play-sharp-fill
ആറ് മാസത്തിനിടെ കോഴിക്കോട്ടുനിന്നുമാത്രം കാണാതായത് 110 കൗമാരക്കാരെ; ഞെട്ടലോടെ മാതാപിതാക്കൾ

ആറ് മാസത്തിനിടെ കോഴിക്കോട്ടുനിന്നുമാത്രം കാണാതായത് 110 കൗമാരക്കാരെ; ഞെട്ടലോടെ മാതാപിതാക്കൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: കഴിഞ്ഞ ആറുമാസത്തിനിടെ കോഴിക്കോട്ടുനിന്നുമാത്രം കാണാതായത് 18 വയസ്സിനുതാഴെയുള്ള 110 കുട്ടികളെയെന്ന് റിപ്പോർട്ട്. മെയ് 23 മുതൽ 30 വരെ രണ്ടുകുട്ടികളെ കാണാതായി. ജൂണിൽ ആറും ജൂലൈയിൽ 34 ഉം ആയിരുന്നു. ആഗസ്തിൽ 22, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ 14 വീതം, നവംബറിൽ 18 എന്നീ തോതിലും കാണാതായ സംഭവങ്ങളാണ് ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തിതിരിക്കുന്നത്. കാണാതായ കുട്ടികളെ പൊലീസ് സഹായത്തോടെ കണ്ടെത്തി വീണ്ടും കുടുംബത്തിലേക്ക് തിരിച്ചയച്ചു. ചൈൽഡ് ലൈൻ യൂണിറ്റിൽനിന്ന് ആവശ്യമായ കൗൺസലിങ് നൽകിയാണ് കുട്ടികളെ വീടുകളിൽ എത്തിച്ചത്. സ്‌കൂളുകളിൽനിന്ന് ക്ലാസ് കട്ട്‌ചെയ്ത് പകൽസമയങ്ങൾ ചെലവഴിക്കാൻ പോയ കുട്ടികളുമുണ്ട്. 92 കുട്ടികളെയാണ് ആറുമാസത്തിനിടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ആരംഭിച്ച ചൈൽഡ് ലൈൻ യൂണിറ്റിൽ മാത്രം ഇത്തരത്തിൽ കണ്ടെത്തി റിപ്പോർട്ട്് ചെയ്തത്.

മെയ് 23 മുതലാണ് റെയിൽവേ സ്‌റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ യൂണിറ്റ് തുടങ്ങിയത്. ഇതിനുശേഷം 258 കുട്ടികൾക്ക് കൗൺസലിങ് അടക്കമുള്ള സഹായങ്ങൾ ചൈൽഡ് ലൈൻ നൽകി. ഇതിൽ കൂടുതലും ആൺകുട്ടികളാണ്. 237 ആൺകുട്ടികൾക്ക് കൗൺസലിങ് നൽകി. 21 പെൺകുട്ടികൾക്കും. ഇതിൽ 195 കുട്ടികളെ കുടുംബത്തോടൊപ്പം അയക്കാനായി. 63 കുട്ടികളെ ശിശുപരിപാലന കേന്ദ്രങ്ങളിലാക്കി. പീഡനത്തിനിരയായ ആറുകുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാക്കി. രാവിലെ ഏഴിനും രാത്രി എട്ടിനും ഇടയ്ക്കാണ് കുട്ടികളെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് കണ്ടെത്തുന്നത്. പൊലീസ് പിടികൂടി ഇവരെ റെയിൽവേ സ്‌റ്റേഷനിലെ ചൈൽഡ് ലൈൻ യൂണിറ്റിൽ എത്തിക്കും. പൊലീസ് സഹായത്തോടെ കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തുകയും കൗൺസലിങ് നടത്തി തിരിച്ചയക്കുകയും രക്ഷിതാക്കളോ ബന്ധുക്കളോ ഇല്ലാത്തവരെ ശിശു പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലവേല, ബാല ഭിക്ഷാടനം എന്നിവയിലേർപ്പെട്ട കുട്ടികളെ പുനരധിവസിപ്പിക്കാനും ചൈൽഡ് ലൈൻ നടപടിയെടുത്തു. 11 കുട്ടികളെയാണ് പുനരധിവസിപ്പിച്ചത്. അനാശാസ്യങ്ങളിലേർപ്പെടുന്ന അപൂർവം കുട്ടികളുമുണ്ട്. കുടുംബബന്ധങ്ങളിലെ ശൈഥില്യവും രക്ഷിതാക്കളുടെ നോട്ടക്കുറവുമാണ് കുട്ടികളെ വീടുകളിൽ നിന്നകറ്റുന്നതെന്നാണ് വിലയിരുത്തൽ. സ്‌കൂളുകൾ കേന്ദ്രീകരിച്ചും മറ്റും ബോധവൽക്കരണം നടത്തി ഇതിനെ മറികടക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ചൈൽഡ് ലൈൻ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്.