ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ…;ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഓർമയായി ;സംസ്‌കാരം ഇന്ന് വൈകിട്ട്

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: ഭക്തിഗാനങ്ങളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മലയാളികള്‍ ഇന്നും ഒരു ശീലം പോലെ പാടുന്ന ഭക്തിഗാനങ്ങള്‍ പിറന്നുവീണതും അതേ തൂലികയില്‍ നിന്ന്..’ഒരു നേരമെങ്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പ നിന്‍ ദിവ്യരൂപം’.. ‘ഉദിച്ചുയര്‍ന്നു മാമല മേലെ ഉത്രം നക്ഷത്രം’ തുടങ്ങിയ ഗാനങ്ങള്‍ ഒരു വട്ടമെങ്കിലും കേള്‍ക്കാത്ത മലയാളികളില്ല.

എന്നാല്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്ന പേര് പരിചയമില്ലാത്തവരുണ്ടാവാം പക്ഷെ അദ്ദേഹമെഴുതിയ വരികള്‍ അറിയാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. 86-ാമത്തെ വയസില്‍ അദ്ദേഹം വിടവാങ്ങുമ്ബോള്‍ ബാക്കിയാകുന്നതും മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഈ വരികളൊക്കെ തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 10.45ന് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. മൂവായിരത്തോളം ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം’, ‘ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം.., ‘ഉദിച്ചുയര്‍ന്നു മാമല മേലേ ഉത്രം നക്ഷത്രം..’ തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങള്‍ ചൊവ്വല്ലൂര്‍ എഴുതിയവയാണ്.

പ്രശസ്തമായ ചിലത്: ഒരു നേരമെങ്കിലും, അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു, മൂകാംബികേ ദേവി ജഗദംബികേ, അമ്ബലപ്പുഴയിലെന്‍ മനസ്സോടിക്കളിക്കുന്നു, തിരുവാറന്മുള കൃഷ്ണാ, ഒരു കൃഷ്ണതുളസീ ദളമായി ഞാനൊരു ദിനം, ആനയിറങ്ങും മാമലയില്‍, ഉദിച്ചുയര്‍ന്നൂ മാമല മേലെ, കാനനവാസാ കലിയുഗവരദാ, മാമലവാഴും സ്വാമിക്ക് തുടങ്ങി അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍.

ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ചിരുന്നു.

ആദ്യകാല സൂപ്പര്‍ഹിറ്റ് സിനിമയായ ‘പ്രഭാതസന്ധ്യ’യുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരായിരുന്നു. ശ്രീരാഗം, കര്‍പ്പൂരദീപം, ചൈതന്യം എന്നിവയടക്കമുള്ള സിനിമകള്‍ക്കായും തിരക്കഥകള്‍ എഴുതി. ‘സര്‍ഗം’ എന്ന സിനിമയുടെ സംഭാഷണം എഴുതിയത് ചൊവ്വല്ലൂരാണ്.

ചെമ്ബൈ വൈദ്യനാഥ ഭാഗവതര്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കീഴ്പടം സുകുമാരന്‍ നായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, ചമ്ബക്കുളം പാച്ചുപിള്ള തുടങ്ങിയവരെക്കുറിച്ച്‌ ഡോക്യുമെന്ററികള്‍ ചെയ്തു.

കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്ബക എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ്‌ ചെയര്‍മാന്‍, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു.

ഹാസ്യ സാഹിത്യക്കാരനു‌ള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, ഗുരുവായൂര്‍ തിരുവെങ്കിടാചലപതി പുരസ്കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്കാരം, രേവതി പട്ടത്താനം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

തൃശൂരിലെ ചൊവ്വല്ലൂര്‍ വാരിയത്ത് 1936 ജൂലൈ 11നായിരുന്നു ജനനം. ഗുരുവായൂര്‍ ക്ഷേത്രത്തിലും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലും പാരമ്ബര്യമായി കഴകപ്രവൃത്തിയുടെ അവകാശമുള്ള കുടുംബമാണിത്. വിവിധ വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണിവാരിയരാണു പിതാവ്. അമ്മ പാറുക്കുട്ടി വാരസ്യാര്‍. ഭാര്യ: തൃശിലശേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണിക്കൃഷ്ണന്‍. മരുമക്കള്‍: ഗീത, പരേതനായ ദേശീയ ബാസ്കറ്റ് ബോള്‍ താരം സുരേഷ് ചെറുശ്ശേരി.