മികച്ച സിനിമകളുടേത് മാത്രമല്ല ; മലയാളത്തിലെ ഒരുപിടി നവാഗത സംവിധായകരുടേത് കൂടിയാണ് 2019
സ്വന്തം ലേഖിക
കോട്ടയം : ഒരു കൂട്ടം മികച്ച സിനിമകളുടെത് മാത്രമല്ല, മലയാളത്തിലെ ഒരുപിടി സംവിധായകരുടേതും കൂടിയാണ് 2019. പോയ വർഷങ്ങളിലേതുപോലെ തന്നെ ഇക്കൊല്ലവും നിരവധി നവാഗത സംവിധായകർ മലയാള സിനിമയിലേക്ക് കലെടുത്ത് വച്ചിട്ടുണ്ട്. പുതുമയുളള പ്രമേയം, മേക്കിങ് മികവ്, വേറിട്ട അവതരണം തുടങ്ങിയവയെല്ലാം കൊണ്ടും ഒരുപടി മുന്നിൽ നിൽക്കുന്നവരാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള നവാഗത സംവിധായകർ
ലൂസിഫറിന്റെ വിജയത്തിലൂടെ ഈ വർഷം എറെ തിളങ്ങിയ നവാഗത സംവിധായകനാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ സംവിധാനസംരഭം തന്നെ വൻവിജയമാക്കികൊണ്ടാണ് പൃഥ്വിരാജ് സംവിധായകനായി എത്തിയത്. മോഹൻലാൽ എന്ന സൂപ്പർതാരത്തെ വേണ്ട രീതിയിൽ ഉപയോഗിച്ചുകൊണ്ട് ഒരുക്കിയ ഒരു ചിത്രം തന്നെയായിരുന്നു ലൂസിഫർ. ആദ്യ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റാനും പൃഥ്വിക്ക് സാധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഈ വർഷമാദ്യം മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് മധു സി നാരായണൻ. ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ അണിയിച്ചൊരുക്കിയ സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തിരക്കഥയും,താരങ്ങളുടെ പ്രകടനവും,സംവിധാന മികവും കൊണ്ടുതന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളിൽ നിന്നും വലിയ വിജയം നേടിയത്.
ജൂൺ എന്ന ചിത്രവുമായിട്ടാണ് മലയാളത്തിലേക്ക് എത്തിയതാണ് അഹമ്മദ് കബീർ. രജിഷ വിജയൻ മുഖ്യവേഷത്തിൽ എത്തിയ സിനിമ തിയ്യേറ്ററുകളിൽ നിന്നും മികച്ച വിജയമാണ് നേടിയത്. റൊമാന്റിക്ക് കോമഡി ചിത്രമായിട്ടാണ് സംവിധായകൻ ജൂൺ ഒരുക്കിയത്. രജിഷയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ. ജോജു ജോർജ്ജ്,സർജാനോ ഖാലിദ്,അർജുൻ അശോകൻ തുടങ്ങിയവരും സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
പാർവതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ സംവിധാനം ചെയ്തത് നവാഗതനായ മനു അശോകനാണ് . ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവിയുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഉയരെ നേട്ടമുണ്ടാക്കി. പാർവതിക്കൊപ്പം ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ആസിഫ് അലിയുടെ സൂപ്പർഹിറ്റ് ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ ഒരുക്കിയത് നവാഗതനായ നിസാം ബഷീറാണ്. ഫീൽഗുഡ് ചിത്രമായി ഒരുക്കിയ സിനിമ തിയ്യേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറുകയായിരുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ സാമൂഹിക പ്രസക്തിയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയത്.പുതുമുഖം വീണ നന്ദകുമാറാണ് ആസിഫ് അലിയുടേ നായികയായി എത്തിയത്.
ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച് ഇക്കൊല്ലം ബോക്‌സോഫീസിൽ തരംഗമായി മാറിയ സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. തന്റെ ആദ്യ ചിത്രമായ തണ്ണീർ മത്തൻദിനങ്ങളിലൂടെ നവാഗതനായ ഗിരിഷ് എഡിക്ക് ഗംഭീര തുടക്കമാണ് മലയാളത്തിൽ ലഭിച്ചത്. പ്ലസ്ടു പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു. വിനീത് ശ്രീനിവാസൻ,മാത്യു തോമസ്, അനശ്വര രാജൻ തുടങ്ങിയവരുടെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്
ഷെയ്ൻ നിഗത്തെ നായകനാക്കി ഇഷ്‌ക് എന്ന ശ്രദ്ധേയ ചിത്രമൊരുക്കിയാണ് നവാഗതനായ അനുരാജ് മനോഹർ മലയാളത്തിലേക്കുളള വരവറിയിച്ചത്. റൊമാൻസ് ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രം ശക്തമായ പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയത്. ഷെയ്ൻ നിഗം,ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിൽ കൂടുതൽ തിളങ്ങിയത്. കുമ്പളങ്ങി നൈറ്റ്‌സിന് പിന്നാലെ ഷെയ്ൻ നിഗത്തിന് ഇക്കൊല്ലം ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു ഇഷ്‌ക്.
ഹെലൻ എന്ന സർവൈവൽ ത്രില്ലർ ചിത്രവുമായിട്ടാണ് സംവിധായകനായി മാത്തുക്കുട്ടി സേവ്യർ മലയാളത്തിലേക്ക് എത്തിയത്. അന്ന ബെൻ മുഖ്യ വേഷത്തിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളിൽ ലഭിച്ചത്. വിനീത് ശ്രീനിവാസനാണ് സിനിമ നിർമ്മിച്ചത്. ലാൽ,നോബിൾ ബാബു തോമസ്,അജു വർഗീസ് തുടങ്ങിയവരും ശ്രദ്ധേയ പ്രകടനാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.
കാലം എത്ര തന്നെ കഴിഞ്ഞാലും മലയാള സിനിമാ ആരാധകർക്ക് ഉറപ്പിച്ച് കഴിയാൻ സാധിക്കും നല്ല സിനിമകളുടേത് മാത്രമല്ല ഒരുപിടി നവാഗതസംവിധായകരുടേതും കൂടിയാണ് 2019 എന്ന്.