
ആലുവ: ഉണങ്ങിയ തെങ്ങിലെ ദ്വാരത്തിൽ നിന്ന് കൂട്ടുകാർക്കൊപ്പം തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീണ് 12കാരന് ദാരുണാന്ത്യം.ആലുവ യു.സി കോളേജ് വയലക്കാട് വയലോടൻ വീട്ടിൽ സുധീറിന്റെ ഏകമകൻ വി.എസ്.മുഹമ്മദ് സിനാൻ(12) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12നാണ് അപകടം.
സെറ്റിൽമെന്റ് സ്കൂളിന്റെ ഉടമസ്ഥയിലുള്ള പറമ്പിൽ 4കൂട്ടുകാരോടൊപ്പം ചൂണ്ടയിടുന്നതിനുള്ള പനങ്കൈ വെട്ടാൻ എത്തിയതായിരുന്നു സിനാൻ. ഇതിനിടെയാണ് സമീപത്തെ 12 മീറ്ററിലേറെ ഉയരമുള്ള ഉണങ്ങിയ തെങ്ങിൽ നിന്ന് മൈന പറന്നുപോകുന്നത് കണ്ടത്
.തെങ്ങിന് മുകളിലെ ദ്വാരത്തിൽ ഇതിന്റെ കുഞ്ഞുങ്ങൾ ഉണ്ടെന്ന ധാരണയിൽ കുട്ടികൾ തെങ്ങ് കുലുക്കി മറിക്കാൻ ശ്രമിച്ചു.തെങ്ങ് ചരിഞ്ഞതോടെ മറ്റുള്ളവർ ഓടിമാറിയെങ്കിലും സിനാൻ അടിയിൽപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് കുട്ടികൾ ദേഹത്ത് നിന്നു തെങ്ങ് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നീട് നാട്ടുകാരെ വിളിച്ചുകൂട്ടി ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.
പിതാവ് സുധീർ പെയിന്റിംഗ് തൊഴിലാളിയാണ്. മാതാവ്: സഫിയ.