ഹർത്താൽ ദിവസം സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതസംഘം അടിച്ചു തകർത്തു ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചൊവ്വാഴ്ച നടന്ന ഹർത്താലിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാത സംഘം അടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ശനിയാഴ്ച പുലർച്ചെയാണ് അജ്ഞാതസംഘം അതിക്രമം നടത്തിയത്. എന്നാൽ ബസ് സർവീസ് നടത്തിയാൽ അടിച്ചുതകർക്കുമെന്ന് ഡിസംബർ എട്ടിന് ഹർത്താലനുകൂലികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എസ്ഡിപിഐ പ്രവർത്തകരാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വിവിധ സംഘടനകൾ നടത്തിയ ഹർത്താലിൽ സംസ്ഥാനത്ത് ഉടനീളം അക്രമം റിപ്പോർട്ട് ചെയ്തിരുന്നു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചതിനാൽ നിരവധി സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തിയിരുന്നു. പല സ്ഥലങ്ങളിലും വാഹനങ്ങൾക്ക് നേരെ കല്ലേറും ഉണ്ടായിരുന്നു. കല്ലേറിൽ 20 കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെൽഫെയർപാർട്ടി, എസ്ഡിപിഐ, പോരാട്ടം തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്തെ പൊതുവെ ഭാഗികമായിരുന്നെങ്കിലും അക്രമങ്ങൾക്ക് കുറവുണ്ടായില്ല. വടക്കൻ കേരളത്തിലായിരുന്നു അക്രമങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group