
ബീജിംഗ്: നിയമവിരുദ്ധമായ വിവാഹങ്ങള്‍ ഒഴിവാക്കണമെന്ന് ബംഗ്ലാദേശിലെ ചൈനീസ് എംബസി. ‘ക്രോസ്‌ബോർഡർ ഡേറ്റിംഗ്’ പോലുള്ളവയില്‍ വീഴരുതെന്നും സോഷ്യല്‍ മീഡിയ വഴിയോ വാണിജ്യ മാച്ച് മേക്കിംഗ് ഏജൻസികള്‍ വഴിയോ ‘വിദേശ ഭാര്യമാരെ’ അന്വേഷിക്കരുതെന്നും എംബസി ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി.
‘വിദേശ ഭാര്യയെ വാങ്ങുക’ എന്ന ആശയം നിരസിക്കാനും ബംഗ്ലാദേശില്‍ നിന്ന് വിവാഹം കഴിക്കുന്നതിന് മുമ്ബ് ശ്രദ്ധാപൂർവ്വം ചിന്തിക്കാനും പൗരന്മാരോട് അഭ്യർത്ഥിച്ചു. ചൈനയില്‍ വധുക്കടത്തിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് ഈ മുന്നറിയിപ്പുകള്‍ വരുന്നത്.
ഇപ്പോള്‍ നിർത്തലാക്കപ്പെട്ട ഒറ്റ കുട്ടി നയവും ആണ്‍മക്കളോടുള്ള മുൻഗണനയും കാരണം ചൈന ലിംഗപരമായ അസന്തുലിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏകദേശം 30 ദശലക്ഷം ചൈനീസ് പുരുഷന്മാർക്ക് ഇണയെ കണ്ടെത്താൻ കഴിയുന്നില്ല. ചൈനയില്‍ വിവാഹങ്ങള്‍ കുറഞ്ഞു. ഇതോടെ വിദേശത്തുനിന്ന് വധുവിനെ തേടേണ്ട അവസ്ഥയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹത്തിന്റെ മറവില്‍ ബംഗ്ലാദേശി സ്ത്രീകളെ ചൈനയില്‍ വില്‍ക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വിവാഹങ്ങളില്‍ ഭൂരിഭാഗവും ചൂഷണപരമായിട്ടാണ് നടക്കുന്നതെന്നും ഗുരുതരമായ നിയമ നടപടിക്ക് ഇടയാക്കുമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
പ്രണയവിവാഹ തട്ടിപ്പുകള്‍ക്ക് ഇരയായവർ ഉടൻ തന്നെ ചൈനയിലെ പബ്ലിക് സെക്യൂരിറ്റി അതോറിറ്റിയെ അറിയിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ നിയമവിരുദ്ധമായ അതിർത്തി കടന്നുള്ള വിവാഹങ്ങളില്‍ ഏർപ്പെടുന്നവരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.