video
play-sharp-fill

ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന് ഹൃദയം തുന്നിച്ചേർത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി; അതിസങ്കീർണ്ണമാക്കിയ ശസ്ത്രക്രിയ വിജയമാക്കിയത് ഡോക്ടർമാരുടെ മിടുക്ക്; ജീവിതത്തിലേയ്ക്കു മടങ്ങിയെത്തി പിഞ്ചു കുഞ്ഞ്

ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന് ഹൃദയം തുന്നിച്ചേർത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി; അതിസങ്കീർണ്ണമാക്കിയ ശസ്ത്രക്രിയ വിജയമാക്കിയത് ഡോക്ടർമാരുടെ മിടുക്ക്; ജീവിതത്തിലേയ്ക്കു മടങ്ങിയെത്തി പിഞ്ചു കുഞ്ഞ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന് അപൂർവമായ ഹൃദയ ശസ്ത്രക്രിയ. ജനിച്ചു ഒരു ദിവസം പ്രായമായ കുട്ടിയ്ക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യപൂർവമായ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. മെഡിക്കൽ കോളേജിലെ നവജാത ശിശുവിഭാഗം, അനസ്‌തേഷ്യ വിഭാഗം, കാർഡിയോളജി – കാർഡിയോതൊറാസിക് വിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവിടങ്ങളിലെ ഡോക്ടർമാർ ഒത്തു ചേർന്നാണ് പരിശോധന നടത്തിയത്.

കാഞ്ഞിരപ്പള്ളി ഊരനാട് സ്വദേശികളായ അജു സുമിമോൾ ദമ്പതിമാരുടെ കുട്ടിയ്ക്കാണ് ട്രാൻസ്‌പൊസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറി വിത്ത് ഇൻടാക്റ്റ് വെന്റട്രികുലാർ സെപ്റ്റം എന്ന ഗുരുതരമായ അസുഖം കണ്ടെത്തിയത്. ഹൃദയസംബന്ധമായ ഈ അവസ്ഥ പരിഹരിക്കുന്നതിനു വളരെ സങ്കീർണമായ ആർട്ടറി സ്വിച്ച് ഓപ്പറേഷനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭിണിയായിരിക്കുമ്പോൾ തന്നെ സുമിമോൾക്ക് നടത്തിയ സ്‌കാനിംങിൽ കുട്ടിയ്ക്കു ഹൃദയത്തിനു തകരാറുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി – ഗൈനക്കോളജി വിഭാഗങ്ങൾ ഒത്തു ചേർന്നു ഗർഭസ്ഥ ശിശുവിനെയും അമ്മയെയും പരിചരിക്കുകയായിരുന്നു.

ജനനത്തോടെ തന്നെ കുട്ടിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയാനും, തലച്ചോറ് ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളെ ഇത് ബാധിക്കാനും ഇടയാക്കുന്ന അവസ്ഥയിലായിരുന്നു കുട്ടി. ഇതേ തുടർന്നു ഗൈനക്കോളജി വിഭാഗത്തിലെ ഡോ.സോണിയയും ഡോ.വീരേന്ദ്രകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രത്യേക തയ്യാറെടുപ്പുകൾ പ്രസവത്തിനായി നടത്തിയിരുന്നു.

ജനിച്ച ഉടൻ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റി. തുടർന്നു, കുട്ടിയുടെ ശരീരത്തിന്റെ ഊഷ്മാവും ഓക്‌സിജനും നിലനിർത്തുന്നതിനുള്ള മരുന്നുകൾ നൽകുകയും ചെയ്തു. രാത്രിയിൽ കുട്ടിയുടെ നില മോശമായതോടെ കാർഡിയോതൊറാസിക് വിഭാഗത്തിലെ ശിശുക്കളുടെ ഐ.സി.യുവിലേയ്ക്കു കുട്ടിയെ മാറ്റി. തുടർന്നു അനസ്‌തേഷ്യ വിഭാഗത്തിലെ അസി.പ്രഫസർ ഡോ.മഞ്ജുഷയുടെ നേതൃത്വത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കുകയും ചെയ്തു.

രണ്ടാം ദിവസം രാവിലെ എട്ടു മണിയ്ക്കു തന്നെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ.തോമസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് ഒരു മണിയോടെ പൂർത്തിയാക്കി. ഇന്ന് കുട്ടിയെ ആശുപത്രിയിൽ നിന്നും വിട്ടയക്കും.

മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളുടെ ഏകോപനവും കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയിലെ വിദഗ്ധരായ ഡോ.തോമസ്, ഡോ.മഞ്ജുഷ എന്നിവരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സഹകരണം കൊണ്ടാണ് ശസ്ത്രക്രിയ വിജയമാക്കാൻ സാധിച്ചതെന്നു കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ.ടി.കെ ജയകുമാർ അറിയിച്ചു. കുട്ടികൾക്കു മാത്രമായി ആശുപത്രിയിൽ ഒരു കോടി രൂപ മുടക്കി ഐ.സി.യുവും ഓപ്പറേഷൻ തീയറ്ററും നിർമ്മിക്കുകയാണ്. ഇതു കൂടിയാകുമ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയിൽ സെന്റർ ഓഫ് എക്‌സലൻസ് ആകും.