
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്‌മസ് പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തും.
ക്രിസ്‌മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷകള്‍ നടത്താനാണ് സാദ്ധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം ഉണ്ടാവുക.
2025 – 26 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകള്‍ നടത്താനിരുന്നത്. എന്നാല്‍, ഡിസംബർ ഒൻപത്, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ ക്രിസ്‌മസ് അവധിക്ക് മുൻപും ശേഷവും രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ആലോചന. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഭൂരിപക്ഷവും സ്‌കൂളുകളാണെന്നതും അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും പരിഗണിച്ചാണ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ ഡിസംബർ അഞ്ച് കഴിഞ്ഞാല്‍ അവധി ദിനങ്ങളും വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞാല്‍ മാത്രമേ പരീക്ഷ നടത്താനാകൂ. ഡിസംബർ 13ന് തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ പിന്നെ ക്രിസ്‌മസ് അവധിക്ക് മുൻപ് 15 മുതല്‍ 19 വരെ അഞ്ച് പ്രവൃത്തി ദിനങ്ങളാണുള്ളത്. 20 മുതല്‍ 28 വരെയാണ് ക്രിസ്‌മസ് അവധി.
രണ്ടാംഘട്ട പരീക്ഷകള്‍ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ വാരത്തിലുമായി നടത്തേണ്ടിവരും.



