
മലമ്പുഴ: കണ്ണിന് പരുക്കേറ്റ പാലക്കാട്ടെ ചുരുളിക്കൊമ്പനെന്ന പി റ്റി 5ന് ചികില്‍സ നൽകി കാട്ടിലേക്ക് അയച്ചു.
മൂന്നു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഉൾക്കാട്ടിലേക്ക് തുരത്തിയത്. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെയാണ് ദൗത്യത്തിനു തുടക്കമിട്ടത്.
ദൗത്യം സംഘാംഗങ്ങള്‍ ആറു ഗ്രൂപ്പുകളായി തിരിഞ്ഞു. മലമ്പുഴക്ക് സമീപം മാന്തുരുത്തിൽ ആനയെ സംഘം വളഞ്ഞു. വേഗത്തിൽ രണ്ടു ഡോസ് മയക്കുവെടി വെച്ചു. ഓടാനാകാതെ ആന അവിടെ തന്നെ നിലയുറപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂർണ മയക്കമായതോടെ പരിശോധനയും ചികിത്സയും തുടങ്ങി. ആനയുടെ കണ്ണിനേറ്റത് ഗുരുതര പരുക്കെന്ന് സംഘം വിലയിരുത്തി. കാഴ്ച വീണ്ടെടുക്കാനുള്ള മരുന്നും നൽകി. പിന്നീടാണ് റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് വിട്ടത്. മുത്തങ്ങയിൽ നിന്നെത്തിച്ച ഭരത്, വിക്രം എന്നീ കുങ്കികളെ വെച്ചായിരുന്നു ആനയെ ഉള്‍ക്കാട്ടിലേക്ക് പായിച്ചത്.
നിലവിലെ ചികിത്സയിൽ ഫലമുണ്ടോ എന്ന് രണ്ടാഴ്ച പരിശോധിക്കും, ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കും. ആനക്ക് എങ്ങനെ പരിക്കേറ്റു എന്ന കാര്യവും പരിശോധിക്കുന്നുണ്ട്



