കുപ്പിയിൽ മിശ്രിതം നിറച്ച് കഞ്ചാവ് വലി: എരുമേലിയിൽ പിടിയിലായ യുവാക്കൾ ലഹരിയുടെ പുതു വഴി തേടി; വീണ്ടും വീണ്ടും എരുമേലിയിൽ ലഹരി ഉപയോഗിക്കുന്ന കുട്ടികൾ പിടിയിലാകുന്നു
സ്വന്തം ലേഖകൻ
എരുമേലി: മാസങ്ങളുടെ ഇടവേളയ്ക്കിടെ ലഹരിയുടെ പുതു വഴി തേടിയ വിദ്യാർത്ഥികൾ എരുമേലിയിൽ പിടിയിലായി. ലഹരി ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കുട്ടികളെ മാസങ്ങൾക്കു മുൻപ് എരുമേലിയിൽ നിന്നും പിടികൂടിയിരുന്നു. ഇപ്പോൾ ലഹരിയുടെ പുതുവഴി തേടിയ കുട്ടികളെയാണ് എരുമേലിയിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയിരിക്കുന്നത്. കഞ്ചാവും, മറ്റ് മരുന്നുകളും പ്ലാസ്റ്റിക്ക് കുപ്പിയിൽ നിറച്ച് വലിച്ച യുവാക്കളുടെ സംഘത്തെയാണ് എക്‌സൈസ് പിടികൂടിയിരിക്കുന്നത്.
ലഹരി ഉപയോഗിക്കുന്നതിനു കുറുക്ക് വഴി തേടിയ വിദ്യാർത്ഥി സംഘത്തെ എരുമേലി പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കണമല വാർഡംഗം അനീഷ് വാഴയിൽ ആണ് ലഹരിവസ്തുക്കളുമായി വിദ്യാർത്ഥികളെ പിടികൂടിയത്. തുടർന്ന് എക്‌സൈസ് സംഘത്തെ വിളിച്ചു വരുത്തിയ ശേഷം വിദ്യാർത്ഥികളെ ഇവർക്ക് കൈമാറി. എക്‌സൈസ് അധികൃതർ താക്കീത് നൽകി വിദ്യാർത്ഥികളെ വിട്ടയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കായി കൗൺസിലിംഗ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. എരുമേലിയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതിരാവിലെ നദീതീരത്ത് ചെറിയ തോതിൽ വെളുത്ത പുകപടലം ഉയരുന്നത് എന്താണെന്നറിയാൻ അനീഷ് ചെന്ന് നോക്കുമ്പോഴാണ് കുപ്പിയിൽ എന്തോ മിശ്രിതം കത്തിച്ച് പുക ശ്വസിക്കുന്ന വിദ്യാർത്ഥികളെ കണ്ടത്. അപ്പോൾ തന്നെ വിദ്യാർത്ഥികളെ തടഞ്ഞു വച്ച ഇദ്ദേഹം എക്സൈസ് അധികൃതരെ വിവരമറിയിക്കകുയായിരുന്നു.
ഇതിനിടയിൽ ലഹരി അടങ്ങിയ ബാക്കി പൊതി വിദ്യാർത്ഥികൾ നദിയിലേക്ക് വലിച്ചെറിഞ്ഞു. എരുമേലി എക്സൈസ് റേഞ്ച് അധികൃതർ സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു. കഴിഞ്ഞയിടെ പമ്പ റോഡിൽ നിലക്കൽ ഭാഗത്ത് വെച്ച് എരുമേലിയുടെ കിഴക്കൻ മേഖലയിലെ ഒരു വിദ്യാർത്ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. എരുമേലിയിലും കിഴക്കൻ മലയോര പ്രദേശങ്ങളിലും വിദ്യാർത്ഥികളിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുകയാണ്. കഴിഞ്ഞയിടെ രാസനിർമ്മിത പശയും ജെല്ലും ഉപയോഗിച്ച് ലഹരിയുടെ പുക വിദ്യാർത്ഥി സംഘം ശ്വസിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.