ദേശീയ പുരസ്ക്കാരം നേടിയ അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലെ കഥാപാത്രത്തിനേക്കാൾ അത്യുജ്ജ്വലമായിരുന്നു “യവനിക “യിലെ തബലിസ്റ്റ് അയ്യപ്പൻ എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് രണ്ടാമത് ഒരു അഭിപ്രായം ഉണ്ടാകാൻ ഇടയില്ല : ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച 10 ചിത്രങ്ങൾ എടുത്താൽ അതിലൊന്ന് കെ ജി ജോർജ്ജിന്റെ യവനികയായിരിക്കും.

Spread the love

കോട്ടയം: ഭൂമിയിൽ ദൈവം സൃഷ്ടിച്ച
ആദ്യമനുഷ്യൻ ആദമാണെന്നാണ് ബൈബിൾ പറയുന്നത് .
ആദ്യമനുഷ്യന് കൂട്ടായി ദൈവം ആദാമിന്റെ വാരിയെല്ലിൽ നിന്നും സൃഷ്ടിച്ചതാണത്രേ സ്ത്രീ .
അതുകൊണ്ടായിരിക്കണം സ്ത്രീയില്ലാതെ പുരുഷന്റേയും പുരുഷനില്ലാതെ സ്ത്രീയുടെയും ജീവിതം പൂർണ്ണമാകാത്തതെന്ന് തോന്നുന്നു .

എന്നും എവിടേയും പുരുഷന്റെ ദാഹവും മോഹവുമൊക്കെയായിരുന്നു സ്ത്രീ .

തിരിച്ചും അങ്ങനെ തന്നെ .
സ്ത്രീ സമത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പലരും വാതോരാതെ സംസാരിക്കുമെങ്കിലും
സ്ത്രീമനസ്സിന്റെ ഉള്ളറകളിലേക്ക് കടന്നു ചെന്നിട്ടുള്ള മന:ശാസ്ത്രജ്ഞന്മാരും നരവംശ ശാസ്ത്രജ്ഞരും ഏകകണ്ഠമായി സമ്മതിക്കുന്ന ഒരു കാര്യമുണ്ട് .
ഒരു പുരുഷന്റെ കരവലയങ്ങൾക്കുള്ളിൽ സ്ത്രീ അനുഭവിക്കുന്ന നിർവൃതിയ്ക്കും സുരക്ഷിതത്വത്തിനും പകരം വെയ്ക്കാൻ ലോകത്തിൽ മറ്റൊന്നുമില്ലത്രെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെയാണ് പുരുഷൻ സ്ത്രീയുടെ യഥാർത്ഥ രക്ഷകനാകുന്നത് .
എന്നാൽ മതനിയമങ്ങളും സാമൂഹിക നിയമങ്ങളുമെല്ലാം പഴയ ലോകത്തിൽ പുരുഷന് അനുകൂലമായി മാത്രമാണ് എഴുതിവെച്ചിട്ടുള്ളത് .
ഈ ദുഷിച്ച വ്യവസ്ഥിതികളുടെ ബലിയാടുകളായി തീരുന്നത് എന്നും സ്ത്രീകൾ തന്നെയായിരിക്കും.
ഇത്തരത്തിലുള്ള കടുത്ത യാഥാർത്ഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു വർഷങ്ങൾക്കു മുമ്പ് മലയാളത്തിൽ വൻചലനങ്ങൾ സൃഷ്ടിച്ച
കെ ജി ജോർജിന്റെ “ആദാമിന്റെ വാരിയെല്ല്” എന്ന സുന്ദര ചലച്ചിത്രം .

സെൻ്റ് വിൻസെൻ്റ് മൂവീസിൻ്റെ ബാനറിൽ വിൻസെൻ്റ് ചിറ്റിലപ്പിള്ളിയായിരുന്നു
ഈ സിനിമ നിർമ്മിച്ചത് .

ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമയായിരിക്കണം ഈ ചിത്രം എന്നു തോന്നുന്നു .
സമൂഹത്തിലെ മൂന്ന് തട്ടുകളിലുള്ള സ്ത്രീകളുടെ കഥയായിരുന്നു
കെ ജി ജോർജ്
ഈ ചിത്രത്തിലൂടെ പറഞ്ഞത് .

ആരും പ്രതീക്ഷിക്കാത്ത അമ്പരപ്പിക്കുന്ന ഒരു ദൃശ്യത്തോടെയാണ് ചിത്രം അവസാനിക്കുന്നത് തന്നെ.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ
പ്രസക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തിയ ഈ സിനിമയുടെ സംവിധായകനേയും ക്യാമറാമാനേയുമെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് സ്ത്രീകൾ കൂട്ടമായി തെരുവിലിറങ്ങുന്ന അത്തരമൊരു ദൃശ്യം ഈ ചിത്രം കണ്ടവർ ഒരിക്കലും മറക്കാൻ ഇടയില്ല.

സിനിമയെക്കുറിച്ച് തികഞ്ഞ അവഗാഹമുള്ള ഒരു ചലച്ചിത്രകാരനു മാത്രം കൈവരിക്കാവുന്ന നേട്ടമായിരുന്നു അതെന്ന് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.

തിരുവല്ല കളക്കാട്ടിൽ സാമുവലിന്റേയും അന്നമ്മയുടേയും മകനായി 1945 മെയ് 24 – നാണ്
കെ ജി ജോർജ്ജ് ജനിച്ചത് .
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിൽ ബിരുദം നേടിയായിരുന്നു ഇദ്ദേഹത്തിന്റെ ചലച്ചിത്ര പ്രവേശനം.

രാമുകാര്യാട്ട് ചലച്ചിത്രാവിഷ്കാരം നൽകിയ പി വത്സലയുടെ
“നെല്ല് ” എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ടും സംവിധാന സഹായിയായിക്കൊണ്ടും ജോർജ്ജിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം ഒരു വലിയ യാത്രയുടെ തുടക്കമായിരുന്നു.

1974 -ൽ ” സ്വപ്നാടനം” എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി .
എല്ലാ ചിത്രങ്ങളും സാമൂഹിക പ്രസക്തിയുള്ളവയും വ്യത്യസ്തമായിരുന്നുവെങ്കിലും
1982 -ൽ പുറത്തു വന്ന
“യവനിക “എന്ന ചിത്രമാണ്
കെ ജി ജോർജിന്റെ മാസ്റ്റർപീസ് .
അതിനുമുമ്പ് തന്നെ
” മേള “എന്ന ചിത്രത്തിലൂടെ ഉപനായക
വേഷത്തിൽ മമ്മൂട്ടി എന്ന നടനെ മലയാളത്തിൽ പരിചയപ്പെടുത്തിയിരുന്നെങ്കിലും യവനികയിലെ പോലീസ് ഉദ്യോഗസ്ഥനിലൂടെയാണ് മമ്മൂട്ടി ജനഹൃദയങ്ങളിൽ ശരിക്കും സ്ഥാനം പിടിക്കുന്നത് .
മാത്രമല്ല തിലകൻ എന്ന നാടകനടന്റേയും ഭരത് ഗോപിയുടേയും പത്തരമാറ്റ് തിളക്കമുള്ള അഭിനയ ചാതുര്യം
ഒരു ഇന്ദ്രജാലം പോലെ പൊട്ടിവിടരുന്നതും “യവനിക “എന്ന ചിത്രത്തിലൂടെ തന്നെയാണ് .

ദേശീയ പുരസ്ക്കാരം നേടിയ അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലെ കഥാപാത്രത്തിനേക്കാൾ അത്യുജ്ജ്വലമായിരുന്നു “യവനിക “യിലെ തബലിസ്റ്റ് അയ്യപ്പൻ എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് രണ്ടാമത് ഒരു അഭിപ്രായം
ഉണ്ടാകാൻ ഇടയില്ല .
ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച 10 ചിത്രങ്ങൾ എടുത്താൽ അതിലൊന്ന് കെ ജി ജോർജ്ജിന്റെ യവനികയായിരിക്കും.
ഈ ചിത്രത്തിൽ ഒഎൻവി കുറുപ്പ് എഴുതി എം ബി ശ്രീനിവാസ് സംഗീതം പകർന്ന് യേശുദാസും സെൽമയും പാടിയ

“ഭരതമുനിയൊരു
കളം വരച്ചു
ഭാസകാളിദാസർ കരുക്കൾ വെച്ചു….,
യേശുദാസ് പാടിയ

“ചെമ്പകപുഷ്പ സുവാസിത യാമം ….”

എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു .
“യവനിക ” യിലൂടെ നാടകത്തിന്റെ അണിയറക്കഥകൾ പറഞ്ഞ
കെ ജി ജോർജ്ജ് “ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ” എന്ന ചിത്രത്തിലൂടെ സിനിമയ്ക്കുള്ളിലെ സിനിമയും കലാപരമായി ആവിഷ്കരിക്കുകയുണ്ടായി.

വെറും 16 വയസ്സിനുള്ളിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ശോഭ എന്ന നടിയുടെ ദുരന്തജീവിതകഥയാണ് ഈ ചിത്രത്തിന് ആധാരമായത് .
വെള്ളിവെളിച്ചത്തിൽ പൂത്തുലയുന്ന പല സിനിമക്കാരുടേയും യഥാർത്ഥ മുഖം പച്ചയായി ചിത്രീകരിക്കാൻ ജീവിതത്തിൽ മുഖംമൂടികളില്ലാത്ത ഒരു ജോർജിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ .

“പ്രഭാമയി പ്രഭാമയി …..”
എന്ന ഈ ചിത്രത്തിലെ പ്രശസ്ത ഗാനം ഗായകൻ പി ജയചന്ദ്രൻ സ്റ്റുഡിയോക്കുള്ളിൽ പാടുന്നതായിട്ടാണ് ചിത്രീകരിച്ചത്.
സിനിമയിൽ പാട്ടുകൾ കൂട്ടിച്ചേർക്കുന്നതിനോട് വലിയ താല്പര്യമൊന്നും
കെ ജി ജോർജ്ജിന് ഉണ്ടായിരുന്നില്ല .

അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ “സ്വപ്നാടന “ത്തിൽ പാട്ടുകളേ ഇല്ലായിരുന്നു .
ജോർജിന്റെ സിനിമകളിൽ ഏറ്റവും മികച്ച ഗാനങ്ങളുള്ള “ഉൾക്കടൽ ” സിനിമയാക്കാൻ തയ്യാറെടുത്തപ്പോൾ അദ്ദേഹം പാട്ടുകൾ
വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നുവത്രെ .
എന്നാൽ ഉൾക്കടലിന്റെ കഥാകൃത്ത് ജോർജ് ഓണക്കൂറിന്റെ നിർബ്ബന്ധപ്രകാരമായിരുന്നു
അതിൽ ഗാനങ്ങൾ ഉൾപ്പെടുത്തിയത് .

ക്യാമ്പസ് പശ്ചാത്തലത്തിൽ കഥപറഞ്ഞ ഉൾക്കടലിലെ ഗാനങ്ങൾ ചലച്ചിത്രപ്രേമികളും സംഗീത പ്രേമികളും ഏറ്റെടുത്തു .
മാത്രമല്ല ഈ ഗാനങ്ങൾ ചിത്രത്തിന് വലിയ വിജയം സമ്മാനിക്കുകയും ചെയ്തു .

“ശരദിന്ദു മലർദീപനാളം നീട്ടി
സുരഭിലയാമങ്ങൾ
ശ്രുതി മീട്ടി ….”

എന്ന ജയചന്ദ്രനും ജോർജ്ജിന്റെ പ്രിയതമയും ഗായികയുമായ
സെൽമ ജോർജ്ജും
പാടിയ ഗാനം ഇന്നും സംഗീതപ്രേമികളുടെ ഹരമാണ്..

“കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ …. ”

“എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി …. ”

“നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ…..”
എന്നിവയെല്ലാം ഈ ചിത്രത്തിലെ മനോഹര ഗാനങ്ങൾ ആയിരുന്നെന്ന് മാത്രമല്ല ഈ ഗാനത്തിന്റെ ആലാപനത്തിന് 1979 – ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം യേശുദാസിന് ലഭിക്കുകയുമുണ്ടായി.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ആദ്യമായി ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് കെ ജി ജോർജിന്റെ “മേള ” എന്ന ചിത്രത്തിലൂടെയാണ് . മുല്ലനേഴി എഴുതി എം ബി ശ്രീനിവാസൻ ഈണമിട്ട് യേശുദാസ് പാടിയ

” മനസ്സാരു മാന്ത്രികക്കുതിരയായി പായുന്നു
മനുഷ്യൻ കാണാത്ത പാതകളിൽ …. ”

എന്ന ഗാനം ഇന്നും പ്രേക്ഷകർക്ക് ഒരു നൊമ്പരമായി അവശേഷിക്കുന്നു.

കെ ജി ജോർജ് എന്ന സംവിധായകന്റെ ജീവിതത്തിന് യവനിക വീണത് 2023 സെപ്തംബർ 24 -ന് ആണ് . ഇന്ന് അദ്ദേഹത്തിൻ്റെ
ഓർമ്മദിനം .

കാലം കാത്തുവെച്ച അദ്ദേഹത്തിന്റെ അനശ്വര ചലച്ചിത്രങ്ങൾ വരും തലമുറയ്ക്ക് തീർച്ചയായും ഒരു പാഠപുസ്തകം ആയിരിക്കും .