
കുളിച്ചുകയറുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്ക് വീണു ; എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു ; ഒരാളെ കാണാതായി ; കാണാതായ കുട്ടിയ്ക്കായി അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചിൽ തുടരുന്നു
ഹരിപ്പാട്: പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഒരാളെ കാണാതായി. തോട്ടപ്പള്ളി ഒറ്റപ്പന ആര്‍ദ്രം വീട്ടില്‍ ജോയിയുടെ മകന്‍ ആല്‍ബിന്‍ (14) ആണ് മരിച്ചത്. കരുവാറ്റ സാന്ദ്രാ ജങ്ഷന്‍ പുണര്‍തം വീട്ടില്‍ അനീഷിന്റെ മകന്‍ അഭിമന്യു (14) വിനെയാണ് കാണാതായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയത്. കുളിച്ചുകയറുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്ക് വീണുപോയെന്നാണ് പോലീസ് പറയുന്നത്. ഏറെനേരത്തെ തിരച്ചിലിന് ശേഷം ആല്‍ബിന്റെ മൃതദേഹം കണ്ടെടുത്തു. അഭിമന്യുവിനുവേണ്ടിയുള്ള തിരച്ചില്‍ അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ തുടരുകയാണ്.
ആല്‍ബിന്‍ തോട്ടപ്പള്ളി മലങ്കര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കാണാതായ അഭിമന്യു കരുവാറ്റ എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ആല്‍ബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ടു കൂട്ടുകാരുണ്ടായിരുന്നു. രണ്ടുസംഘങ്ങളായി വന്നവര്‍ ഒരേ കടവില്‍ കുളിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
