play-sharp-fill
ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ ഏത് നാട്ടിലാണെന്ന് ചോദിച്ചാൽ മറുപടി കേരളമെന്നായിരിക്കും: സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്നു ചോദിച്ചാൽ മലയാളിപ്പെണ്ണിൻ്റെ മുടിയഴക് തന്നെ: പിന്നെ…..

ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ ഏത് നാട്ടിലാണെന്ന് ചോദിച്ചാൽ മറുപടി കേരളമെന്നായിരിക്കും: സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്നു ചോദിച്ചാൽ മലയാളിപ്പെണ്ണിൻ്റെ മുടിയഴക് തന്നെ: പിന്നെ…..

കോട്ടയം: ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ
ഏത് നാട്ടിലാണെന്ന് ചോദിച്ചാൽ മറുപടി കേരളമെന്നായിരിക്കും .
മറ്റു രാജ്യങ്ങളിലേയും സംസ്ഥാനങ്ങളിലേയും സ്ത്രീകളുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ
മലയാളി മങ്കമാരുടെ ശാലീനസൗന്ദര്യത്തിന്റെ സാരസ്വതരഹസ്യം എന്താണ് …..?
യാതൊരു സംശയവും വേണ്ട , മലയാളിപ്പെണ്ണിൻ്റെ
മുടിയഴക് തന്നെ…

“എള്ളെണ്ണ മണംവീശും
എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ..”


എന്ന ഭാസ്കരൻ മാസ്റ്ററുടെ വരികളുടെ സൗരഭ്യത്തിൽ നിന്നു തന്നെ മലയാളിപ്പെണ്ണിൻ്റെ മുടിയഴകിൻ്റെ പ്രസക്തി വ്യക്തമാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവപ്പാതിയും തുലാവർഷവും തിമിർത്തു പെയ്യുന്ന കേരളക്കരയിൽ
കുളിക്കാൻ
പനിനീർ ചോലകളും
കൂന്തൽ മിനുക്കാൻ ഞാറ്റുവേലകളും തന്ന് മലയാളനാടിനേയും മലയാളിപ്പെണ്ണിനേയും സുന്ദരികളാക്കിയ ലാവണ്യ സങ്കല്പങ്ങളെ മനസ്സിൽ സൂക്ഷിക്കുന്നവരാണല്ലോ
നമ്മൾ…

ഇവർക്ക് ശേഷം മലയാള ചലച്ചിത്രഗാനശാഖയുടെ ഭൂമികയിലേക്ക് കടന്നുവന്ന
എം ഡി രാജേന്ദ്രൻ എന്ന കവി ഒരു തലമുറയുടെ പ്രണയ ഭാവനകളെ ലഹരി പിടിപ്പിച്ചു കൊണ്ടായിരുന്നു മലയാളി പെണ്ണിൻ്റെ മുടിയഴകിനെ താലോലിച്ചത്….

” നിൻ തുമ്പുകെട്ടിയിട്ട
ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമെ നീ വന്നു…”

1978- ൽ പുറത്തുവന്ന
“ശാലിനി എൻ്റെ കൂട്ടുകാരി ”
എന്ന ചിത്രത്തിലെ ഈ ഗാനം അക്കാലത്ത് കലാലയങ്ങളിലെ പ്രണയലേഖനങ്ങൾക്ക് പകർന്ന ചൂടും ചൂരും കലർന്ന അഭിനിവേശങ്ങൾ എൻ്റെ പ്രിയ വായനക്കാരിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും.

കാലത്തെഴുന്നേറ്റ് എണ്ണ തേച്ച് കുളിക്കുകയും തുമ്പു കെട്ടിയിട്ട ചുരുൾ മുടിയുടെ അറ്റത്ത് ഒരു തുളസിത്തളിരില ചൂടുകയും ചെയ്യുന്ന മലയാളി സ്ത്രീയുടെ സൗന്ദര്യ സങ്കല്പങ്ങൾക്ക് ഒരു ശാലീനഭാവം പകർന്നു നൽകാൻ ഈ ഗാനത്തിന് കഴിഞ്ഞു എന്നുള്ളതാണ് ചരിത്രസത്യം .

പ്രശസ്ത കവി പൊൻകുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1952 -ൽ തൃശ്ശൂരിലെ ചേർപ്പിലായിരുന്നു
എം ഡി രാജേന്ദ്രൻ്റെ ജനനം . ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തെ പ്രശസ്ത സാഹിത്യകാരനായ കാക്കനാടനാണ് അദ്ദേഹം കഥയെഴുതിയ “മോചനം ” എന്ന ചിത്രത്തിനുവേണ്ടി പാട്ടുകൾ എഴുതാൻ ക്ഷണിക്കുന്നത് .

ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതിനാൽ സിനിമയിലെ ഗാനങ്ങളും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.

എന്നാൽ അതേ വർഷം മോഹൻ്റെ സംവിധാനത്തിൽ പുറത്തുവന്ന
“ശാലിനി എൻ്റെ കൂട്ടുകാരി ”
യിലെ ഗാനങ്ങൾ കേരളക്കര അക്ഷരാർത്ഥത്തിൽ തന്നെ നെഞ്ചിലേറ്റുകയാണുണ്ടായത് .

ഈ ചലച്ചിത്രത്തിലെ

“ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ …”

എന്ന കവിത തുളുമ്പുന്ന ഗാനത്തിന്റെ വരികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവർ ധാരാളം.

വയലാറിനും പി ഭാസ്കരനും ശേഷം ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജൻ മാസ്റ്റർ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന കവിയാണ്
എം ഡി ആർ .

കവിത തുളുമ്പുന്ന ഏതാനും ഗാനങ്ങളിലൂടെ മലയാളക്കരയെ കോരിത്തരിപ്പിച്ച എം ഡി രാജേന്ദ്രൻ എന്ന യുവകവിയെ “സ്വത്ത് ” എന്ന
ചിത്രത്തിന് വേണ്ടി “മായാമാളവഗൗളരാഗം ” എന്ന
രാഗമാലിക എഴുതുവാൻ
നിർമ്മാതാവിനോട് ശുപാർശ ചെയ്തതും ദേവരാജൻ മാസ്റ്റർ ആയിരുന്നു .

ഗാനരചനാരംഗത്തെ കുലപതിമാർ പലരും മദ്രാസിൽ തന്നെ ഉണ്ടായിരിക്കേയാണ് ആകാശവാണി തൃശ്ശൂർ നിലയത്തിൽ ജോലി ചെയ്തിരുന്ന
എം ഡി ആറിനെ ദേവരാജൻ മാസ്റ്റർ ഈ പാട്ടെഴുതാൻ മദ്രാസിലേക്ക് വിളിച്ചുവരുത്തുന്നത് .

ഭാരതീയ സംഗീതത്തെ രാഗിലമാക്കിയ
ഓരോ രാഗത്തിന്റെയും ഭാവഗരിമ ചോർന്നു പോകാതെ എം ഡി രാജേന്ദ്രൻ എഴുതിയ
മലയാളത്തിലെ ഏറ്റവും ദീർഘമേറിയ ഈ രാഗമാലികയിൽ മായാമാളവ ഗൗള രാഗം ,വീണാധരി ,
സൂര്യകോംശ്, മേഘരാഗം ,
ജലധരകേദാരം , ലതാംഗി,
മല്ലികാവസന്തം , കേദാരം , രേവതി, നീലാംബരി, ജ്യോതിസ്വരൂപിണി ,
ഉദയരവിചന്ദ്രിക , താണ്ഡവപ്രിയ ,
വിഭാവരി തുടങ്ങി ഹിന്ദുസ്ഥാനി , കർണ്ണാടക സംഗീതത്തിലെ
14 രാഗങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട് .

ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് ഈ രാഗമാലിക മനോഹരമായി ആലപിച്ചു.
അക്കാലത്ത് എസ് കെ നായരുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന “മലയാളനാട് ” വാരികയിൽ പ്രശസ്ത പത്രപ്രവർത്തകനായ കണിയാപുരം രാമചന്ദ്രൻ
ഈ ഗാനത്തെക്കുറിച്ച്
ഒരു വലിയ ലേഖനം തന്നെ എഴുതുകയുണ്ടായി .

മതജാതിഭേദങ്ങൾ പൂർവ്വാധികം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്
മാനവസ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റെയും കൊടിയടയാളമായി മാറിയ ഒരു ഗാനം എഴുതുവാനും അതിന് സംഗീതം നൽകുവാനും കഴിഞ്ഞത് തന്റെ ജീവിതത്തിൻ്റെ നിയോഗമായിട്ടാണ് ഈ കവി വിലയിരുത്തുന്നത്.

“കുറി വരച്ചാലും
കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാമയനാം ദൈവം ഒന്ന്…”

എന്ന് വർഷങ്ങൾക്ക് മുമ്പെഴുതിയ ഈ ഗാനത്തിന്
ഓരോ ദിവസവും ആസ്വാദകർ കൂടിക്കൂടി വരുന്നതിൻ്റെ രഹസ്യം നമ്മൾ നടന്നു തീർക്കേണ്ട ആസുരകാലത്തിൻ്റെ വിഹ്വലതകൾ ആണെന്ന് തോന്നുന്നു .

ഓസ്കാർ അവാർഡ് ജേതാവായ കീരവാണി മലയാളത്തിൽ സംഗീതം പകർന്ന ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങൾ എഴുതുവാൻ ഭാഗ്യമുണ്ടായതും
എം ഡി ആറിനാണ് .
ഭരതന്റെ
“ദേവരാഗ” ത്തിനുവേണ്ടി
ഈ അപൂർവ പ്രതിഭകൾ ഒത്തുചേർന്നപ്പോഴായിരുന്നു

“ശിശിരകാല മേഘമിഥുന രതിപരാഗമൊ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ
സ്പന്ദനങ്ങളിൽ രാസചാരുത
മൂടൽ മഞ്ഞല നീർത്തി ശയ്യകൾ
ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ ..”

എന്ന അപൂർവ്വ സുന്ദര ഗാനം നമ്മുടെ ഹൃദയ സരസ്സുകളിൽ
രതിപരാഗങ്ങൾ തീർത്തത് .

ഇവർ നെയ്തെടുത്ത മറ്റൊരു ഗാനം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര വേദിയിൽ തരംഗം തീർത്തിരിക്കുകയാണ്.
ഈ വർഷം തിയേറ്ററുകളെ ഇളക്കിമറിച്ച് ബോക്സ് ഓഫീസിൽ വമ്പൻ വിജയം കരസ്ഥമാക്കിയ “പ്രേമുലു ”
എന്ന ചിത്രത്തിലാണ്
എം ഡി ആർ – കീരവാണിയുടെ
” യ യ യാദവാ എനിക്കറിയാം…” എന്ന എക്കാലത്തേയും സൂപ്പർ ഹിറ്റ് ഗാനം റീമിക്സ് ചെയ്തിരിക്കുന്നത്.
ഇപ്പോൾ കേരളവും കടന്ന് ഇന്ത്യ മുഴുവൻ ഈ ഗാനം കാളിദാസന്റെ മേഘസന്ദേശം പോലെ ഒഴുകി പരക്കുകയാണ്.

“അല്ലിയിളം പൂവോ
ഇല്ലിമുളം തേനോ ….. ”
( ചിത്രം മംഗളം നേരുന്നു – സംഗീതം ഇളയരാജ -ആലാപനം കൃഷ്ണചന്ദ്രൻ )

“നീലാഞ്ജനം നിൻ
മിഴിയിതളിൽ.. ”
( ചിത്രം അനുഭൂതി-സംഗീതം ശ്യാം – ആലാപനം സുജാത മോഹൻ )

” പൗർണ്ണമിപ്പൂന്തിങ്കളേ …..”
(ചിത്രം മനസ്സിൽ ഒരു മഞ്ഞുതുള്ളി -സംഗീതം ബോംബെ രവി –
ആലാപനം പി ജയചന്ദ്രൻ)

“ശശികല ചാർത്തിയ ദീപാവലയം …”
( ചിത്രം ദേവരാഗം -സംഗീതം കീരവാണി – ആലാപനം
കെ എസ് ചിത്ര)

“പൊട്ടിച്ചിരിക്കുന്ന
നിമിഷങ്ങളേ…..”
( ചിത്രം കഥയറിയാതെ -സംഗീതം ദേവരാജൻ – ആലാപനം ലതാ രാജു)

“കണ്ണീർപ്പൂവും കാക്കപ്പൂവും…”
( ചിത്രം നീലാഞ്ജനം – സംഗീതം എം ഡി രാജേന്ദ്രൻ –
ആലാപനം ആശാലത )

“ഋതുഭേദ കൽപ്പന
ചാരുത നൽകിയ .. ”
( മംഗളം നേരുന്നു -സംഗീതം ഇളയരാജ – ആലാപനം യേശുദാസ് -കല്യാണി മേനോൻ)

“നഗ്ന സൗഗന്ധികപ്പൂ
വിരിഞ്ഞു …”
( ചിത്രം മോചനം – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

” ആലോലമാടി താലോലമാടി … ”
(ചിത്രം ഒരു സ്വകാര്യം -സംഗീതം എം ബി ശ്രീനിവാസൻ – ആലാപനം എസ് ജാനകി )

“സംഗമം ഈ പൂങ്കാവനം…” സംഗീതം ജെറി അമൽദേവ് – ആലാപനം കൃഷ്ണചന്ദ്രൻ, വാണിജയറാം )

“സ്മൃതികൾ ഒരു മൗനരാഗ വേലിയേറ്റമായി…..”
( ചിത്രം സാക്ഷ്യം -സംഗീതം ജോൺസൺ -ആലാപനം യേശുദാസ് )

എന്നീ ഗാനങ്ങളെല്ലാം
എം ഡി ആറിന്റെ തൂലികയിൽ നിന്നുതിർന്നുവീണ് കാലത്തിന് മായ്ക്കാൻ കഴിയാതെ സംഗീത പ്രേമികളുടെ ചുണ്ടുകളിൽ ഇന്നും തത്തിക്കളിക്കുന്നു .

 

1952 ജൂലൈ 5-ന് പ്രശസ്ത കവി പൊൻകുന്നം ദാമോദരന്റെ മകനായി ജനിച്ച എം ഡി രാജേന്ദ്രന്റെ ജന്മദിനമാണിന്ന്.
ഇതേ ദിവസമായിരുന്നത്രേ ,
ആ കവിയുടെ ഒട്ടേറെ പ്രശസ്തമായ
“പച്ചപ്പനന്തത്തേ
പുന്നാരപ്പൂമുത്തേ … “എന്ന ഗാനവും പിറവികൊള്ളുന്നത് .
പച്ചപ്പനന്തത്ത പോലെ മലയാള സാഹിത്യാരാമത്തിൽ പറന്നുവന്ന് പുന്നാരപ്പൂമുത്തുകളായ ഒട്ടേറെ ഗാന കുസുമങ്ങൾ കൈരളിക്ക് കാഴ്ചവെച്ച പ്രിയസുഹൃത്തിന് ജന്മദിനാശംസകൾ നേരട്ടെ.