ചൈത്രയ്ക്കെതിരായ നടപടി: റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും; നടപടി മുഖ്യമന്ത്രി തീരുമാനിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധനയ്ക്ക് എത്തിയ ഡി സി പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. ചൈത്രയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞാവും റിപ്പോർട്ട് സമർപ്പിക്കുക. സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് റിപ്പോർട്ട് സമർപ്പിക്കുക.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൈത്രയ്‌ക്കെതിരെ നടപടി വേണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്തിമ തീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഓഫീസില്‍ പ്രതികളുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ചൈത്ര റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതികളെ പിടികൂടാനായി പാര്‍ട്ടി ഓഫീസില്‍ കയറിയുള്ള പരിശോധനക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണം നടക്കുന്നത്. പരിശോധനയുടെ സാഹചര്യം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാവും തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പിക്ക് കൈമാറുക.
ചൈത്രയ്‌ക്കെതിരെ നടപടി വേണമെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം ജില്ലാ നേതൃത്വം. അതിനാല്‍ റിപ്പോര്‍ട്ടിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം എങ്ങനെ എന്നത് നിര്‍ണായകമാണ്. ചട്ടങ്ങള്‍ പരിശോധിക്കാതെയുള്ള അനാവശ്യ പരിശോധനയായിരുന്നെന്നാണ് പാര്‍ട്ടി വാദം. എന്നാല്‍ ചൈത്രയുടെ റിപ്പോര്‍ട്ടില്‍ ഈ വാദം പാടെ തള്ളുകയാണ്.
മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി നിധിന്‍ സി.പി.എം ഓഫീസിലുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചിരുന്നൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിധിന്റെ വീട്ടില്‍ വച്ച് അമ്മയെക്കൊണ്ട് ഫോണ്‍വിളിപ്പിച്ചപ്പോള്‍ നിധിന്‍ തന്നെയാണ് പാര്‍ട്ടി ഓഫീസിലുണ്ടെന്ന് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിവരം അടങ്ങിയ സെര്‍ച്ച് റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ നല്‍കിയതോടെ പരിശോധന നിയമപരമാവുകയും ചെയ്തു.