കട്ടപ്പുറത്തായ ബസ് ഉടമ ഉപേക്ഷിച്ചു ;പഞ്ചായത്ത് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയ്ക്ക് ലേലത്തിൽ വിറ്റു : ചുളുവിൽ പണം ഉണ്ടാക്കിയത് ചിറക്കടവ് പഞ്ചായത്ത്
സ്വന്തം ലേഖകൻ
കോട്ടയം: സാമ്പത്തിക പ്രതിസന്ധി മൂലം കട്ടപ്പുറത്തായ് ബസിനെ ഉടമ ഉപേക്ഷിച്ചു. ബസിനെ ഏറ്റെടുത്ത് പഞ്ചായത്ത് അധികൃതർ അത് ലേലത്തിൽ വിറ്റപ്പോൾ കിട്ടിയത് 1,32,000 രൂപ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ് ഗ്രാമ പഞ്ചായത്താണ് തുരുമ്പെടുത്ത ബസ് ലേലം ചെയ്തു ഈ തുക സ്വന്തമാക്കിയത്.വർഷങ്ങളായി രാജേന്ദ്രമൈതാനം-ടൗൺഹാൾ റോഡിൽ വെയിലും മഴയുമേറ്റ് കിടക്കുകയായിരുന്നു ഈ ബസ്. പ്രവർത്തനം നിലച്ചുപോയ ഒരു സൊസൈറ്റിയായിരുന്നു ബസിൻറെ ഉടമ. സാമൂഹികവിരുദ്ധർ ബസിനെ താവളമാക്കി മദ്യപാനം തുടങ്ങിയപ്പോൾ നാട്ടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിലുമെത്തി.പരാതിയെ തുടർന്ന് പഞ്ചായത്തിന്റെ അനുമതിയോടെ പഞ്ചായത്ത് ടൗൺ ഹാളിന്റെ മൈതാനത്തേക്ക് പോലീസ് ബസ് മാറ്റിയിട്ടു. പിന്നീട് ബസ് നീക്കം ചെയ്യാൻ പലതവണ പത്ര പരസ്യം നൽകി. ആരും എത്താത്തതിനെ തുടർന്ന് ബസ് പഞ്ചായത്ത് അധികൃതർ ലേലം ചെയ്യുകയായിരുന്നു.