video
play-sharp-fill
കൊടും ക്രൂരത ചെയ്തവർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെന്ന് ഇനി പറയരുത്: കാമുകിയുടെ മകനെ തല്ലിക്കൊല്ലാറാക്കിയത് ബിടെക് ബിരുദധാരി: തൊടുപുഴയിൽ അമ്മയുടെ കാമുകൻ മർദിച്ച ഏഴു വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: 48 മണിക്കൂർ ഇനി ഏറെ നിർണ്ണായകം

കൊടും ക്രൂരത ചെയ്തവർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെന്ന് ഇനി പറയരുത്: കാമുകിയുടെ മകനെ തല്ലിക്കൊല്ലാറാക്കിയത് ബിടെക് ബിരുദധാരി: തൊടുപുഴയിൽ അമ്മയുടെ കാമുകൻ മർദിച്ച ഏഴു വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ: 48 മണിക്കൂർ ഇനി ഏറെ നിർണ്ണായകം

ക്രൈം ഡെസ്‌ക്

തൊടുപുഴ: കൊടുംക്രൂരത ചെയ്യുന്ന കുറ്റവാളികളെല്ലാം വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെന്നു പറയുന്ന രീതി ഇനി സമൂഹം മാറ്റേണ്ടി വരും. തൊടുപുഴയിൽ കാമുകിയുടെ മകനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അരുണും, കാമുകിയും ബിടെക് ബിരുദധാരികൾ.
ഇരുവരും മുൻപ് വേറെ വിവാഹം കഴിച്ചവരാണ്. കുട്ടിയെ മർദിച്ചു മൃതപ്രായനാക്കിയ അരുൺ ആനന്ദ് തലസ്ഥാനത്ത് കൊലക്കേസടക്കംക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോബ്ര(മൂർഖൻ) അരുൺ എന്ന് അറിയപ്പെടുന്ന പ്രതി സിവിൽ എൻജിനീയറിങ് ബിരുദധാരിയാണ്.
ഉടുമ്പന്നൂർ സ്വദേശിയായ റിട്ട. അധ്യാപികയുടെ മകളാണ് കുട്ടിയുടെ അമ്മയായ യുവതി. ബി.ടെക്ക് ബിരുദധാരിയാണെങ്കിലും ജോലിക്ക് പോകാൻ താൽപര്യപ്പെട്ടിരുന്നില്ല. ഭർത്താവ് ബിജു മരിച്ച് മൂന്നുമാസങ്ങൾ കഴിയുംമുമ്പേയാണ് യുവതി ബിജുവിന്റെ ബന്ധുകൂടിയായ തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുണുമായി ഒന്നിച്ചു ജീവിതം തുടങ്ങിയത്. തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥരായ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയയാളാണ് അരുൺ. മൂത്ത സഹോദരൻ സൈനികഉദ്യോഗസ്ഥനാണ്. അരുൺ വിവാഹം കഴിച്ചത് ഫാഷൻ ഡിസൈനറായ യുവതിയെ ആണ്. ഒരു കുട്ടിയായശേഷം ഈ ബന്ധം വേർപെടുത്തിയിരുന്നു. പിതാവ് സർവീസിലിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനത്തിന് അവസരം ലഭിച്ചെങ്കിലും അരുൺ വേണ്ടെന്ന് വച്ചു.
ജോലിക്കു പോകുന്നതിനുപകരം ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടാക്കാനായിരുന്നു അരുണിനു താൽപര്യം. വിദ്യാർഥി ജീവിതത്തിൽതന്നെ അരുൺ ക്രിമിനൽ പ്രവർത്തികളിലേർപ്പെട്ടിരുന്നു എന്നാണു പോലീസ് പറയുന്നത്. തലസ്ഥാനത്തെ മിക്ക അധോലോക സംഘങ്ങളുമായി അരുൺ അടുത്തബന്ധം സ്ഥാപിച്ചിരുന്നു.
മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ബിയർകുപ്പി കൊണ്ട്് തലയ്ക്കടിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയകേസിൽ പ്രതിയായിരുന്നു. ഈ കേസിൽ തിരുവനന്തപുരം സബ്ജയിലിൽ കിടന്നെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തിൽ സെഷൻസ് കോടതി വെറുതെവിട്ടു. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടിയതുൾപ്പെടെ മറ്റ് ആറു കേസുകളും അരുണിന്റെ പേരിലുണ്ട്. കഞ്ചാവും മയക്കുമരുന്ന് വിതരണവുമടക്കം പല കുറ്റകൃത്യങ്ങളിലും ഏർപ്പെട്ട അരുൺ പോലീസിന്റെ സ്ഥിരം കുറ്റവാളിപട്ടികയിലും ഇടംപിടിച്ചിരുന്നു.
അതേസമയം,കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തടരുന്നു. ഇന്നലെ കുട്ടിയുടെ തലയോട്ടി തുറന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ അതി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിലാണ്. 48 മണിക്കൂറിനു ശേഷമേ കുട്ടിയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് എന്തെങ്കിലും പറയാൻ കഴിയൂ എന്നും മരുന്നുകളോട് കുട്ടി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തലയോട്ടി പൊട്ടിയ നിലയിൽ കോലഞ്ചേരി ആശുപത്രിയിൽ കുട്ടിയെ കഴിഞ്ഞ ദിവസാണ് എത്തിച്ചത്. ആശുപത്രി അധികൃതരോട് കട്ടിലിൽ നിന്നു വീണ് പരിക്കേറ്റുവെന്നാണ് അറിയിച്ചത്. എന്നാൽ ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ ശരീരത്തിലാകമാനം മർദ്ദനമേറ്റ പാടുകൾ കണ്ടതോടെയാണ് ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂര മർദ്ദനത്തിനിരയായെന്ന വിവരം ലഭിച്ചത്. നാലു വയസുകാരനായ ഇളയ കുട്ടിയോട് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ചോദിച്ചപ്പോഴാണ് ജ്യേഷ്ഠന് ക്രൂര മർദ്ദനമേറ്റ വിവരം പുറത്തു വന്നത്. കുട്ടികളുടെ പിതാവ് മരിച്ചതിനെ തുടർന്ന് അമ്മ തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പമാണ് വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്.
ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി പ്രതികരണാവസ്ഥയിൽ ആയിരുന്നില്ല എന്ന് ഡോക്ടർ പ്രതികരിച്ചു. കൃഷ്ണമണികൾ വികസിച്ചിരുന്നു. ശ്വാസമെടുക്കാനോ കൈകാലുകൾ അനക്കാനോ ശ്രമിക്കുന്നുമില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ചെന്നും ഡോക്ടർ വ്യക്തമാക്കി.

തൊടുപുഴയിൽ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ചത് ഇളയകുട്ടി സോഫയിൽ മൂത്രമൊഴിച്ചതിന്റെ പേരിലെന്ന് പൊലീസ്. പുലർച്ചെ രണ്ട് മണിയോടെ കുട്ടിയെ ചവിട്ടിവീഴ്ത്തിയ ശേഷം കുട്ടിയെ എടുത്തെറിഞ്ഞു. ഷെൽഫിൽ തലയിടിച്ച് വീണ കുട്ടിയെ വീണ്ടും എടുത്തെറിഞ്ഞെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള അരുണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, കുട്ടിയുടെ അമ്മയ്ക്കും ക്രൂരമർദ്ദനം ഏറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീണ്ടും മർദ്ദിക്കുമോ എന്ന ഭയത്താലാണ് ഇവർ സംഭവം പുറത്തുപറയാത്തതെന്നും പൊലീസ് വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group