രെഡിംഗ് യൂണിറ്റിലെത്തിക്കും. ജൈവ മാലിന്യങ്ങള്‍ ഫാത്തിമാപുരം, ബൈപാസ് റോഡ് എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ മറവു ചെയ്യും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ ആദ്യ ഘട്ടമായി നടന്ന സ്ഥാപനതല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി.
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ 100 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ശുചിത്വസേന രൂപീകരിച്ചു. പൂഞ്ഞാര്‍ എസ്.എം.വി സ്കൂള്‍ സ്പോര്‍ട്സ്  ഡിവിഷനിലെ കുട്ടികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.
ശനിയാഴ്ച രാവിലെ ഒന്‍പതിന് ആശുപത്രി ജംഗ്ഷനില്‍ ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം ദ്രോണാചാര്യ പുരസ്കാരം നേടിയ കായിക പരിശീലകന്‍ കെ.പി തോമസ്  നിര്‍വഹിക്കും. ജൈവ മാലിന്യങ്ങള്‍                           സംസ്കരിക്കുന്നതിന്  വാര്‍ഡുതല ശുചിത്വസേന നേതൃത്വം നല്‍കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തിലെ കളക്ഷന്‍ സെന്‍ററില്‍ എത്തിക്കും. ശുചീകരണ യജ്ഞത്തിനു മുന്നോടിയായി ഹരിത ചട്ട പാലനത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന കലണ്ടര്‍ പഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് പുറത്തിറക്കി. പഞ്ചായത്തിന്‍റെ എല്ലാ ഘടക സ്ഥാപനങ്ങളിലും കലണ്ടര്‍ നല്‍കിയിട്ടുണ്ട്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണം, ലഘുലേഖ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
തലപ്പലം, തലനാട്, തീക്കോയി, തിടനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളില്‍ സ്ഥാപനതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അതത് വാര്‍ഡുകളിലെ കളക്ഷന്‍ സെന്‍ററില്‍ സംഭരിക്കും.
പഞ്ചായത്തുകളിലും ഇതിനായി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
പാലാ നഗരസഭയിലെ ശുചീകരണം രാവിലെ 8.30 ന് ആര്‍.വി പാര്‍ക്കില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബിജി ജോജോ ഉദ്ഘാടനം ചെയ്യും.
ളാലം ബ്ലോക്കില്‍ ശുചീകരണയജ്ഞത്തിന്‍റെ ഭാഗമായി ശുചിത്വ മാപ്പിംഗ് നടത്തി. മലിനീകരണം നടക്കുന്ന സാഹചര്യം, മാലിന്യം കൂടിയ സ്ഥലങ്ങള്‍, രോഗം പരത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍  എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണവും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തും.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കണ്ടെത്തിയ ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ശുചീകരണം. ഏറ്റവും മലിനമായി കിടക്കുന്ന പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിരിക്കുന്നത്.
ചെമ്പ് ഗ്രാമപഞ്ചായത്തിലെ  മുറിഞ്ഞുപുഴ ഭാഗം, ബ്രഹ്മമംഗലം മാര്‍ക്കറ്റ്, ചെമ്പ് അങ്ങാടി എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍  ജലാശയ തീരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ശുചീകരണം. ടിവിപുരം, തലയാഴം, വെച്ചൂര്‍, മറവന്‍തുരുത്ത് പഞ്ചായത്തുകളിലും ശുചീകരണ യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വൈക്കം നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ വീടുകളിലെയും മാലിന്യങ്ങള്‍ ഹരിതകര്‍മ സേന നേരിട്ടെത്തി ശേഖരിക്കും.  മെയ് 12 നു നഗരത്തിലെ പൊതു സ്ഥലങ്ങളില്‍ ശുചീകരണം നടക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയുടെ മാലിന്യസംസ്കരണ പ്ലാന്‍റിലേക്ക് മാറ്റും. ജൈവ മാലിന്യങ്ങള്‍ നഗരസഭയുടെ തുമ്പൂര്‍മൂഴി മാതൃകയിലുള്ള സംസ്കരണ പ്ലാന്‍റില്‍ സംസ്കരിക്കും.