രാത്രി ഷൂട്ടിങ്ങിനിടെ അപകടം: നടന്മാരായ അര്‍ജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരുടെ മൊഴിയെടുത്തു; അന്വേഷണ റിപ്പോർട്ട് നല്‍കാൻ എൻഫോഴ്സ്മെന്റിനെ ചുമതലപ്പെടുത്തി മോട്ടോർ വാഹനവകുപ്പ്

Spread the love

കൊച്ചി: എം.ജി. റോഡില്‍ അർധരാത്രി അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ മറ്റൊരു കാറിലിടിച്ച്‌ മറിഞ്ഞ സംഭവത്തില്‍ പരിക്കേറ്റവരുടെയും വാഹനമോടിച്ചയാളുടെയും മൊഴിയെടുത്ത് പോലീസ്.

അപകടത്തില്‍ നടൻമാരുള്‍പ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തി.

സംഭവം മോട്ടോർ വാഹനവകുപ്പും അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് നല്‍കാൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിനെ ചുമതലപ്പെടുത്തിയതായി ആർ.ടി.ഒ. അറിയിച്ചു. എം.വി.ഡി.സംഘം അപകടത്തില്‍പ്പെട്ട വാഹനം പരിശോധിക്കും. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കും. പോലീസില്‍നിന്നും വിവരങ്ങള്‍ തേടും. റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് ആർ.ടി.ഒ. വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ സിനിമാ ഷൂട്ടിങ്ങിന് അനുമതിതേടി സിനിമാ പ്രവർത്തകർ എറണാകുളം സെൻട്രല്‍ സ്റ്റേഷനിലും കമ്മിഷണർക്കും അപേക്ഷ നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭിക്കും മുൻപ് പൊതുനിരത്തില്‍ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാതെ അപകടകരമായരീതിയില്‍ വാഹനമോടിച്ച്‌ ഷൂട്ടിങ് നടത്തിയതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.