ചിങ്ങവനത്ത് ട്രെയിൻ ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു: നാലു കിലോമീറ്ററോളം ട്രെയിനിന്റെ എൻജിനിൽ കുടുങ്ങിക്കിടന്നത് കുറിച്ചി മലകുന്നം സ്വദേശിയുടെ മൃതദേഹം
സ്വന്തം ലേഖകൻ
കോട്ടയം: ചിങ്ങവന്നത്ത് നാലു കിലോമീറ്ററോളം ദൂരം ട്രെയിനിന് മുന്നിൽ കുടുങ്ങിക്കിടന്നത് കുറിച്ചി മലകുന്നം സ്വദേശിയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. കുറിച്ചി മലകുന്നം ജീരകക്കുന്ന് ചേരുകളം ജോസ് മകൻ ലിജോ (29)യാണ് മരിച്ചത് എന്നാണ് തിരിച്ചറിഞ്ഞത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കുറിച്ചി ഭാഗത്ത് വച്ച് യുവാവ് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. ഇയാളെ ഇടിച്ച ശേഷം മൃതദേഹം എൻജിന് മുന്നിൽ കുടുങ്ങിക്കിടന്നു. എൻജിനു മുന്നിലെ കമ്പിയിൽ കോർത്തു മൃതദേഹം കിടന്ന വിവരം ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ ചിങ്ങവനം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന്റെ എൻജിനു മുന്നിലെ കമ്പിയിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. കൊല്ലം എറണാകുളം പാസഞ്ചർ ട്രെയിനിനു മുന്നിലാണ് മൃതദേഹം കുടുങ്ങിക്കിടന്നത്.
ട്രെയിൻ കുറിച്ചി ഭാഗത്ത് എത്തിയപ്പോൾ യുവാവ് മുന്നിൽ ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു. ട്രെയിൻ ചിങ്ങവനം റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു ഇവർ വിവരം എൻജിൻ ഡ്രൈവർമാരെ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
രാവിലെ മുതൽ ലിജോയെ കാണാതെ വന്നതോടെ ബന്ധുക്കൾ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മൃതദേഹത്തിന് ലിജോയുമായി സാമ്യമുള്ളതായി സംശയിച്ചത്.തുടർന്ന് , ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.