അടിതടയാനെത്തിയ സിഐയ്ക്ക് കടികിട്ടി..! കടിച്ചത് എസ്.ഡി.പി.ഐ പ്രവർത്തകൻ; കാഞ്ഞിരപ്പള്ളിയിൽ കൂട്ടയടി
സ്വന്തം ലേഖകൻ
കോട്ടയം: അടിതടയാൻ എത്തിയ സി.ഐയെ കടിച്ച ശേഷം എസ്ഡിപിഐ പ്രവർത്തകൻ ഓടി രക്ഷപെട്ടു. കടിയേറ്റ സിഐ കുത്തിവയ്ക്ക് എടുത്തു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഡിവൈഎഫ്‌ഐ എസ്ഡിപിഐ സംഘർഷത്തിനിടെയാണ് സി.ഐ ഷാജു ജോസിനെ കടിച്ച ശേഷം എസ്ഡിപിഐ പ്രവർത്തൻ സ്ഥലം വിട്ടത്. സിഐയെ കടിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങൾ പൊലീസിന്റെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഘർഷത്തിൽ മൂന്ന് ഡിവൈഎഫ്‌ഐ – സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി നഗരത്തിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഹർത്താലിന്റെ മറവിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മും എസ്ഡിപിഐയും ഒരേ സമയത്ത് തന്നെ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. ഇരുപ്രകടനങ്ങളും ഒരേ നിരയിൽ വന്നതോടെ കാര്യങ്ങൾ കൈവിട്ട് പോയി. ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടികെട്ടിയ വടിയും പട്ടികയും കമ്പും കല്ലും ഉപയോഗിച്ചായിരുന്നു പ്രവർത്തകർ ഏറ്റുമുട്ടിയത്. പൊലീസ് ഇടയ്ക്ക് നിന്നു പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിൻതിരിയാൻ തയ്യാറായില്ല. അതിരൂക്ഷമായി പരസ്പരം ഏറ്റുമുട്ടുന്നതിനിടെയാണ് പ്രവർത്തകരെ പിൻതിരിപ്പിക്കാൻ സി.ഐ ഷാജു ജോസ് ശ്രമിച്ചത്.
ഇതിനിടെ ഷാജുവിന്റെ വലത് കയ്യിൽ കടിച്ച ശേഷം എസ്ഡിപിഐ പ്രവർത്തൻ ഓടി രക്ഷപെടുകയായിരുന്നു. രണ്ടു മണിക്കൂറോളം നഗരത്തെ സംഘർഷത്തിൽ മുക്കിയ സംഭവങ്ങൾ ഏഴു മണിയോടെയാണ് അവസാനിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.