വിമാനത്താവളത്തിലെ ഭക്ഷണശാലയുടെ മാലിന്യക്കുഴിയിൽ വീണ് മൂന്നുവയസുകാരൻ മരിച്ച സംഭവം: ഭക്ഷണശാല താത്കാലികമായി അടച്ചു; നടപടികൾ പൂർത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Spread the love

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണുമരിച്ച പിഞ്ചുബാലന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. രാജസ്ഥാൻ ഗായത്രി നഗറിൽ സൗരഭിന്റെ മകൻ റിദാൻ ജാജു (3) വിന്റെ മൃതദേഹമാണ് ഇൻഡിഗോ വിമാനത്തിൽ ഹൈദരാബാദ് വഴി ജയ്‌പുരിലേക്ക് കൊണ്ടുപോയത്.

video
play-sharp-fill

സിയാൽ ഇടപെട്ട് ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് വെള്ളിയാഴ്ച രാത്രി തന്നെ കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. തുടർന്ന് എംബാം ചെയ്ത മൃതദേഹം രാത്രി തന്നെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച് കാർഗോ വിഭാഗത്തിൽ സൂക്ഷിച്ചു.

കുട്ടിയുടെ കുടുംബാംഗങ്ങളെ രാത്രി വിമാനത്താവളത്തിലെത്തിച്ച് സിയാൽ 0484 എയ്‌റോ ലോഞ്ചിൽ താമസിപ്പിച്ചു. രാവിലെ മൃതദേഹം വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. കേരളത്തിൽ എട്ടുദിവസത്തെ വിനോദസഞ്ചാരത്തിന് എത്തിയതാണ് സൗരഭും സംഘവും. വെള്ളിയാഴ്ച രാവിലെ 11.20ന് കൊച്ചിയിൽ വിമാനമിറങ്ങിയ ഇവർ പോലീസ് എയ്ഡ് പോസ്റ്റിന് മുൻപിലുള്ള അന്ന സാറ കഫേയിൽ ഭക്ഷണം കഴിക്കാൻ കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണശാലയിൽനിന്ന് പുറത്തിറങ്ങിയ റിദാൻ കളിക്കുന്നതിനിടെ സമീപത്തെ മാലിന്യക്കുഴിയിൽ വീഴുകയായിരുന്നു. പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി മരിച്ച സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ അന്ന സാറ കഫേ താത്കാലികമായി അടയ്ക്കാൻ സിയാൽ നിർദേശം നൽകി.

കഫേയിൽ നിന്നുള്ള മാലിന്യങ്ങൾ അടിഞ്ഞിരുന്ന കുഴിയിലാണ് കുട്ടി വീണത്. കുഴമ്പ് രൂപത്തിലുള്ള മാലിന്യത്തിൽ മുങ്ങിപ്പോയതിനാലാണ് കുട്ടി മരിച്ചത്. ഏതാനും ദിവസം മുൻപ് ഈ കുഴിയുടെ ഉയരം കൂട്ടിയിരുന്നു. എന്നാൽ സ്ലാബിട്ടിരുന്നില്ല.