ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ആർആർടി സംഘത്തെ വിപുലീകരിച്ച് വനംവകുപ്പ്.
24 മണിക്കൂറും പ്രവർത്തിക്കാനാകും വിധത്തില്‍ ജീവനക്കാരെയും അത്യാധുനിക സംവിധാനങ്ങളും ആണ് വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. അരിക്കൊമ്പനെ മാറ്റിയെങ്കിലും ചിന്നക്കനാലിലെ പ്രശ്നങ്ങള്‍ തീരാത്തതോടെയാണ് വനം വകുപ്പിൻ്റെ അടുത്ത നീക്കം.
ചക്കക്കൊമ്പനും മൊട്ടവാലനും മറ്റു കാട്ടാനക്കൂട്ടങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളായി. ഈ വർഷം മാത്രം പ്രദേശവാസികളായ രണ്ടു പേരടക്കം അഞ്ച് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനും പ്രതിരോധിക്കുന്നതിനുമായി ആർ.ആർ.ടിയുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുമെന്നാണ് വനം വകുപ്പിൻ്റെ വാഗ്ദാനം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ജി സന്തോഷിനാണ് ആർ ആർ ടി യുടെ ചുമതല. നാല് വനംവകുപ്പ് ഉദ്യോഗസ്ഥരും പത്ത് താല്‍ക്കാലിക വാച്ചർമാരും സംഘത്തിലുണ്ടാകും.
കാട്ടാനകളെ നിരീക്ഷിക്കുന്നതിന് ഡ്രോണ്‍ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കും.