
സർക്കിൾ ഇൻസ്പെക്ടറെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി ;മേലുദ്യോഗസ്ഥൻ വയർലെൻസ് സെറ്റിലൂടെ അസഭ്യം പറഞ്ഞതിനെ തുടർന്നെന്ന് സൂചന
സ്വന്തം ലേഖകൻ
എറണാകുളം : സെൻട്രൽ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ നവാസിനെ കാണാതായതായി ഭാര്യ തേവര സ്റ്റേഷനിൽ പരാതി നൽകി. വ്യാഴാഴ്ച പുലർച്ചെ 5.30നു ശേഷമാണു നവാസിനെ കാണാതായത്. മേലുദ്യോഗസ്ഥനുമായി ബുധനാഴ്ച വൈകിട്ട് തർക്കമുണ്ടായതിനെ തുടർന്ന് വയർലെൻസ് സെറ്റിലൂടെ മേലുദ്യോഗസ്ഥൻ
നവാസിനെ അസഭ്യം പറഞ്ഞത് കൊച്ചി സിറ്റിയിലെ മുഴുവൻ സ്റ്റേഷനുകളിലും കേട്ടതിനെ തുടർന്നുണ്ടായ അപമാനമാണ് കാണാതായതിന് കാരണമെന്നാണ് തേർഡ് ഐ ന്യൂസിന് ലഭിച്ച സൂചന. ഔദ്യോഗിക സിംകാർഡും വയർലസ് സെറ്റും സെൻട്രൽ സ്റ്റേഷനിൽ ബുധനാഴ്ച രാത്രി തന്നെ അദ്ദേഹം തിരിച്ചേൽപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ നാലിന് തേവരയിലെ ക്വാർട്ടേഴ്‌സിൽ പൊലീസ് ജീപ്പിലാണ് എത്തിയത.അഞ്ചരയ്ക്കു ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി. ചേർത്തല കുത്തിയതോട് സ്വദേശിയായനവാസ് കുടുംബത്തോടൊപ്പമാണു താമസം. തേവര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതായി ഐ ജി വിജയ് സാഖറേ പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് മാരാരിക്കുളം സര്‍ക്കിളില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ നവാസിനെ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.
വ്യാഴാഴ്ച മട്ടാഞ്ചേരി സിഐ ആയി ചുമതലയേല്‍ക്കേണ്ടയായിരുന്നെങ്കിലും നവാസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീട്ടുകാര്‍ക്കും നവാസ് എവിടെ പോയി എന്നതു സംബന്ധിച്ച് ഒരുവിവരവുമില്ല.
ഇതെതുടര്‍ന്ന് ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം സബ് ഡിവിഷനുകളുമായി ബന്ധപ്പെട്ട് രാത്രികാല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി (സബ് ഡിവിഷന്‍ ചെക്കിങ്) ബുധനാഴ്ച രാത്രി 11 കഴിഞ്ഞ് മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു.
വയര്‍ലസിലൂടെ മേലുദ്യോഗസ്ഥന്‍ നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ ശകാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
എറണാകുളം റേഞ്ചിലെ മുഴുവന്‍ സ്‌റ്റേഷനുകളിലും പട്രോള്‍ ഡ്യൂട്ടിയിലും ഉണ്ടായിരുന്ന പോലീസുകാര്‍ മുഴുവന്‍ വയര്‍ലെസ് സെറ്റിലൂടെ ഇരുവരുടേയും വാഗ്വാദങ്ങള്‍ കേട്ടിരുന്നു. വാക്കുതര്‍ക്കം പരിധി വിട്ടതോടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇടപെടലുണ്ടായെങ്കിലും എല്ലാവരും കേള്‍ക്കട്ടെ എന്നു പറഞ്ഞ് മേലുദ്യോഗസ്ഥന്‍ ശകാരം തുടര്‍ന്നുവെന്നാണ് ഇതു കേള്‍ക്കാനിടയായ പോലീസുകാര്‍ പറയുന്നത്. ഇതെതുടര്‍ന്ന് നവാസ് ഏറെ സംഘര്‍ഷത്തിലായെന്നും പറയപ്പെടുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കിയ നവാസിനെക്കുറിച്ച് വീട്ടുകാര്‍ക്കും വിവരമൊന്നുമില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ നവാസിനെ കാണാനില്ലെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്.
അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു നവാസ്. അതുകൊണ്ടുതന്നെ നവാസിന് സ്വന്തംതട്ടകത്തില്‍ തന്നെ നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു. കേരളത്തിലെ പോലീസ് വകുപ്പിലേക്ക് ലഭിക്കുന്ന റവന്യൂവരുമാനത്തില്‍ 60 ശതമാനവും സംഭാവന ചെയ്യുന്ന സര്‍ക്കിളാണ് എറണാകുളം സെന്‍ട്രല്‍ എന്നാണ് പോലീസുകാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.