
മനുഷ്യ മൃഗത്തിന് ജീവപര്യന്തം; ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല: പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ
സ്വന്തം ലേഖകൻ
ന്യൂസിലൻഡ്: 51 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ബ്രെന്‍റണ്‍ ടെറന്‍റിന് കോടതി പരോൾ ഇല്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മനുഷ്യത്വമില്ലാത്തവന്‍ എന്നാണ് കോടതി പ്രതിയെ വിശേഷിപ്പിച്ചത്. നിരപരാധികളായ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ആക്രമിച്ച ടെറന്‍റിന്‍റെ വിദ്വേഷ പ്രത്യയ ശാസ്ത്രത്തെയും ജഡ്ജി കാമറൂണ്‍ മാണ്ടെര്‍ വിമര്‍ശിച്ചു. ക്രൂരവും നിഷ്ഠൂരവുമായ കുറ്റകൃത്യങ്ങളെ നിരാകരിക്കുന്ന രീതിയിൽ പ്രതികരിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ന്യൂസിലന്‍റിന്‍റെ ചരിത്രത്തിൽ ഈ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് പ്രതി ബ്രെന്‍റന്‍ ടെറന്‍റ്.
ഓസ്‌ട്രേലിയൻ സ്വദേശിയും വംശീയവാദിയുമായ 29കാരന്‍ 2019 മാർച്ച് 15നാണ് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികളില്‍ ആക്രമണം നടത്തിയത്. ന്യൂസിലന്‍റില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ സമാനതകളില്ലാത്ത ആക്രമണമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണ് ന്യൂസിലന്‍റ്. അതുകൊണ്ടുതന്നെ നിലവിലെ ഏറ്റവും കഠിനമായ ശിക്ഷയായ പരോള്‍ ഇല്ലാത്ത ആജീവനാന്ത തടവ് ശിക്ഷയാണ് പ്രതിക്ക് കോടതി വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള നാല് ദിവസത്തെ വിചാരണ തിങ്കളാഴ്ചയാണ് കോടതിയില്‍ തുടങ്ങിയത്. കൊവിഡ് പശ്ചാത്തലത്തിൽ കോടതി മുറിയിൽ വളരെ കുറച്ചുപേരെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇരകളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അടക്കമുള്ളവർക്ക് കോടതി നടപടികൾ വീക്ഷിക്കാൻ വിഡിയോ കോൺഫറൻസിങ് വഴി അവസരമൊരുക്കിയിരുന്നു. ടെറന്‍റ് അഭിഭാഷകരെ ഒഴിവാക്കി സ്വയം വാദിച്ചു. ആക്രമണത്തിന്‍റെ ഇരകൾക്ക് പറയാനുള്ളത് മുഴുവൻ ജഡ്ജി കേട്ടു. ഭര്‍ത്താവിനെ, ഭാര്യയെ, സഹോദരങ്ങളെ, മാതാപിതാക്കളെ നഷ്ടമായവര്‍ സംസാരിച്ചപ്പോള്‍ ഒരു ഭാവമാറ്റവും കൂടാതെ അവരെ നോക്കിക്കൊണ്ടിരുന്നു 29കാരനായ അക്രമി.
“നിങ്ങള്‍ കൊന്നുകളഞ്ഞത് നിങ്ങളുടെ തന്നെ മനുഷ്യത്വമാണ്. നിങ്ങള്‍ ചെയ്ത ഭീകരമായ കുറ്റകൃത്യം ലോകം ഒരിക്കലും ക്ഷമിക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ 51 നിരപരാധികളുടെ ജീവനെടുത്തു. നിങ്ങളുടെ കണ്ണില്‍ ഞങ്ങളുടെ കുറ്റം മുസ്‍ലിംകളാണ് എന്നതാണ്. ഞങ്ങളെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതി. പക്ഷേ നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു”- ടെറന്‍റിനോട് സലാമ എന്ന സ്ത്രീ കണ്ണീരോടെ കോടതിയില്‍ പറഞ്ഞതാണിത്. ടെറന്‍റ് വെടിവെച്ച് കൊന്നവരില്‍ സലാമയുടെ 33കാരനായ മകനുമുണ്ട്. ടെറന്‍റിന് വിചാരണക്കിടെ അയാളുടെ വംശവെറിക്ക് ഇരയായവരുടെ ബന്ധുക്കള്‍ ഉള്ളുപൊള്ളി പറഞ്ഞ പ്രസ്താവനകളില്‍ ഒന്ന് മാത്രമാണിത്. ഇതാദ്യമായാണ് കൊലയാളിയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മുഖാമുഖം വന്നത്.
പരമാവധി മുസ്‌ലിംകളെ കൊല്ലാനും പള്ളി തീയിടാനുമായിരുന്നു ടെറന്‍റിന്‍റെ പദ്ധതിയെന്ന് പ്രോസിക്യൂഷന്‍ ബര്‍ണബി ഹാവെസ് കോടതിയെ അറിയിച്ചു. 2017ലാണ് ഇയാള്‍ ന്യൂസിലന്‍റിലെത്തിയത്. മാരകായുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. വർഷങ്ങൾക്ക് മുന്‍പേ പള്ളി ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. അതിനായി ന്യൂസിലന്‍റിലെ മുസ്ലിം പള്ളികളെ കുറിച്ച് വിശദമായി തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അൽനൂറിനും ലിൻവുഡ് സെന്‍ററിനും ശേഷം ആഷ്ബർട്ടൺ മോസ്കും ലക്ഷ്യമിട്ടെങ്കിലും അതിനിടെ പൊലീസ് പിടികൂടുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍റെ വാദവും ഇരകളുടെ മൊഴിയും കണക്കിലെടുത്ത കോടതി അക്രമിക്ക് പരമാവധി കഠിന ശിക്ഷ വിധിക്കുകയായിരുന്നു.