video
play-sharp-fill
ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും

ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും

സ്വന്തം ലേഖകൻ

ആലുവ: ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും.
കഴിഞ്ഞ കുറെ നാളുകളായി ആലുവ പ്രദേശത്തെ ജനങ്ങളെയും പോലീസിനെയും പൊറുതുമുട്ടിച്ച ‘കള്ളി’യെ ഒടുവിൽ സിസിടിവി കുടുക്കി. ചുരിദാർ ഇട്ട് രാത്രി ഇറങ്ങുന്ന വ്യക്തി പെൺവേഷം ധരിച്ചെത്തുന്ന പുരുഷ കേസരിയാണെന്ന് തെളിഞ്ഞു. ആലുവ കാമ്പിള്ളി റോഡിൽ പുലർച്ചെ മൂന്നിനു മതിൽ ചാടിക്കടന്ന് ഒറ്റപ്പെട്ട മൂന്നു വീടുകൾ ലക്ഷ്യമാക്കി നീങ്ങുന്ന ചുരിദാറിട്ട മോഷ്ടാവിനെ നാട്ടുകാരിലൊരാൾ നേരിൽ കണ്ടു. ശാസ്താ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച സിസിടിവി ക്യാമറയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബിനാനിപുരം പോലീസ് മൂന്നു ദൃശ്യങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചു. സമീപത്തുള്ള ഒരു വീടിന്റെ മതിൽ ചാടിക്കടന്നു റോഡിലൂടെ നടന്നുനീങ്ങുന്ന മോഷ്ടാവിന്റേതാണു ദൃശ്യങ്ങളിൽ ആദ്യത്തേത്. ഇതിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണാം. എന്നാൽ, അടുത്ത സീനായപ്പോഴേക്കും ഇയാൾ ചുരിദാറിന്റെ ഷാൾകൊണ്ടു തലമൂടി തനി നാടൻ പെണ്ണിന്റെ രൂപഭാവങ്ങളിലേക്കു മാറി. ഈ സമയത്തു വീടിന്റെ പുറത്തു നിൽക്കുകയായിരുന്ന വീട്ടുടമസ്ഥൻ അസമയത്ത് ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീ ആരാണെന്നു വിളിച്ചു ചോദിച്ചു. അതോടെ ‘യുവതി’ സാവധാനത്തിലുള്ള നടപ്പു മാറ്റി ഓടുന്ന രംഗമാണു മൂന്നാമത്തെ ദൃശ്യം. ആറടി ഉയരമുള്ളയാളാണ് പെൺവേഷത്തിലെത്തിയ മോഷ്ടാവ്. പോലീസ് അന്വേഷണം ആരംഭിച്ചു.