
കോട്ടയം: കേന്ദ്രസർക്കാരിൻ്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിയെക്കുറിച്ച് കേരളത്തിലെ ബിജെപിയുടെ നിലപാട് എന്തെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
പ്രധാനമായും ക്രൈസ്തവ സ്ഥാപനങ്ങളെ ഉന്നം വച്ചാണ് ഈ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. മിഷനറിമാർ വിദേശത്ത് ജോലി ചെയ്ത് നാട്ടിലെത്തിക്കുന്ന പണം ഉപയോഗിച്ചാണ് ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നിരവധി സ്ഥാപനങ്ങൾ ഉയർന്നത്. ഇത്തരം സ്ഥാപനങ്ങൾ പടുത്തുയർത്തുവാൻ സർക്കാരിന് മാത്രമായി പണം വിനിയോഗിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്.
സർക്കാരിൻ്റെ സഹായമില്ലാതെയാണ് മിഷനറിമാർ ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ചത്. ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നൽകുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നത് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോർപ്പറേറ്റുകൾ വിദ്യാഭ്യാസമേഖലയിലേക്കും ആരോഗ്യ മേഖലയിലേക്കും വലിയ മുതൽമുടക്കുമായി കടന്നുവരികയാണ്.ഇതിന് കേന്ദ്രസർക്കാർ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നു മുണ്ട്.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കി എങ്കിൽ മാത്രമേ ഈ മേഖലകൾ സമ്പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് ലഭ്യമാകുകയുള്ളൂ. ക്രൈസ്തവ മിഷണറിമാരാണ് ഇതിൽ ഭൂരിഭാഗം സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകുന്നത്.
മതന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാകെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഇതിൻ്റെ തുടർച്ചയായിട്ടാണ് വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി. കേരളത്തിൽ ക്രൈസ്തവ വോട്ടുകൾക്ക് പാടുപെട്ട് പരിശ്രമിക്കുന്ന ബിജെപിക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് അറിയാൻ വിശ്വാസി സമൂഹത്തിന് താല്പര്യമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.



