
കൊച്ചി: എറണാകുളം മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോള്‍സ് പള്ളിയില്‍ വെടിമരുന്ന് സ്‌ഫോടനത്തില്‍ പള്ളി വികാരിക്കും ട്രസ്റ്റിമാർക്കുമെതിരെ പൊലീസ് കേസെടുത്തു.
സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘനം നടത്തിയതിനുമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പള്ളി വികാരി ഫാ. ബിജു വർക്കി, ട്രസ്റ്റിമാരായ സാബു പോള്‍, സി.എം. എല്‍ദോ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പള്ളിയിലെ പെരുന്നാളിന്റെ നാലാമത്തെ ദിവസം രാവിലെ കുർബാനയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ രവി എന്നയാളാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരാറുകാരൻ ജയിംസിന് എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടം നടന്ന സമയത്ത് പള്ളിയില്‍ കുർബാന നടന്നിരുന്നതിനാല്‍ സ്ഫോടന സ്ഥലത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.




