
കോട്ടയം: ഭാരതം ഇന്ന് എഴുപത്തിയേഴാം സ്വാതന്ത്രൃ ദിനാഘോഷം ആഘോഷിക്കുകയാണ്.
വർഷങ്ങൾ നീണ്ട
പാരതന്ത്ര്യത്തിൽ നിന്ന് ഭാരതീയജനത മോചിതരായ ദിവസത്തിന്റെ ഓർമ്മയിൽ ഇന്ന് എല്ലാ ഭാരതീയരും ആവേശപൂർവ്വം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു .
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ആവേശം പകരുകയും സ്വതന്ത്ര ഭാരതത്തിന്റെ വികാസ പരിണാമങ്ങൾക്കും നവയുഗ സ്വപ്നങ്ങൾക്കും നിറച്ചാർത്ത് നൽകുകയും ചെയ്ത കലാ സാംസ്കാരിക രംഗത്തെ പ്രിയ കവികളെ ഈ അവസരത്തിൽ ഓർമ്മിക്കേണ്ടത് ഉചിതമാണെന്ന് തോന്നുന്നു.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ഏറ്റവും ആവേശം പകർന്നത് 1870-ൽ ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ വന്ദേമാതരം തന്നെയാണ്. 1880-ൽ അദ്ദേഹം
തന്റെ ” ആനന്ദമഠം” എന്ന നോവലിൽ ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരത മാതാവിനെ വന്ദിക്കുന്ന ഈ ദേശഭക്തിഗാനം സ്വാതന്ത്ര്യ സമര പോരാളികളെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുകയും ചെയ്തു..ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ വച്ച് രവീന്ദ്രനാഥടാഗോറാണ് ഈ ഗാനം ആദ്യമായി ആലപിച്ചത്.
1950 -ൽ വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിക്കപ്പെട്ടു.
ഉറുദു കവിയായ മുഹമ്മദ് ഇഖ്ബാലിന്റെ
“സാരേ ജഹാം സേ അച്ഛാ ”
എന്ന ദേശഭക്തിഗാനം എഴുതപ്പെടുന്നത് 1884 – ലാണ്.
മഹാത്മാഗാന്ധിയടക്കമുള്ള
സ്വാതന്ത്ര്യ സമര പോരാളികൾക്ക് വളരെ ആവേശം പകർന്ന ഈ ഗാനം ഇന്ന് കേൾക്കുന്ന രീതിയിൽ ദേശഭക്തിഗാനമായി സംഗീതസംവിധാനം നിർവ്വഹിച്ചത് പണ്ഡിറ്റ് രവിശങ്കറായിരുന്നുവത്രെ !
1912- ൽ “തത്വബോധിനി മാസികയിൽ അച്ചടിച്ച് വന്ന
“ഭാരത ഭാഗ്യവിധാതാ “എന്ന ടാഗോറിന്റെ ഗാനം എല്ലാ കോൺഗ്രസ്സ് സമ്മേളനങ്ങളിലും സ്ഥിരമായി ആലപിക്കപ്പെട്ടിരുന്നു. ജനഗണമന എന്നു തുടങ്ങുന്ന ഈ ഗാനവും 1950-ലാണ് നമ്മുടെ ദേശീയഗാനമായി പ്രഖ്യാപിക്കപ്പെട്ടത്.
ദേശഭക്തിഗാനങ്ങളിലെ മലയാളത്തിന്റെ ഏറ്റവും വലിയ സംഭാവന അംശി നാരായണപിള്ള എഴുതിയ
“വരിക വരിക സഹജരെ
സഹന സമര സമയമായ് ”
എന്ന വിപ്ലവഗാനമായിരുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാനായി വടകരയിൽ നിന്ന് പയ്യന്നൂരിലേക്ക് പുറപ്പട്ട ജാഥയ്ക്ക് ആവേശം പകരാനാണ് അംശി നാരായണപിള്ള ഈ സ്വാതന്ത്ര്യ ഗാനം എഴുതിയത്.
പി ടി കുഞ്ഞുമുഹമ്മദിന്റെ “വീരപുത്രൻ “എന്ന സിനിമയിലും അടുത്തിടെ മോഹൻലാൽ നായകനായി അഭിനയിച്ച
” ലൂസിഫർ “എന്ന ചിത്രത്തിലും ഈ ഗാനം ഉൾക്കൊള്ളിച്ചത് പ്രിയ വായനക്കാർ ഓർക്കുമല്ലോ.
ശ്രദ്ധേയമായ മറ്റു പല ദേശഭക്തി ഗാനങ്ങളും മലയാളികൾ പിന്നീട് കേട്ടതും ചലച്ചിത്രഗാനങ്ങളിലൂടെ തന്നെയാണ് . ഇതിൽ പ്രധാനം 1964-ൽ പുറത്തിറങ്ങിയ
“സ്കൂൾ മാസ്റ്റർ “എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ സംഗീതം പകർന്ന് യേശുദാസും ശാന്തയും പാടിയ
“ജയ ജയ ജയ ജന്മഭൂമി
ജയ ജയ ജയ ഭാരതഭൂമി …..”
എന്ന ഒരു സുന്ദരഗാനമാണ്. ഭാരതഭൂമിയുടെ മഹത്ത്വങ്ങൾ വാഴ്ത്തുന്നവയായിരുന്നു വയലാർ രാമവർമ്മയുടെ
ഓരോ വരിയും .
ആകാശഗംഗയൊഴുകിവന്ന ഭൂമിയായും ശ്രീകൃഷ്ണ ഗീതാമൃതം പകർന്നു തന്ന ഭൂമിയായും വേദാന്തസാരത്തിന്റെ വിഹാര ഭൂമിയായും കവി ഇവിടെ ഭാരതത്തെ ദർശിക്കുന്നു. പാട്ടിന്റെ അനുപല്ലവിലേക്ക് പോകുമ്പോൾ ഭാരതത്തിലെ സർവ്വ മതങ്ങളുടേയും സാരാംശങ്ങളെ പരാമർശിക്കാൻ കവി മറക്കുന്നില്ല .
സ്നേഹത്തിന്റെ കുരിശുമാല ചാർത്തിയ ഭൂമിയായും നബിദിനങ്ങൾ വാഴ്ത്തിയ ഭൂമിയായും ബുദ്ധ ധർമ്മ പതാകകൾ നീർത്തിയ ഭൂമിയായും സ്വാതന്ത്ര്യ ധർമ്മസമര കർമ്മഭൂമിയായും നൃത്ത-സംഗീത കലകളുടെ വിലാസ രംഗഭൂമിയായും അദ്ദേഹം ഭാരതത്തെ നിത്യഹരിതമായി കാണുന്നു.
1964 -ൽ തന്നെ പുറത്തിറങ്ങിയ “ആദ്യകിരണങ്ങൾ “എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി കെ രാഘവൻ സംഗീതം പകർന്ന്
പി സുശീലയും സംഘവും പാടിയ
“ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു
പിടി മണ്ണല്ല ……”
എന്ന ഗാനം മലയാളത്തിൽ രചിച്ചിട്ടുള്ള ഏറ്റവും മനോഹരമായ ദേശ ഭക്തിഗാനമാണെന്നതിൽ സംശയമൊന്നുമില്ല.
ഭാരതം എന്ന നമ്മളുടെ മാതൃരാജ്യം ഒരുപിടി മണ്ണു മാത്രമല്ലെന്നും ജനകോടികൾക്ക് ആത്മാഭിമാനം പകരുന്ന ജന്മഗൃഹം കൂടിയാണെന്ന് കവി ഓർമ്മപ്പെടുത്തുന്നു. തുടർന്നുള്ള ഓരോരോ വരികളും ഓരോ ഭാരതീയനേയും ആവേശം കൊള്ളിക്കുന്ന വിധത്തിലാണ് ഭാസ്കരൻ മാസ്റ്റർ ഈ പാട്ടിന്റെ വരികൾ രചിച്ചിട്ടുള്ളത്. കച്ചവടത്തിനായി ഇന്ത്യയിലേക്ക് വന്ന വിദേശിയരുടെ ആധിപത്യവും അവർ ഈ നാട് കൊള്ളയടിച്ചതിനേയും എങ്ങനെ കാവ്യാന്മകമാക്കാം എന്നതിന്റെ ഉദാഹരണമാണ്
“വിരുന്നു വന്നവർ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ
വീടുപുതുക്കിപ്പണിയുംവരെയും
വിശ്രമമില്ലിനി മേൽ
തുടങ്ങി വെച്ചു നാമൊരു കർമ്മം തുഷ്ടി തുളുമ്പും ജീവിത ധർമ്മം സ്വതന്ത്ര ഭാരത വിശാല ഹർമ്മ്യം സുന്ദരമാക്കും നവ കർമ്മം……”
എന്ന പ്രതിഷേധ ജ്വാലയും ആത്മവിശ്വാസവുമുയർത്തുന്ന വരികൾ.
സ്വാതന്ത്ര്യ പുലരിയിൽ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്നു ഗ്രാമസ്വരാജ് .ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതെന്നും ഗ്രാമങ്ങളെ പുനരുദ്ധരിക്കുന്നതിലൂടെ മാത്രമേ നമ്മുടെ നാടിനെ ഗ്രസിച്ചിരുന്ന കൂരിരുൾ കീറിമുറിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
മഹാത്മാവിന്റെ ആ സ്വപ്നത്തിന് സാക്ഷാത്ക്കാരം നൽകാനുള്ള ആവേശം പകർന്നുകൊണ്ട് സ്വാതന്ത്രൃ സമര സേനാനി കൂടിയായ പി ഭാസ്കരൻ എഴുതി .
“ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകൾ തോറും നമ്മുടെ കൈത്തിരി
കൂരിരുൾ കീറി മുറിക്കട്ടെ
അടി പതറാതീ ജനകോടികൾ
പുതു പുലരിയിലേക്ക് കുതിക്കട്ടെ
അലസതയരുതേ
നമ്മുടെ ലക്ഷ്യം
അരികെയരികെയരികേ.
ഇത്രയും ആവേശവും ലക്ഷ്യബോധവുമുള്ള വരികൾ പിന്നീട് ഒരു ചലച്ചിത്രഗാനത്തിലും കേട്ടതായി ഓർക്കുന്നില്ല .
നീലായുടെ ബാനറിൽ പി സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത
” ഹോട്ടൽ ഹൈറേഞ്ച് ” എന്ന ചിത്രത്തിലുമുണ്ട് ആവേശമുണർത്തുന്ന ഒരു ദേശഭക്തിഗാനം .
” ഗംഗാ യമുനാ
സംഗമ സമതല ഭൂമി …..”
എന്ന ഗാനം രചിച്ചത് വയലാറും സംഗീതം പകർന്നത് ദേവരാജനും
ആലപിച്ചത് കമുകറ പുരുഷോത്തമനുമായിരുന്നു.
എൻ ശങ്കരൻനായർ സംവിധാനം ചെയ്ത “പൂജയ്ക്കെടുക്കാത്ത പൂക്കൾ ” എന്ന ചിത്രത്തിലെ
“നവയുഗ ദിനകരനുയരട്ടെ നാടിൻ ഭേരി മുഴങ്ങട്ടെ ……”
(രചന പി ഭാസ്കരൻ ,സംഗീതം
കെ രാഘവൻ, ആലാപനം
ഡോ: ബാലമുരളി കൃഷ്ണ)
ശ്രീകുമാരൻ തമ്പി എഴുതി അർജുനൻ മാസ്റ്റർ സംഗീതം പകർന്ന “പിക്നിക്കി ” ൽ ജയചന്ദ്രനും സംഘവും പാടിയ
“ശിൽപ്പികൾ നമ്മൾ ഭാരത ശിൽപ്പികൾ നമ്മൾ ”
എന്നീ ഗാനങ്ങളെല്ലാം തന്നെ സ്വതന്ത്ര ഭാരതത്തിന്റെ ആത്മാഭിമാനം ഉയർത്തി പിടിക്കുന്നവയാണ്.
ഒരു പക്ഷേ പുതുതലമുറക്കാർ
ഈ പാട്ടുകളൊന്നും അധികം കേട്ടിട്ടുണ്ടാവില്ല. കേൾക്കാത്തവർ
ഈ സ്വാതന്ത്ര്യ പുലരിയിൽ തീർച്ചയായും ഈ ദേശഭക്തിഗാനങ്ങളുടെ പ്രസക്തി ഉൾക്കൊള്ളുമെന്ന് കരുതട്ടെ .
കേട്ടവർ ആ സുന്ദര ഓർമ്മകൾ പുതുക്കുകയും ചെയ്യട്ടെ .
ജയ്ഹിന്ദ് .