play-sharp-fill
അഗസ്റ്റിൻ ജോസഫ്, യേശുദാസ്, വിജയ് യേശുദാസ്, മകൾ അമേയ എന്നീ നാലു തലമുറക്ക് സംഗീതം പകർന്നു കൊടുത്ത മലയാളത്തിലെ ഏക ചലച്ചിത്ര സംഗീത സംവിധായകൻ എന്ന ഒരു അപൂർവ്വ ബഹുമതി സ്വന്തമാക്കിയ അതുല്യ പ്രതിഭയുടെ ഓർമ്മദിനമാണിന്ന്: ആരെന്നറിയാമോ?

അഗസ്റ്റിൻ ജോസഫ്, യേശുദാസ്, വിജയ് യേശുദാസ്, മകൾ അമേയ എന്നീ നാലു തലമുറക്ക് സംഗീതം പകർന്നു കൊടുത്ത മലയാളത്തിലെ ഏക ചലച്ചിത്ര സംഗീത സംവിധായകൻ എന്ന ഒരു അപൂർവ്വ ബഹുമതി സ്വന്തമാക്കിയ അതുല്യ പ്രതിഭയുടെ ഓർമ്മദിനമാണിന്ന്: ആരെന്നറിയാമോ?

കോട്ടയം: കെ .കെ. പ്രൊഡക്ഷൻസ് എന്ന ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച “നല്ലതങ്ക ” എന്ന സിനിമയിലെ ഗാനങ്ങളുടെ റെക്കോർഡിങ് നടക്കുന്ന സമയം. ചിത്രത്തിലെ ഒരു ശ്ലോകത്തിന് സംഗീത സംവിധാനം ചെയ്യാൻ ശാസ്ത്രീയ സംഗീതത്തിൽ നല്ല അവഗാഹമുള്ള ഒരാളെ ആവശ്യമുണ്ടായിരുന്നു.
” നല്ലതങ്ക ” യിൽ പാട്ടുകൾ എഴുതുന്ന അഭയദേവും
പ്രധാന ഗായികയായി
പി ലീലയുമെത്തി .

ലീല തന്നെയാണ് തന്റെ ഗുരുനാഥനായ ദക്ഷിണാമൂർത്തി എന്ന സംഗീതജ്ഞനെക്കുറിച്ച് സംവിധായകനോട് പറയുന്നത്. അങ്ങനെ ” നല്ലതങ്ക ” യിലൂടെ ദക്ഷിണാമൂർത്തി എന്ന സംഗീതജ്ഞൻ മലയാള ചലച്ചിത്ര സംഗീതരംഗത്ത് എത്തുന്നു. യേശുദാസിന്റെ പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു ചിത്രത്തിലെ നായകൻ .

അന്നത്തെ നായകനടന്മാർ അഭിനയിച്ചാൽ മാത്രം പോരാ ,
പാട്ട് പാടുകയും വേണം.
“നല്ലതങ്ക ” യിൽ അഗസ്റ്റിൻ ജോസഫിനുവേണ്ടി സംഗീതം പകർന്ന ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തിന്റെ മകൻ യേശുദാസിനും യേശുദാസിന്റെ മകൻ വിജയ് യേശുദാസിനും
വിജയ് യേശുദാസിന്റെ മകൾ അമേയക്കും സംഗീതം പകർന്നു പാടിച്ചുകൊണ്ട് നാലു തലമുറക്ക് സംഗീതം പകർന്നു കൊടുത്ത മലയാളത്തിലെ ഏക ചലച്ചിത്ര സംഗീത സംവിധായകൻ എന്ന ഒരു അപൂർവ്വ ബഹുമതിയും സ്വന്തമാക്കി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയസംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുള്ളയാളും അതേ സമയം സുന്ദരരാഗങ്ങളാൽ ഒട്ടേറെ മെലഡികൾ മെനഞ്ഞെടുത്ത് പാട്ടിന്റെ പാലാഴി തന്നെ തീർത്ത മഹാ സംഗീതജ്ഞനുമായിരുന്നു ചലച്ചിത്രലോകം സ്വാമി എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന വി.ദക്ഷിണാമൂർത്തി.

മലയാള സിനിമ പിച്ചവെച്ച
1950 മുതൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞ 2013 ആഗസ്റ്റ് 2 വരെ ഈ സംഗീത ചക്രവർത്തി മലയാള സിനിമയുടെ സംഗീത ചക്രവാളങ്ങളിൽ ഒരു
വൃശ്ചികപ്പൂനിലാവുപോലെ തിളങ്ങി നിന്നു .
അഭയദേവ് എഴുതിയ

“പാട്ടു പാടിയുറക്കാം ഞാൻ …
“കണ്ണും പൂട്ടിയുറങ്ങുക നീയെൻ …” തുടങ്ങിയ താരാട്ടുപാട്ടുകളിലൂടെ മലയാള സിനിമയെ
തൊട്ടിലാട്ടിക്കൊണ്ടായിരുന്നു ദക്ഷിണാമൂർത്തി സ്വാമി തന്റെ സംഗീത സ്വപ്നങ്ങളെ സ്വർഗ്ഗകുമാരികളാക്കിയത്.

പി.ഭാസ്ക്കരൻ – ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ പിറന്ന
” കാട്ടിലെ പാഴ്മുളംതണ്ടിൽ നിന്നും …. ”
(വിലക്കുവാങ്ങിയ വീണ)
ഇന്ദുചൂഡൻ ഭഗവാൻ്റെ …..
( തച്ചോളി മരുമകൻ ചന്തു )
“ഇന്നലെ നീയൊരു

സുന്ദരരാഗമായ് …. ”
(സ്ത്രീ)
“ഹർഷബാഷ്പം തൂകി …”.(മുത്തശ്ശി )
“പുലയനാർ മണിയമ്മ ….,”
(പ്രസാദം)
“മുല്ലപ്പൂംപല്ലിലോ മുക്കുറ്റിക്കവിളിലോ …. ”
( അരക്കള്ളൻ മുക്കാൽ കള്ളൻ )
“കാവ്യപുസ്തകമല്ലോ ജീവിതം . ”

( അശ്വതി)
“വൃശ്ചികപ്പൂനിലാവേ
പിച്ചകപ്പൂനിലാവേ….”
(തച്ചോളി മരുമകൻ ചന്തു )

തുടങ്ങിയ ചേതോഹര ഗാനങ്ങൾ കേരളം അക്ഷരാർത്ഥത്തിൽ തന്നെ നെഞ്ചിലേറ്റുകയായിരുന്നു.
പിന്നീട് ശ്രീകുമാരൻ തമ്പിയുമായി കൂടി ചേർന്നപ്പോഴും
“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം …”
(ഭാര്യമാർ സൂക്ഷിക്കുക )
“കാട്ടിലെ പൂമരം ആദ്യം പൂക്കുമ്പോൾ ..”
( മായ)
“ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപം …. ”
(ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു)
” സന്ധ്യയ്ക്കെന്തിനു സിന്ദൂരം .. “.(മായ)
“മനസ്സിലുണരൂ ഉഷസന്ധ്യയായി …”
(മറുനാട്ടിൽ ഒരു മലയാളി)
“ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ …. ”

( പാടുന്ന പുഴ) “വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെക്കണ്ടൂ …. ”
(ഭാര്യമാർ സൂക്ഷിക്കുക)
“ഉത്തരാസ്വയംവരം കഥകളി കാണുവാൻ …”
(ഡെയ്ഞ്ചർ ബിസ്ക്കറ്റ്)
“പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു ..”
( നൃത്തശാല ) തുടങ്ങി ഒട്ടുവളരെ ഗാനങ്ങൾ സംഗീതലോകത്തിന് തിലകക്കുറിയായി ഇന്നും ശ്രോതാക്കളുടെ മനസ്സിൽ അമൃതമഴ പെയ്യിക്കുന്നു. വയലാറുമായി ദക്ഷിണാമൂർത്തിസ്വാമി അധികം ചിത്രങ്ങൾ ചെയ്തിട്ടില്ലെങ്കിലും ചെയ്തവയെല്ലാം വളരെ ജനപ്രീതി നേടിയവയായിരുന്നു.
“സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ …”
( കാവ്യമേള )

“ആയിരം മുഖങ്ങൾ ഞാൻ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു …. ”
( നൈറ്റ് ഡ്യൂട്ടി )
” കനകം മൂലം ദുഃഖം
കാമിനി മൂലം ദുഃഖം …”
( ഇൻറർവ്യൂ )

“ചിത്രശിലാപാളികൾ കൊണ്ടൊരു ശ്രീകോവിലകം ഞാൻ തീർത്തു … ”
( ബ്രഹ്മചാരി ) ,
ഓ എൻ വി യോടൊപ്പം
“വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോകേ ..”.
(ഇടനാഴിയിൽ ഒരു കാലൊച്ച )
“ഈശ്വരൻ മനുഷ്യനായ് അവതരിച്ചു
ഈ മണ്ണിൻ ദുഃഖങ്ങൾ
സ്വയം വരിച്ചു…”
(ശ്രീ ഗുരുവായൂരപ്പൻ )
ഇവയെല്ലാം ചിലതു മാത്രം .

“ദേവാലയം ” എന്ന ചിത്രത്തിലെ “നാഗരാദി എണ്ണയുണ്ട് …..” എന്ന ഹാസ്യ ഗാനം പാടിക്കൊണ്ട് പിന്നണിഗാനരംഗത്തും അദ്ദേഹം തന്റെ കൈയൊപ്പ് ചാർത്തി. “കാവ്യമേള ” എന്ന ചിത്രത്തിലെ

“സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ …..”

എന്ന ഗാനരംഗത്തിൽ ഒരു അതിഥി താരമായി ദക്ഷിണാമൂർത്തി സ്വാമി പ്രത്യക്ഷപ്പെട്ടത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടാകുമല്ലോ.
140 ചിത്രങ്ങളിലായി ഏകദേശം ആയിരത്തോളം ഗാനങ്ങൾക്ക് സംഗീതം പകർന്ന സ്വാമിയുടെ സംഗീത സംഭാവനകളെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല.കേരളക്കരയെ കോരിത്തരിപ്പിച്ച ഒട്ടനവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച ദക്ഷിണാമൂർത്തി സ്വാമികളുടെ ഓർമ്മദിനമാണിന്ന്.

സംഗീത പ്രണയികളുടെ മനസ്സിൽ പാട്ടിന്റെ പാലാഴി തീർത്ത ഈ സാർവ്വഭൗമന്റെ ഓർമ്മകൾക്ക് മരണമില്ല