പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി ലൈൻ തിങ്കളാഴ്ചയ്‌ക്കുള്ളിൽ മാറ്റും; ബാലാവകാശ കമ്മീഷൻ ഇന്ന് സ്‌കൂളിൽ പരിശോധന നടത്തും

Spread the love

കൊല്ലം: വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനും ഇന്ന് സ്‌കൂളിൽ പരിശോധന നടത്തും. തേവലക്കര ബോയ്സ് എച്ച് എസിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് ത്രീഫേസ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

വിദ്യാർത്ഥിയ്ക്ക് ഷോക്കേറ്റ വൈദ്യുതി ലൈൻ തിങ്കളാഴ്ചയ്‌ക്കുള്ളിൽ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് വിശദമായ റിപ്പോർട്ട് കൈമാറും. സ്‌കൂളിലെ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. സ്‌കൂളിൽ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തും.

കൂടാതെ സ്‌കൂൾ അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.
ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകര ഷെഡിന് മുകളിൽ വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴി ത്രീ ഫേസ് ലോ ടെൻഷൻ വൈദുതി ലൈനിലേക്ക് വീഴുകയായിരുന്നു.സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ് മിഥുൻ. സുജ വിദേശത്താണ്. ഇന്നലെ വീഡിയോ കോളിലൂടെ ബന്ധുക്കൾ മരണ വിവരം അറിയിച്ചിരുന്നു.