video
play-sharp-fill

ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചപ്പോൾ ബാക്കി വന്നത് ആറ്റിൽ തള്ളി: താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ തള്ളിയത് ഇറച്ചിക്കടയിലെ മാലിന്യങ്ങൾ; വെള്ളം മലിനമാക്കി മഞ്ഞപ്പിത്ത ഭീഷണി ഉയരുന്നു; രോഗം പടർന്ന് പിടിച്ചിട്ടും ഒന്നും പഠിക്കാതെ ഇന്നും കോട്ടയത്തുകാർ

ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചപ്പോൾ ബാക്കി വന്നത് ആറ്റിൽ തള്ളി: താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ തള്ളിയത് ഇറച്ചിക്കടയിലെ മാലിന്യങ്ങൾ; വെള്ളം മലിനമാക്കി മഞ്ഞപ്പിത്ത ഭീഷണി ഉയരുന്നു; രോഗം പടർന്ന് പിടിച്ചിട്ടും ഒന്നും പഠിക്കാതെ ഇന്നും കോട്ടയത്തുകാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ക്രിസ്മസ് ആഘോഷത്തിനു ശേഷം ബാക്കി വന്ന ടൺ കണക്കിന് അറവ്ശാലാ മാലിന്യം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ തള്ളി. പ്രദേശത്തെ നൂറുകണക്കിന് ആളുകൾ കുടിക്കാനും കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ആറ്റിലെ വെള്ളത്തിലാണ് യാതൊരു ദാക്ഷണ്യവുമില്ലാതെ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. പ്രദേശത്ത് പകർച്ച വ്യാധികൾ അടക്കം പടർന്നു പിടിക്കുമ്പോഴാണ് ഇത്തരത്തിൽ സാധാരണക്കാരെ അടക്കം ദ്രോഹിക്കുന്ന രീതിയിൽ മാലിന്യം റോഡരികിലെ തോട്ടിൽ തള്ളുന്നത്.
ക്രിസ്മസ് ദിനമായ ചൊവ്വാഴ്ച ഉച്ചയോടെ പട്ടാപ്പകലാണ് താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ മാലിന്യങ്ങൾ തള്ളിയത്. ടൺ കണക്കിന് മാലിന്യം മിനി ലോറിയിൽ എത്തിയ സംഘം ആറ്റിലേയ്ക്ക് തള്ളുകയായിരുന്നു. ചാക്കിൽ കെട്ടിയും ചാക്കിൽ കെട്ടാതെയുമാണ് മാലിന്യം റോഡരികിലേയ്ക്ക് തള്ളിയിരിക്കുന്നത്. ഇത്തരത്തിൽ തള്ളിയ മാലിന്യം ആറ്റിലൂടെ ഒഴുകി നടക്കുകയാണ്. ഇത് അതിരൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് ഉയർത്തുന്നത്. ടൺ കണക്കിന് മാലിന്യം ഒഴുകി നടന്ന് കുടിവെള്ള ശ്രോതസ് പോലും മലീമസമാക്കിയിട്ടും നഗരസഭയോ ആരോഗ്യ വിഭാഗം അധികൃതരോ ഇനിയും നടപടികൾ എടുത്തിട്ടില്ല. നഗരസഭയുടെ മൂക്കിൻ തുമ്പിലാണ് ഇത്തരത്തിൽ അനധികൃത അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ഇപ്പോൾ തള്ളിയിരിക്കുന്നത്. നഗരസഭ അധികൃതർ നഗരത്തിലെ അനധികൃത അറവുശാലകളെല്ലാം പൂട്ടിച്ചതായി ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയിരിക്കുമ്പോഴാണ് ഇത്തരത്തിൽ ക്രിസ്മസ് ദിനത്തിൽ തുറന്ന് പ്രവർത്തിച്ച അനധികൃത അറവുശാലകൾ നഗരത്തെ മാലിന്യത്തിൽ മുക്കിയിരിക്കുന്നത്. ഇതിനെതിരെ ഒരു നടപടി പോലും എടുക്കാൻ നഗരസഭ അധികൃതർക്ക് സാധിച്ചിട്ടില്ല. ഇനിയും ഇത്തരത്തിൽ ആറ്റിൽ മാലിന്യം തള്ളാനെത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.