video
play-sharp-fill

Saturday, July 5, 2025

20000 രൂപയില്‍ താഴെ വില, മികച്ച ക്യാമറ, ബാറ്ററി കരുത്ത്; ടെക്‌നോ പോവ 7, പോവ 7 പ്രോ എന്നിവ ഇന്ത്യയിലെത്തി

Spread the love

മുംബൈ: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 20,000 രൂപയില്‍ താഴെ വിലയിലൊതുങ്ങുന്ന ടെക്‌നോ പോവ 7, ടെക്‌നോ പോവ 7 പ്രോ എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് പ്രോസസറില്‍ വരുന്ന ഈ ഫോണുകള്‍ക്ക് 6,000 എംഎഎച്ച് ബാറ്ററി കരുത്തുണ്ട്. ഇരു സ്‌മാര്‍ട്ട്‌ഫോണുകളുടെയും സ്പെസിഫിക്കേഷനുകളും വിലയും വിശദമായി അറിയാം. ജൂലൈ 10 മുതല്‍ ഫ്ലിപ്‌കാര്‍ട്ടിലൂടെയാണ് ഈ ഫോണുകളുടെ വില്‍പന.

ടെക്‌നോ പോവ 7 പ്രോ സ്പെസിഫിക്കേഷനുകള്‍

ടെക്‌നോ പോവ 7 പ്രോ 6.78 ഇഞ്ചിന്‍റെ 1.5കെ അമോലെഡ് ഡിസ്‌പ്ലെ സഹിതം വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ്. 144 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. പീക്ക് ബ്രൈറ്റ്‌നസ് 4,500 നിറ്റ്‌സും. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7i സുരക്ഷയോടെ വരുന്ന ഫോണിന് ഐപി64 റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രോസസറിനൊപ്പം 8ജിബി റാമും 256 ജിബി വരെ യുഎഫ്‌എസ് 2.2 സ്റ്റോറേജും ക്രമീകരിച്ചിരിക്കുന്നു. 64 എംപിയുടെ സോണി ഐഎംഎക്സ്682 പ്രൈമറി ക്യാമറയുണ്ട് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇതിനൊപ്പം 4കെ 30fps വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയുള്ള 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സറും നല്‍കിയിട്ടുണ്ട്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ 13 മെഗാപിക്‌സലിന്‍റെതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെക്‌നോ പോവ 7 പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 18,999 രൂപയും, 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 19,999 രൂപയുമാണ് വില. മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ടെക്‌നോ പോവ 7 സ്പെസിഫിക്കേഷനുകള്‍

അതേസമയം, ടെക്‌നോ പോവ 7 വരുന്നത് 6.78 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ എല്‍സിഡി ഡിസ്‌പ്ലെയുമായാണ്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന ഡിസ്‌പ്ലെയുടെ പീക്ക് ബ്രൈറ്റ്‌നസ് 900 നിറ്റ്‌സാണ്. സമാന ഡൈമന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് പ്രോസസര്‍ സഹിതം വരുന്ന പോവ 7ല്‍ 8 ജിബി വരെ റാമും 2.2 യുഎഫ്‌എസ് സ്റ്റോറേജും സംയോജിപ്പിച്ചിരിക്കുന്നു. പോവ 7ല്‍ 50 എംപിയുടേതാണ് പ്രധാന റിയര്‍ ക്യാമറ. ഫ്രണ്ട് ക്യാമറ 13 മെഗാപിക്‌സലിന്‍റെതും. 6,000 എംഎഎച്ച് ബാറ്ററിയും 45 വാട്സ് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗുമാണ് രണ്ട് ഫോണിനുമുള്ളത്. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള HiOS-ലാണ് ഫോണുകളുടെ പ്രവര്‍ത്തനം.

ടെക്‌നോ പോവ 7-ന്‍റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 14,999 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 15,999 രൂപയുമാണ് വില. മൂന്ന് കളര്‍ ഓപ്ഷനുകള്‍ തന്നെയാണ് ഈ സ്‌മാര്‍ട്ട്‌ഫോണിനുമുള്ളത്.