
പനജി: ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. ഈമാസം 22ന് ഗോവയിലാണ് സൗദി ക്ലബ് അൽ നസ്ർ താരമായ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽ നസ്ർ എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാൾഡോ ഈ മത്സരത്തിനായി ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ റൊണാൾഡോ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നൽകിയെന്നുമാണ് പുതിയ വെളിപ്പെടുത്തൽ.
റൊണാൾഡോ കളിക്കാൻ എത്തുമെന്ന് എഫ് സി ഗോവയുടെ സിഇഒ രവി പുസ്കറാണ് വ്യക്തമാക്കിയത്. റൊണാൾഡോ വരുന്നതിനാൽ മത്സരത്തിന് കൂടുതൽ സുരക്ഷാ ആവശ്യമാണെന്ന് എഫ് സി ഗോവ മാനേജ്മെന്‍റ് പൊലീസിനോട് ആവശ്യപ്പെട്ടു. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എഫ് സി ഇസ്റ്റിക്ലോളിനും ഇറാഖി ക്ലബ്ബായ അൽ സവാരക്കുമെതിരായ അല്‍ നസ്റിന്‍റെ ആദ്യ രണ്ട് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചില്‍ പോലും റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. എന്നാല്‍ എഫ് സി ഗോവക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ തന്നെ അല്‍ നസ്റിനെ നയിക്കുമെന്നാണ് സൂചനകള്‍.
റൊണാൾഡോയ്ക്കൊപ്പം സാദിയോ മാനേ, യാവോ ഫെലിക്സ്, കിംഗ്സ്‍ലി കോമാൻ തുടങ്ങി വമ്പൻ താരങ്ങളും അൽ നസർ നിരയിലുണ്ടാവും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നാലു ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോവ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ പോയന്‍റോ ഗോളുകളോ ഒന്നും നേടാന്‍ ഗോവക്കായിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അല്‍ നസ്‍ർ ആണ് ഒന്നാമത്. ഗോവക്കെതിരായ മത്സരങ്ങള്‍ ജയിച്ച് മൂന്ന് പോയന്‍റ് വീതമുള്ള അല്‍ സവാര രണ്ടാമതും ഇസ്റ്റിക്ലോൾ മൂന്നാമതുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



