video
play-sharp-fill

എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ നീ മറക്കും…..” എന്ന എക്കാലത്തേയും ദുഃഖ സാന്ദ്രമായ ഒരൊറ്റ ഗാനം കൊണ്ട് മാത്രം ഈ ഗായകൻ ചലച്ചിത്ര സംഗീത ലോകത്ത് എക്കാലവും ഓർമിക്കപ്പെടുന്നു: ഈ അനുഗ്രഹീത ഗായകൻ ആരെന്നറിയാമേ?

എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ നീ മറക്കും…..” എന്ന എക്കാലത്തേയും ദുഃഖ സാന്ദ്രമായ ഒരൊറ്റ ഗാനം കൊണ്ട് മാത്രം ഈ ഗായകൻ ചലച്ചിത്ര സംഗീത ലോകത്ത് എക്കാലവും ഓർമിക്കപ്പെടുന്നു: ഈ അനുഗ്രഹീത ഗായകൻ ആരെന്നറിയാമേ?

Spread the love

 

കോട്ടയം: ഹിന്ദുസ്ഥാനി സംഗീതാസ്വാദകരുടെ കേദാരമായിരുന്നു മലബാറിലെ പ്രശസ്തമായ
കോഴിക്കോട് നഗരം .
ഉത്തരേന്ത്യയിൽ നിന്നും കച്ചവടത്തിനായി ഈ നഗരത്തിലേക്ക് ചേക്കേറിയവരുടെ മനസ്സിൽ നിറയെ കലയും സംഗീതവും ഉണ്ടായിരുന്നു.

കോഴിക്കോട്ടെ പ്രശസ്തമായ മിഠായിതെരുവും പരിസരങ്ങളും കല്യാണവീടുകളുമെല്ലാം ഗസലുകളും ഖവ്വാലിയുമൊക്കെ താളമിടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിത്തിന്റെ അലയൊലികൾ കൊണ്ട് രാഗ മുഖരിതമായിരുന്നു ആ കാലം .

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ബാബുരാജിന്റെ തട്ടകവും
ഈ മഹാനഗരം തന്നെയായിരുന്നുവല്ലോ ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈഗാളിന്റേയും പങ്കജ് മല്ലികിന്റേയും റാഫിയുടേയും മധുര ഗാനങ്ങൾ രാവേറെ ചെല്ലുന്നതുവരെ മ്യൂസിക് ക്ലബ്ബുകളിൽ നിന്ന് ഉയർന്നു കേൾക്കാമായിരുന്നു അന്നത്തെ കോഴിക്കോട് നഗരത്തിൽ .

സൈഗാളിന്റെ പ്രശസ്തമായ “സോജാ രാജകുമാരി സോജാ …..”എന്ന പ്രശസ്ത ഗാനം വളരെ ശ്രുതിമധുരമായി ആലിക്കുന്ന ഒരു ചെറുപ്പക്കാരൻ ആ കാലത്ത് കോഴിക്കോട് നഗരത്തിലുണ്ടായിരുന്നു .
ആരാധകർ അദ്ദേഹത്തെ “കേരള സൈഗാൾ ” എന്നാണ് വിളിച്ചിരുന്നത്.

നാടകങ്ങളിലും കല്യാണവീടുകളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ യോഗങ്ങളിലുമെല്ലാം പാടി മലബാറിന്റെ പ്രിയപ്പെട്ട സംഗീതജ്ഞനായ ഇദ്ദേഹമാണ് കോഴിക്കോട് അബ്ദുൾ ഖാദർ എന്ന പ്രശസ്ത ഗായകൻ.

എം എസ് ബാബുരാജിനെ സിനിമാലോകത്ത് പരിചയപ്പെടുത്തി കൊടുക്കുന്നതും കോഴിക്കോട് അബ്ദുൽഖാദർ ആയിരുന്നു.
ഈ ഗായകനെ ഒരുപക്ഷേ ഇന്നത്തെ പുതുതലമുറയ്ക്ക് അറിയില്ലായിരിക്കാം . വിരലിലെണ്ണാവുന്ന ചലച്ചിത്രഗാനങ്ങളിലേ അദ്ദേഹം പാടിയിട്ടുള്ളൂ .

എങ്കിലും മലയാള സിനിമയുടെ സംഗീത ലോകത്ത് അടയാളപ്പെടുത്തിയ “നീലക്കുയിലി ” ലെ

“എങ്ങനെ നീ മറക്കും
കുയിലേ എങ്ങനെ
നീ മറക്കും…..”

എന്ന എക്കാലത്തേയും ദുഃഖ സാന്ദ്രമായ ഒരൊറ്റ ഗാനം കൊണ്ട് മാത്രം ഈ ഗായകൻ ചലച്ചിത്ര സംഗീത ലോകത്ത് എക്കാലവും ഓർമിക്കപ്പെടുന്നു .

സംഭവ ബഹുലമായ ഒരു ജീവിത കഥയുണ്ട് കോഴിക്കോട് അബ്ദുൽ ഖാദറിന് .

മിഠായിത്തെരുവിലെ വാച്ച് വിൽപ്പനയും റിപ്പയറിങ്ങും നടത്തിയിരുന്ന സാമാന്യം തരക്കേടില്ലാത്ത ഒരു ക്രിസ്തീയ കുടുംബത്തിലെ അംഗമായിരുന്നു സംവിധായകനായ
എ വിൻസെൻ്റിൻ്റെ ബന്ധു കൂടിയായ ലെസ്ലി എന്ന ചെറുപ്പക്കാരൻ .
ക്രിക്കറ്റ് കളിയും കോഴിക്കോട്ടെ മ്യൂസിക് ക്ലബ്ബുകളിലെ ഗാനാലാപന പരിപാടികളും നാടകാഭിനയവുമൊക്കെയായി പഠിത്തത്തിൽ ഉഴപ്പാൻ തുടങ്ങിയതോടെ പിതാവായ ആൻഡ്രൂസ് പയ്യനെ ബർമ്മയിൽ സ്ഥിരതാമസമാക്കിയ സഹോദരിയുടെ അടുത്തേക്ക് പറഞ്ഞയക്കുന്നു. ബർമ്മയിലെ ചില മുസ്ലിം സംഘടനകളുമായി ചങ്ങാത്തത്തിലായ ലെസ്ലി ഇസ്ലാം മതത്തിലേക്ക് ആകർഷിക്കപ്പെടുകയും മതം മാറി അബ്ദുൽ ഖാദർ
എന്ന പേർ സ്വീകരിക്കുകയുമാണുണ്ടായത്.

പിന്നീട് നാട്ടിൽ തിരിച്ചെത്തി കലാരംഗത്ത് സജീവമായി തുടർന്നു. പിൽക്കാലത്ത് ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലും നാടകങ്ങളിലുമെല്ലാം പാടിയിരുന്ന അബ്ദുൽ ഖാദറിനെ ദക്ഷിണാമൂർത്തിസ്വാമിയാണ്
.ചലച്ചിത്ര രംഗത്ത് പരിചയപ്പെടുത്തുന്നത് .

1951-ൽ പുറത്തുവന്ന “നവലോകം” എന്ന ചിത്രത്തിലെ

“തങ്കക്കിനാക്കൾ ഹൃദയേ വീശും വസന്തചന്ദ്രികയാരോ നീ ….”

എന്ന ഗാനത്തിലൂടെ ഇദ്ദേഹം ചലച്ചിത്ര
ഗായകനായി അറിയപ്പെടാൻ തുടങ്ങി .

പ്രശസ്ത ചലച്ചിത്രനടി ശാന്താദേവി ഇദ്ദേഹത്തിന്റെ സഹധർമ്മിണി ആയിരുന്നു .
ഈ ദമ്പതികളുടെ മകനായിരുന്നു നടനും ഗായകനുമായിരുന്ന സത്യജിത്ത്.
ഇദ്ദേഹത്തിൻ്റെ ആദ്യ വിവാഹത്തിലെ മകനാണ് ഗായകനായ നജ്മൽ ബാബു .

1916 ജൂലൈ 19 ന് ജനിച്ച കോഴിക്കോട് അബ്ദുൽ ഖാദറിന്റെ ജന്മവാർഷികദിനമാണിന്ന് .

നീലക്കുയിലിലെ
“എങ്ങനെ നീ മറക്കും കുയിലേ “എന്ന പാട്ടൊഴിച്ച് ഇദ്ദേഹത്തിന്റെ മറ്റു ഗാനങ്ങൾക്കൊന്നും അർഹിക്കുന്ന പ്രശസ്തിയോ അംഗീകാരമോ ലഭിച്ചില്ല.

“പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ ഞാൻ”

ടാഗോറിന്റ ഗീതാഞ്ജലിയെ അവലംബിച്ച്
പി ഭാസ്കരൻ എഴുതിയ ഈ ഗസലും അബ്ദുൾ ഖാദർ എന്ന ഗായകൻ്റെ സ്മരണയായി ചിലർ ഓർക്കുന്നുണ്ടായിരിക്കും .

1977 ഫെബ്രുവരി 13ന് ഈ
ദുഃഖഗായകൻ ലോകത്തോട് എന്നേക്കുമായി യാത്രപറഞ്ഞു.