
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ ക്രിസ്മസ് കാലത്തേക്ക് സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ ടെൻഡർ നടപടിപോലും പൂർത്തിയാക്കാനാകാതെ സപ്ലൈകോ. ടെൻഡറിനു ശേഷം വെളിച്ചെണ്ണക്ക് നൽകിയ പർച്ചേസ് ഓർഡർ പണമില്ലാത്തതിനാൽ റദ്ദാക്കേണ്ടിവന്നു. ഒരാഴ്ചക്കകം സർക്കാർ പണം അനുവദിച്ചില്ലെങ്കിൽ ക്രിസ്മസ് ചന്തകൾ പോലും തുടങ്ങാനാകില്ല. ക്രിസ്മസിന് ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്.
സാധാരണ ഡിസംബർ 15ഓടെ ക്രിസ്മസ് ചന്തകൾ തുടങ്ങുന്നതാണ്. ടെൻഡർ വിളിച്ച് 10 ദിവസത്തിനകം പർച്ചേസ് ഓഡർ. അതുകഴിഞ്ഞ് രണ്ടാഴ്ചക്കകം സപ്ലൈകോയുടെ ഗോഡൗണുകളിൽ സാധനങ്ങളെത്തും. അവിടെനിന്ന് ഒരാഴ്ചക്കകം ഔട്ട്?ലെറ്റുകളിലേക്കും ചന്തകളിലേക്കും. എല്ലാം കൂടെ ഒരു മാസത്തെ സമയം വേണം. പക്ഷേ, ഇതുവരെ ടെൻഡർ നടപടികൾപോലും പൂർത്തിയായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബർ 14ന് വിളിച്ച ടെൻഡറിൽ ഒരു വിതരണക്കാരനും പങ്കെടുത്തില്ല. 740 കോടിയോളം രൂപ വിതരണക്കാർക്ക് സപ്ലൈകോ നൽകാനുണ്ടെന്നതാണ് കാരണം. ഇതിൽ കുറച്ചെങ്കിലും നൽകാതെ സാധനങ്ങൾ നൽകാനാകില്ലെന്ന നിലപാടിലാണ് വിതരണക്കാർ. കുടിശ്ശികയുള്ള നൂറു കോടിയിൽ കുറച്ചെങ്കിലും നൽകിയാലേ സാധനം നൽകാനാകൂ എന്ന് കരാറുകാർ സപ്ലൈകോ ചെയർമാനെ അറിയിച്ചു. തുടർന്നാണ് ഗത്യന്തരമില്ലാതെ നവംബർ മാസത്തെ പർച്ചേസ് ഓർഡർ സപ്ലൈകോ റദ്ദാക്കിയത്.
സബ്‌സിഡി വകയിൽ സർക്കാർ നൽകാനുള്ള 750 കോടിയിൽ 500 കോടിയെങ്കിലും ഒരാഴ്ചക്കകം നൽകിയാൽ വിതരണക്കാരുടെ കുടിശ്ശിക കുറച്ചെങ്കിലും കൊടുത്ത് സാധനങ്ങൾ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും. ഇല്ലെങ്കിൽ ക്രിസ്മസ് ചന്തകൾ ഇത്തവണ ഉണ്ടാകില്ല. ഔട്ട്?ലെറ്റുകളിലും സബ്‌സിഡി സാധനങ്ങൾ കാലിയായിരിക്കും. സംസ്ഥാന സർക്കാർ 1138 കോടിയും കേന്ദ്രസർക്കാർ 692 കോടിയും സപ്ലൈകോക്ക് നൽകാനുണ്ട്