ചിന്നക്കനാൽ ഭൂമി കൈയ്യേറ്റം ; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റവന്യൂ മന്ത്രി റദ്ദാക്കി

ചിന്നക്കനാൽ ഭൂമി കൈയ്യേറ്റം ; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റവന്യൂ മന്ത്രി റദ്ദാക്കി

സ്വന്തം ലേഖിക

തൊടുപുഴ: ചിന്നക്കനാൽ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റവന്യൂ മന്ത്രി റദ്ദാക്കി. അന്വേഷണസംഘത്തിലെ പത്തുപേരെയും തിരിച്ചുവിളിച്ച നടപടി ഏറെ വിവാദമായതോടെയാണ് ഇ.ചന്ദ്രശേഖരന്റെ ഇടപെടൽ. ഇവരെ വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.

ദേവികുളം സബ് കളക്ടർ രേണുരാജിനെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് ചിന്നക്കനാൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തിൽ നിന്ന് തിരിച്ചുവിളിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാറിൽ എൺപതിലധികം കയ്യേറ്റങ്ങൾ ഒഴിപ്പിച്ച രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലംമാറ്റിയത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ്് ജോയ്‌സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് രേണു രാജ് റദ്ദാക്കിയിരുന്നു.

ജോയിസ് ജോർജ്ജിന്റെയും കുടുംബത്തിന്റെയും വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ദേവികുളം സബ് കലക്ടറിനെ മാറ്റി കൊണ്ടുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. ചിന്നക്കനാലിൽ വ്യാജപട്ടയം നിർമിച്ച് ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടർന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആർ.ഡി.എസ്. കമ്പനിയുടെയും പട്ടയങ്ങൾ റദ്ദാക്കിയിരുന്നു. ചിന്നക്കനാലിൽ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനയും നടത്തിവരികയായിരുന്നു.

മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ നടപടി തുടരുന്നതിനിടെയാണ് മൂന്ന് സബ് കലക്ടർമാർക്കും സർക്കാർ സ്ഥാന മാറ്റം നൽകിയത്. കഴിഞ്ഞ നവംബർ 19നാണ് രേണുരാജ് ചുമതലയേറ്റത്. മുതിരപ്പഴയുടെ തീരത്ത് പഞ്ചായത്ത് നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിന്റെ പണികൾ അടക്കമുള്ള കയ്യേറ്റങ്ങൾ സബ്കലക്ടർ തടഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു രേണു രാജിന്റെ നടപടികൾ. തുടർന്നാണ് ദേവികുളം എം.എൽ.എ എസ് രാജേന്ദ്രൻ സബ്കലക്ടർക്ക് എതിരെ രംഗത്തെത്തിയത്. പിന്നീട് എം.എൽ.എ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമാകുകയും ചെയ്തിരുന്നു