
പൗരത്വ ഭേദഗതി ബിൽ : യുവജന പ്രതിക്ഷേധത്തെ തുടർന്ന് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളെ കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ് വിട്ടയച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്താകമാനം ഉയർന്ന കടുത്ത യുവജന പ്രതിഷേധത്തെ തുടർന്ന് ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികളെ കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു. ഇതോടെ ഡൽഹി പൊലീസ് ആസ്ഥാനത്തെ വിദ്യാർഥികളുടെ മണിക്കൂറുകൾനീണ്ട ഉപരോധ സമരത്തിനും അവസാനമായി.
തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയെല്ലാം വിട്ടയച്ചതായി ഡൽഹി പൊലീസ് പി.ആർ.ഒ. എം.എസ്.രൺധവ അറിയിച്ചു.ഡൽഹി ജാമിയ മിലിയ, ജവഹർലാൽ നെഹ്രു സർവകലാശാലകളിലെ വിദ്യാർഥികളാണ് പൊലീസ് ആസ്ഥാനത്തെ ഉപരോധ സമരത്തിൽ അണിനിരന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അക്രമം നടത്തിയ പുറത്തുനിന്നുള്ളവർ ജാമിയ മിലിയ സർവകലാശാല ക്യാമ്പസിൽ ഉണ്ടെന്നും അവരെ പിടികൂടാനാണ് നടപടിയെന്നുമാണ് പൊലീസ് പറഞ്ഞത്. അതേസമയം ക്യാമ്പസിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് വിദ്യാർഥികൾ പറഞ്ഞു.
ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വാർത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. അലിഗഢ് മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളിൽ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയുന്നു. ഡൽഹിയിലെപൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കേരളത്തിലും രാത്രി വൈകിയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
.പൊലീസ് അനുവാദമില്ലാതെ ക്യാമ്പസിൽ കടന്ന് അക്രമം നടത്തുകയായിരുന്നെന്ന് ജാമിയ മിലിയ ഇസ്ലാമിയ ചീഫ് പ്രോക്ടർ വസീം അഹമ്മദ് ഖാൻ പറഞ്ഞു. വിദ്യാർഥികളെയും ജീവനക്കാരെയും മർദിച്ച പൊലീസ് അവരെ ക്യാമ്പസിന് പുറത്താക്കാൻ ശ്രമിച്ചെന്നും വസിം പറഞ്ഞു.
മഥുര റോഡ്, കാളിന്ദികുഞ്ച് റോഡ്, ന്യൂ ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. ഒക്ല അണ്ടർപാസ് മുതൽ സരിത വിഹാർ വരെയുള്ള പാതയിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. പ്രതിഷേധം അട്ടിമറിക്കാൻ ചിലർ കരുതിക്കൂട്ടി അക്രമം നടത്തിയതെന്ന് വിദ്യാർത്ഥികൾ പ്രസ്താവനയിൽ പറഞ്ഞു.