
കൊച്ചി: ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനായി പ്രത്യേക സംഘം പുറപ്പെടും. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും വനിതാ ശിശുസംരക്ഷ സമിതിയിലെ ജീവനക്കാരുടെയും സംരക്ഷണയിൽ, എ.സി. കോച്ചിലായിരിക്കും നിധിയുടെ ആദ്യ ട്രെയിൻ യാത്ര.
ആറ് മാസം പ്രായമുള്ള കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന റാഞ്ചിക്കടുത്തുള്ള ലോഹാർഡഗ സ്വദേശികളായ മംഗലേശ്വരും രഞ്ജിതയുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. പൂർണ വളർച്ച എത്താത്തതിനാൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നൽകാൻ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ ജാർഖണ്ഡിലേക്ക് മടങ്ങി. അധികം വൈകാതെ സർക്കാർ കുഞ്ഞിനെ ഏറ്റെടുത്ത് ‘നിധി’ എന്ന് പേര് നൽകി.കുഞ്ഞ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലാണ് കഴിഞ്ഞിരുന്നത്. കുട്ടി മരിച്ചെന്ന ധാരണയിലായിരുന്നു മാതാപിതാക്കൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാർഖണ്ഡിൽ നിന്ന് വീഡിയോ കോളിൽ കുഞ്ഞിനെ കണ്ട ദമ്പതികൾ പൊലീസ് നിർദ്ദേശപ്രകാരം ഏപ്രിലിൽ കൊച്ചിയിലെത്തി. എന്നാൽ, നിധിയെ ഇവർക്കൊപ്പം വിടാൻ സി.ഡബ്ല്യു.സി. തയ്യാറായില്ല. തുടർന്നാണ് കുഞ്ഞിനെ ജാർഖണ്ഡ് ശിശുസംരക്ഷണ സമിതിക്ക് കൈമാറാൻ തീരുമാനിച്ചത്. നിധിയെ മാതാപിതാക്കൾക്ക് വിട്ടുനൽകുന്നതിൽ ജാർഖണ്ഡ് സി.ഡബ്ല്യു.സിക്ക് തീരുമാനമെടുക്കാം.