video
play-sharp-fill
പകലത്തെ ജി.ഡി ചാർജ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കവെ അങ്കമാലി സ്‌റ്റേഷനിൽനിന്നും അസീനയെ കണ്ടെന്ന വിളിയെത്തി; ജോലിയോടുള്ള ആത്മാർത്ഥത നഷ്ടപ്പെടുത്തിയത് സ്വന്തം ജീവൻ

പകലത്തെ ജി.ഡി ചാർജ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കവെ അങ്കമാലി സ്‌റ്റേഷനിൽനിന്നും അസീനയെ കണ്ടെന്ന വിളിയെത്തി; ജോലിയോടുള്ള ആത്മാർത്ഥത നഷ്ടപ്പെടുത്തിയത് സ്വന്തം ജീവൻ

ശ്രീകുമാർ

കൊട്ടിയം : കേരളത്തിലെ പോലീസുകാരുടെ ദൈന്യത മനസ്സിലാക്കാൻ ശ്രീകലയുടെ മരണം വേണ്ടി വന്നു. ഡ്യൂട്ടി സമയം കഴിഞ്ഞും ഡിപാർട്ട്‌മെന്റിനും ജനങ്ങൾക്കും വേണ്ടി നിയമം കാത്തു പരിപാലിക്കുന്നവരാണ് നമ്മുടെ നിയമപാലകർ. 24 മണിക്കൂർ കണ്ണു ചിമ്മാതെ ജോലി ചെയ്യുന്നവർ. കേസ് അന്വേഷണത്തിനു ആഴ്ച്ചകളോളം വീടും കൂടും വിട്ട് യാത്ര ചെയ്യേണ്ടി വരുന്നവർ. ഇന്നലെ ആലപ്പുഴയിൽ കാറപകടത്തിൽ മരിച്ച കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിത സീനിയർ സിപിഒ ശ്രീകലയുടെ ചലനമറ്റ ശരീരം പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു ആദ്യം എത്തിച്ചത്. ഇന്നലെ വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന ശ്രീകലയുടെ മുഖത്തേക്ക് നോക്കാൻ സഹപ്രവർത്തകർക്ക് സാധിച്ചില്ല. കൂട്ടക്കരച്ചിലായിരുന്നു. കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേക്കു തിരിച്ച പൊലീസ് സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു വനിതാ സിവിൽ പൊലീസ് ഓഫിസറടക്കം മൂന്നു പേർ മരിച്ചിരുന്നു.കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ നെടുമ്പന ശ്രീധരത്തിൽ ശ്രീകല (43), കണ്ണനല്ലൂർ ചേരീക്കോണം ചിറയിൽ കോളനിയിൽ ആസിഫ് നിവാസിൽ ഹബീബുള്ളയുടെ ഭാര്യ അസീന (30), കൊട്ടിയം പ്രതിഭാ ലൈബ്രറിക്കു സമീപം നൗഫൽ മൻസിലിൽ നാസറുദ്ദീന്റെ മകൻ നൗഫൽ (27) എന്നിവരാണു മരിച്ചത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിപിഒ കുളപ്പാടം പാലവിള വീട്ടിൽ നിസാറിനാണു (42) ഗുരുതര പരുക്കേറ്റത്. ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിനു സമീപം ഇന്നലെ പുലർച്ചെ 5.30 നായിരുന്നു അപകടം. കൊല്ലത്തുനിന്നു കൊച്ചിയിലേക്കു പോയ കണ്ടെയ്‌നറുമായാണ് കാർ കൂട്ടിയിടിച്ചത്.ഡ്യൂട്ടി കഴിഞ്ഞിട്ടും പിന്നെയും ലോങ്ങ് ഡ്യൂട്ടി. 24 മണികൂർ നീളുന്ന ആ ജോലിയും ആത്മാർഥതയും ഒഴിവാക്കിയിരുന്നു എങ്കിൽ ആ പോലീസുകാരിക്ക് ഇന്നും ജീവിച്ചിരിക്കാമായിരുന്നു. പോലീസുകാരുടെ ജീവിതത്തിനു ഇങ്ങിനെയും മുഖങ്ങൾ ഉണ്ട്. അവരുടെ ജോലി അന്ന് കഴിഞ്ഞതായിരുന്നു. അധികമായി ഒരു സേവനം ചെയ്യാൻ പോയതാണ്. കാണാതായത് യുവതി ആയതിനാൽ വനിതാ പോലീസ് സംഘത്തിന്റെ കൂടെ വേണമായിരുന്നു. കഴിഞ്ഞ മാസം ഏഴു മുതൽ അസീനയെ കാണാനില്ലെന്നു ഭർത്താവ് ഹബീബുള്ള കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രണ്ടു ദിവസം മുൻപാണ് അങ്കമാലിയിലെ ഒരു വീട്ടിലുണ്ടെന്നു വിവരം ലഭിച്ചത്. തുടർന്ന് അങ്കമാലി പൊലീസ് കസ്റ്റഡിയിൽ എടുത്ത അസീനയെ നാട്ടിലേക്കു കൊണ്ടുവരാനാണു ശ്രീകലയും നിസാറും കൊട്ടിയത്തുനിന്നു നൗഫലിന്റെ കാറിൽ പോയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുറപ്പെട്ട സംഘം അങ്കമാലിയിൽ ചെന്ന് അസീനയെ ഏറ്റുവാങ്ങി മടങ്ങുമ്പോഴായിരുന്നു ദുരന്തം.എന്നാൽ ഒരു സ്ത്രീയുടെ തിരോധാനവും ജീവിതവും അല്ലേ..അതോർത്ത് ശ്രീകല എന്ന പോലീസുകാരി പോയതാണ്. ഡ്യൂട്ടി കഴിഞ്ഞിട്ടും അവർ ഇങ്ങിനെ പോയത് മരിക്കനായി തന്നെ ആയിരുന്നുവോ?…അധികജോലി എന്നു പറഞ്ഞു വേണമെങ്കിൽ ഒഴിവാക്കാമായിരുന്ന യാത്ര വനിത സിപിഒ ശ്രീകല ഒരു മടിയും കൂടാതെ ഏറ്റെടുക്കുകയായിരുന്നു. ഒടുവിൽ ആ യാത്ര ഒരിക്കലും മടങ്ങി വരാത്തതായി മാറി.കാറിൽ കുടുങ്ങിക്കിടന്ന ശ്രീകല, നിസാർ, അസീന എന്നിവരെ നാട്ടുകാരും അമ്പലപ്പുഴ പൊലീസും ദേശീയപാതയ്ക്കരികിൽ വാഹനം കാത്തിരുന്ന കരൂർ തോപ്പിൽ നിവാസികളും ചേർന്നാണു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശ്രീകലയും അസീനയും മരിച്ചു. ആലപ്പുഴയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണു നൗഫലിന്റെ മൃതദേഹം കാർ വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്. വ്യാഴം പകൽ ജിഡി ഡ്യൂട്ടി കഴിഞ്ഞു രാത്രി വീട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് അസീനയെ കണ്ടെത്തിയെന്ന വിവരം അങ്കമാലി പൊലീസിൽ നിന്നു കൊട്ടിയം പൊലീസിനും വനിത സിപിഒ ശ്രീകലയ്ക്കും ലഭിച്ചത്. ഉടൻ അങ്കമാലിയിലേക്കു വനിതാ സിപിഒയും മറ്റൊരു സിപിഒയും പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അപ്പോഴും വനിതാ സിപിഒ ആയി ആരു പോകുമെന്ന ആശങ്ക ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായി. മറ്റു രണ്ടു വനിതാ സിപിഒമാർക്കും പാറാവ് ജോലിയായിരുന്നു. എന്നാൽ അങ്കമാലിക്ക് താൻ പൊയ്‌ക്കൊള്ളാമെന്നു ശ്രീകല പറയുകയായിരുന്നു. പകൽ ഡ്യൂട്ടി കഴിഞ്ഞ ശ്രീകലയ്ക്കു വേണമെങ്കിൽ പറ്റില്ലെന്നു പറഞ്ഞ് ഒഴിവാകാമായിരുന്നു. എന്നാൽ മടി കൂടാതെ ശ്രീകല പോകുകയായിരുന്നു. വീട്ടിൽ പോയി ഭർത്താവിനെയും മകളെയും കണ്ട് എട്ടരയോടെ തിരികെ സ്റ്റേഷനിൽ എത്തി.സിപിഒ നിസാർ, ശ്രീകല, ഡ്രൈവർ നൗഫൽ എന്നിവർ എട്ടരയോടെ അങ്കമാലിയിലേക്കു പുറപ്പെട്ടു. അസീനയെയും കൂട്ടി വരുമ്പോഴാണ് പുലർച്ചെ ഉണ്ടായ അപകടത്തിൽ ശ്രീകലയടക്കം മൂന്നു പേരുടെ ജീവൻ പൊലിഞ്ഞത്. പൊതു ദർശനത്തിനുശേഷം വീട്ടിലെത്തിച്ച ശ്രീകലയുടെ ചേതനയറ്റ ശരീരം കണ്ട് ഭർത്താവ് സുനിൽകുമാറും മക്കളും വാവിട്ടു കരഞ്ഞു. ഇവരുടെ ദുഃഖം അടക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പ്രയാസപ്പെട്ടു.ജോലിയോടുള്ള ആത്മാർത്ഥത നഷ്ടപ്പെടുത്തിയത് സ്വന്തം ജീവൻ.