ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ കനത്ത തോല്‍വി വാങ്ങി പാകിസ്ഥാൻ ; പാകിസ്ഥാനെ 227 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; കുല്‍ദീപിന് 5 വിക്കറ്റ്; ശ്രീലങ്കക്കെതിരായ അവസാന മത്സരം നിർണായകം
സ്വന്തം ലേഖിക
കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ കനത്ത തോല്‍വി വഴങ്ങിയത് പാക്കിസ്ഥാന്‍റെ ഫൈനല്‍ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 10 ഓവറോളം ബാക്കി നിര്‍ത്തി വമ്പന്‍ ജയം നേടിയെങ്കിലും മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ 227 റണ്‍സിനാണ് ഇന്ത്യയോട് തോറ്റത്. ഇതോടെ സൂപ്പര്‍ ഫോറില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും ശ്രീലങ്കക്കും പിന്നിലായി പാക്കിസ്ഥാന്‍.
സൂപ്പര്‍ ഫോറില്‍ ഇനി നിലവിലെ ചാമ്പ്യന്‍മാരും സഹ ആതിഥേയരുമായ ശ്രീലങ്കക്കെതിരായ ഒരു മത്സരം മാത്രമാണ് പാക്കിസ്ഥാന് അവശേഷിക്കുന്നത്. ഈ മത്സരം ജയിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ ഫൈനല്‍ കാണാതെ പുറത്താവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീലങ്കക്കാകട്ടെ ഇന്ന് ഇന്ത്യയുമായി സൂപ്പര്‍ ഫോര്‍ പോരാട്ടമുണ്ട്. ഈ മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റെടുക്കാം. എന്നാല്‍ ലങ്കയാണ് ജയിക്കുന്നതെങ്കില്‍ ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് ബംഗ്ലാദശിനെതിരായ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും.
പാക്കിസ്ഥാനെതിരായ വമ്പന്‍ ജയത്തോടെ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് +4.560 ആണ്. ശ്രീലങ്കയുടേത് +0.420 വും പാക്കിസ്ഥാന്‍റേത് -1.892 വും ആണ്. ഇന്ന് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചാല്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ അവസാന മത്സരമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുകയെന്ന് ചുരുക്കം.
ഇന്ന് ഇന്ത്യക്കെതിരെ തോറ്റ് അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കൊപ്പം ശ്രീലങ്ക ഫൈനല്‍ കളിക്കും. എന്നാല്‍ ഇന്ന് ഇന്ത്യയെ ലങ്കയോട് തോല്‍ക്കുകയും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ വെറും ജയം കൊണ്ട് പാക്കിസ്ഥാന് ഫൈനലിലെത്താനാവില്ല.
മഴ കളി മുടക്കുന്നതിനാല്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചാലും പോയന്‍റുകള്‍ പങ്കിടുമെന്നതിനാല്‍ ശ്രീലങ്കക്ക് ഫൈനല്‍ സാധ്യത കൂടും. ഇന്ന് ഇന്ത്യയോട് തോറ്റാല്‍ പോലും ശ്രീലങ്കക്ക് പാക്കിസ്ഥാനെതിരായ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഫൈനലിലെത്താമെന്ന് ചുരുക്കം.ഇന്ന് ഇന്ത്യയോട് കനത്ത തോല്‍വി വഴങ്ങിയാല്‍ ശ്രീലങ്കയുടെ ഫൈനല്‍ സാധ്യത തുലാസിലാവും. അങ്ങനെ വന്നാല്‍-പാക്കിസ്ഥാന്‍-ശ്രീലങ്ക പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ റെക്കോര്‍ഡ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ 227 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 27 റണ്‍സെടുത്ത ഫഖര്‍ സമനും 23 റണ്‍സ് വീതമെടുത്ത അഗ സല്‍മാനും ഇഫ്തിഖര്‍ അഹമ്മദും 10 റണ്‍സെടുത്ത ബാബര്‍ അസമും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനെതിരെ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.