2024 മലയാള സിനിമയ്ക്ക് നല്ല കാലം: നിരവധി ചിത്രങ്ങൾ പണം വാരി: കലാമൂല്യമുള്ള ചിത്രങ്ങളും ഇറങ്ങി:ബോക്സ് ഓഫീസില്‍ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത നിരവധി സിനിമകള്‍ മലയാളത്തില്‍ ഇക്കൊല്ലവും പിറന്നു.
കൊച്ചി: 2024 മലയാള സിനിമയെ സംബന്ധിച്ച് നല്ല കാലമായിരുന്നു. ആദ്യ മാസങ്ങളില്‍ തന്നെ ബോക്സ്‌ഓഫീസില്‍ ചലനം സൃഷ്ടിച്ചത് നിരവധി സിനിമകളാണ്.
കലാമൂല്യമുള്ള ആട്ടം ആയിരുന്നു ആദ്യം റിലീസ് ആയത്. പിന്നാലെ, മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം എന്നീ സിനിമകളും സാമ്പത്തികമായി വിജയമുണ്ടാക്കി. ഉള്ളൊഴുക്ക്, ഹേർ, ഓള്‍ വി ഇമാജിൻ ആസ് ലൈറ്റ്, കിഷ്കിന്ദാ കാണ്ഡം, ആടുജീവിതം, തലവൻ തുടങ്ങി കാമ്പുള്ള സിനിമകളും ഈ വർഷം മലയാളത്തില്‍ നിന്നും റിലീസ് ആയി. നിരവധി ചിത്രങ്ങള്‍ക്ക് കേരളത്തിന് പുറത്തും വൻ സ്വീകാര്യത ലഭിച്ചു.
എന്നാല്‍, മോശമായ സിനിമകള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും 2024 ലെ മലയാള സിനിമ മോശമായിരുന്നില്ല. ബോക്സ് ഓഫീസില്‍ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത നിരവധി സിനിമകള്‍ മലയാളത്തില്‍ ഇക്കൊല്ലവും പിറന്നു. ദുർബലമായ കഥപറച്ചില്‍, പ്രചോദനാത്മകമല്ലാത്ത സംവിധാനം, മോശം പ്രകടനങ്ങള്‍ എന്നിവ ഒക്കെയാവാം കാരണം. പുത്തൻ ആശയങ്ങളുടെ അഭാവം ആത്യന്തികമായി ഈ സിനിമകള്‍ വാണിജ്യപരമായി പരാജയപ്പെടാൻ കാരണമായി. സൂപ്പർതാര പരിവേഷം ഉണ്ടായിട്ടും പരാജയപ്പെട്ട ചിത്രങ്ങള്‍ ഈ ലിസ്റ്റിലുണ്ട്.
വ്യത്യസ്തമായ രീതിയില്‍ കഥ പറഞ്ഞ സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മാളിക്കോട്ട വാലിബൻ. മോഹൻലാലിന്റേതായി ഈ വർഷം റിലീസ് ആയ ചിത്രങ്ങളില്‍ വാലിബന് വമ്പൻ ഹൈപ്പ് ആണ് പാരയായത്. ഹൈപ്പിനൊത്ത് ഉയരാൻ ഈ മോഹൻലാല്‍ ചിത്രത്തിന് കഴിഞ്ഞില്ല. അസാധ്യ മേക്കിംഗ് ആയിരുന്നു ചിത്രത്തിന്റേത്. എന്നാല്‍, ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു.
തിയേറ്ററില്‍ പരാജയപ്പെട്ട സിനിമകളിലൊന്നാണ് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത തങ്കമണി. നടൻ ദിലീപാണ് ചിത്രത്തിലെ നായകൻ. തെലുങ്ക് നടി പ്രണിത സുഭാഷും പൂമരം ഫെയിം നീത പിള്ളയുമായിരുന്നു നായികാ വേഷത്തില്‍ എത്തിയത്. എണ്‍പതുകളുടെ മധ്യത്തില്‍ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തില്‍ പോലീസ് നരനായാട്ടില്‍ ചോരപ്പുഴയൊഴുകിയ ഒരു സംഭവത്തെ കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്. ദിലീപിന്റെ തിരിച്ചുവരവ് ഇതിലൂടെ ആകുമെന്ന് കരുതിയവർക്ക് തെറ്റി. സിനിമ ബോക്സ്‌ഓഫീസില്‍ ചലനം സൃഷ്ടിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിലീപിന്റെ തന്നെ പവി കെയർ ടേക്കർ ആണ് ഈ ലിസ്റ്റില്‍ അടുത്തത്. വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം കാലം തെറ്റി ഇറങ്ങിയ സിനിമയാണിതെന്ന് പറയാം. വർഷങ്ങള്‍ക്ക് മുൻപിറങ്ങിയ ദിലീപ് സിനിമകളിലെ സ്ഥിര ഫോമാറ്റിലുള്ള ചളികള്‍ തന്നെയാണ് ഈ സിനിമയ്ക്ക് വിനയായത്. കാലം മാറിയതറിയാതെയുള്ള കോമഡിയും ഹാസ്യരംഗങ്ങളും അതിനുവേണ്ടി മനഃപൂർവ്വം ഉണ്ടാക്കിയ സീനുകളും സിനിമയിലുടനീളം മുഴച്ചുനിന്നു.
സംവിധായകൻ ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയും ഈ വർഷത്തെ മോശം ചിത്രങ്ങളുടെ ലിസ്റ്റില്‍ പെടും. നിവിൻ പോളിയായിരുന്നു നായകൻ. അനശ്വര രാജൻ നായിക. ധ്യാൻ ശ്രീനിവാസൻ സഹനടനായും ഇറങ്ങിയ ചിത്രം കോമഡി ഡ്രാമ ആയിരുന്നു. അധികം ഹൈപ്പ് ഒന്നും ഇല്ലായിരുന്നുവെങ്കിലും, നിവിന്റെ തിരിച്ച് വരവ് എന്നൊക്കെ ആരാധകർ വാഴ്ത്തിയ ഈ ചിത്രത്തെ ആദ്യ വാരം തന്നെ ആരാധകർ കൈവിട്ടിരുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നും തന്നെ സിനിമയില്‍ ഇല്ലെന്ന വിമർശനവും ഉയർന്നു.
വിനായകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് തെക്ക് വടക്ക്. എസ് ഹരീഷിൻ്റെ രാത്രി കാവല്‍ എന്ന കഥയില്‍ നിന്നുമാണ് തിരക്കഥ ഒരുങ്ങിയത്. മാധവനായി ആദ്യ പകുതിയില്‍ വിനായകനും ശങ്കുണ്ണിയായി രണ്ടാം പകുതിയില്‍ സുരാജ് വെഞ്ഞാറമ്മൂടും സ്വത്തിനും കഥാപാത്രങ്ങളുടെ പൂർണതയ്ക്കും വേണ്ടിയുള്ള അഭിനയ മത്സരമാണ് തെക്ക് വടക്ക്. തിയേറ്റർ വിട്ടിറങ്ങുമ്പോള്‍ ഒരു എന്റർടെയ്‌നർ കണ്ടുവെന്ന സംതൃപ്തിയില്‍ കുടുംബ പ്രേക്ഷകർക്ക് രസകരമായി കണ്ടിരിക്കാനാവുന്ന ഈ ചിത്രം പക്ഷെ തിയേറ്ററില്‍ വിജയം കണ്ടില്ല.
ജയ് കെ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും സൂരജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമായ Grrr, ടോവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയർ ഒരുക്കിയ നടികർ എല്ലാം ഈ ലിസ്റ്റില്‍ പെടും. തിയേറ്ററില്‍ ചലനം സൃഷ്ടിക്കാൻ ഈ സിനിമകള്‍ക്ക് കഴിഞ്ഞില്ല