കട കുത്തിത്തുറന്ന് മോഷ്ടിച്ചത് 42,000 രൂപയുടെ ചോക്ലേറ്റ്; 17-കാരനടക്കം 3 പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച നാലംഗസംഘത്തിലെ മൂന്നുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ ഗോവയിലേക്കു കടന്നു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവരെയാണ് എസ്.ഐ. വി.പി. അഖില്‍ അറസ്റ്റു ചെയ്തത്. സംഘത്തിലെ നാലാമന്‍ ആസിഫ് (23) ആണ് ഗോവയിലേക്കു കടന്നത്.

ഇവരില്‍ ഫസല്‍ റഹ്‌മാന്‍ ഒഴികെയുള്ള മൂന്നുപേര്‍ ചേര്‍ന്നാണ് കാഞ്ഞങ്ങാട്ടെ ഐസ്‌ക്രീം ഗോഡൗണില്‍ കവര്‍ച്ച നടത്തിയതെന്നും തെളിഞ്ഞു. ജനുവരി 14-നാണ് കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചത്. ചോക്ലേറ്റിനു പുറമെ മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷണം പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറയില്‍ നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പൊളിക്കുന്നതും പതിഞ്ഞിരുന്നു. ഏതാനും ദിവസം മുന്‍പാണ് കാഞ്ഞങ്ങാട് വടകരമുക്കിലെ കാരവളി മാര്‍ക്കറ്റിങ് ഐസ്‌ക്രീം ഗോഡൗണില്‍ കവര്‍ച്ച നടന്നത്. ഇവിടെനിന്ന് 70,000 രൂപയാണ് കവര്‍ന്നത്. ഇവിടുത്തെ സി.സി.ടി.വി.യിലും മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിരുന്നു. രണ്ടിടത്തേയും ദൃശ്യങ്ങള്‍ അന്വേഷണത്തിന് സഹായകമായി.