video
play-sharp-fill
പൂട്ടിക്കിടന്ന ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണു ; 16കാരന് ദാരുണാന്ത്യം

പൂട്ടിക്കിടന്ന ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണു ; 16കാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് 16കാരന് ദാരുണാന്ത്യം. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ അനന്തു ആണ് മരിച്ചത്. ജപ്തി നടപടികളെ തുടര്‍ന്ന് ഏറെ നാളുകളായി കശുവണ്ടി ഫാക്ടറി പൂട്ടികിടക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ആറുപേര്‍ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തുന്നത്. തുടര്‍ന്നാണ് ചിമ്മിനി തകര്‍ന്നു അപകടം ഉണ്ടാകുന്നത്.

അനന്തുവിനൊപ്പം സുഹൃത്തുക്കളും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നുണ്ടെന്ന് രാത്രി എട്ടുമണിയോടെ വാര്‍ത്ത പരന്നത് നാടിനെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. രാത്രി 11 മണിവരെ നീണ്ട തിരച്ചില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റാരുമില്ലെന്ന് ഉറപ്പിച്ചശേഷമാണ് അവസാനിപ്പിച്ചത്. സംഭവസമയത്ത് അനന്തുവിന് ഒപ്പമുണ്ടായിരുന്നവര്‍ അവരവരുടെ വീടുകളിലുണ്ടെന്ന് ഉറപ്പിക്കാനായതും സംശയത്തിനു വിരാമമിട്ടു.

രാത്രി ഒന്‍പതരയോടെയാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ ആദിത്യന്‍, കാര്‍ത്തിക്, ഷെഫീര്‍, സെയ്ദലി, മാഹീന്‍, അനന്തു എന്നിവരാണ് ഫാക്ടറി കെട്ടിടത്തില്‍ ഇരുന്നത്. പൊടുന്നനെ ചിമ്മിനി ഉള്‍പ്പെടെയുള്ള കെട്ടിടം തകര്‍ന്നുവീണതോടെ ഇവര്‍ ഇറങ്ങിയോടി. അനന്തുവും ഒപ്പമുണ്ടെന്നാണ് കരുതിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനന്തു വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ് കിളികൊല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മണ്ണുമാന്തിയന്ത്രമെത്തിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു. കടപ്പാക്കടയില്‍നിന്ന് പിന്നാലെ അഗ്‌നിരക്ഷാസേനയും എത്തി. ഇവിടെ ഫാക്ടറിയോടു ചേര്‍ന്ന പുരയിടത്തില്‍ കുട്ടികള്‍ പതിവായി കളിക്കാനെത്താറുണ്ടെന്നും കെട്ടിടത്തിനുള്ളില്‍ കടക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.