
കുട്ടികളിൽ കണ്ടുവരുന്ന ഭൂരിഭാഗം കാൻസറുകൾക്കെതിരേയും ശാസ്ത്രീയമായ ചികിത്സയിലൂടെ വിജയം കൈവരിക്കാവുന്നതാണ്. പണ്ട് ചികിത്സയില്ലാതിരുന്ന പല കാൻസറുകളെയും പുതിയ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി, ഇപ്പോൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
കുട്ടികളിൽ കണ്ടുവരുന്ന രക്താർബുദം, വൃക്കയെ ബാധിക്കുന്ന നെഫ്രോബ്ലാസ്റ്റോമ, കഴലകളെ ബാധിക്കുന്ന ഹോഡ്ജകിൻ ലിംഫോമ (Hodgkin’s Lymphoma) മുതലായ കാൻസറുകളിൽ വിജയസാധ്യത 90 ശതമാനത്തിലും മുകളിലെത്തിയിട്ടുണ്ട്. ഇതിന് പ്രധാനകാരണം,
ഈ മേഖലയിൽ ലോകമെമ്പാടും നടന്നുവരുന്ന ഗവേഷണങ്ങളും അവയുടെ കണ്ടെത്തലുകളുമാണ്. അനുബന്ധ (അത്യാഹിത/തീവ്രപരിചരണ) സേവനങ്ങളിൽ കൈവരിച്ചിട്ടുള്ള നൈപുണ്യവും അതിജീവനം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളിലും കൗമാരക്കാർക്കിടയിലും കാൻസർമൂലമുള്ള മരണനിരക്ക് 1980-കളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികളിലെ കാൻസർ ചികിത്സയിൽ നേടിയെടുക്കാവുന്ന വിജയം പക്ഷേ, ലോകമെമ്പാടും വളരെ വ്യത്യസ്തമാണ്.
പാശ്ചാത്യരാജ്യങ്ങൾ കൈവരിച്ചുവരുന്ന വിജയം പലകാരണങ്ങളാൽ വികസ്വരരാജ്യങ്ങളിൽ നേടാൻ സാധിച്ചിട്ടില്ല. അതേസമയം ലോകത്തിൽ കാൻസർ ബാധിച്ച ഏകദേശം 75 ശതമാനം കുട്ടികളുള്ളത് വികസ്വരരാജ്യങ്ങളിലാണുതാനും.
ഇതിൽ പകുതിയോളം കുട്ടികൾ പക്ഷേ, അസുഖം നിർണയിക്കുന്നതിനുമുൻപേതന്നെ മരണപ്പെടുന്നു. നമ്മുടെ രാജ്യത്ത് കാൻസർ ചികിത്സയിൽ ഉന്നതവിജയം കൈവരിക്കാൻ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
മെച്ചപ്പെട്ട രോഗനിർണയസൗകര്യങ്ങൾ, പൊതുജനങ്ങളിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം, സർക്കാരിൽനിന്നുള്ള സാമ്പത്തികസഹായം, എൻ.ജി.ഒ.കളുടെ പങ്കാളിത്തം, മെച്ചപ്പെട്ട ഗവേഷണസൗകര്യങ്ങൾ മുതലായവ കാൻസറിനെതിരേയുള്ള യുദ്ധത്തിൽ വിജയം സുനിശ്ചിതമാക്കാൻ സഹായിക്കും.
കുട്ടികളിൽമാത്രമായി കണ്ടുവരുന്ന കാൻസറുണ്ടോ? കുട്ടികളിലെ കാൻസർ മുതിർന്നവരിൽനിന്ന് വ്യത്യസ്തമാണോ?
കുട്ടികളിൽ കണ്ടുവരുന്ന കാൻസറുകൾ മുതിർന്നവരിൽ കണ്ടുവരുന്നവയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. കുട്ടികളിൽ കാൻസർ മുതിർന്നവരിൽ കാണുന്നതുപോലെ ഒരു സർവസാധാരണ അസുഖമല്ല.
കുട്ടികളിൽ രക്താർബുദമാണ് കൂടുതൽ കണ്ടുവരുന്നതെങ്കിൽ, മുതിർന്നവരിലത് അവയവസംബന്ധമായ (ഉദാ: ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരൾ, അണ്ഡാശയം, ഗർഭപാത്രം മുതലായവയിൽ) കാൻസറുകളാണ്.
ജീവിതശൈലിയും പാരിസ്ഥിതികഘടകങ്ങളും മുതിർന്നവരിൽ കാൻസറുണ്ടാകാൻ കാരണമാവുന്നുണ്ടെങ്കിലും കുട്ടികളിൽ കാൻസറുണ്ടാവുന്നതിൽ ചില അപൂർവസാഹചര്യങ്ങളൊഴികെ ഇവയുടെ പങ്ക് വ്യക്തമല്ല.
പ്രതിരോധ കുത്തിവെപ്പുകൾകൊണ്ട്, മുതിർന്നവരിൽ ചിലയിനം കാൻസറുകളുണ്ടാവാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും (ഉദാ: സെർവിക്കൽ കാൻസർ തടയാനായുള്ള എച്ച്.പി.വി. വാക്സിൻ, ഹെപ്പാറ്റോസെല്ലുലാർ കാർസിനോമ തടയാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ.) പക്ഷേ, കുട്ടികളിൽ കണ്ടുവരുന്ന കാൻസറുകൾക്ക് നിലവിൽ പ്രതിരോധ കുത്തിവെപ്പുകളില്ല. മരുന്നുകളുടെ പാർശ്വഫലങ്ങൾ കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിലാണ് കൂടുതൽ കണ്ടുവരുന്നത്.
ശാസ്ത്രീയമായ ചികിത്സയിലൂടെ കുട്ടികളിൽ കാൻസർ ചികിത്സയുടെ വിജയസാധ്യതകൾ മുതിർന്നവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പലപ്പോഴും മാതാപിതാക്കൾ ചോദിക്കാറുണ്ട്, കുട്ടികളിൽ മുതിർന്നവർക്ക് കൊടുക്കുന്ന അതേ ഡോസിലാണോ മരുന്ന് കൊടുക്കുക എന്ന്? ഒരിക്കലും മുതിർന്നവർക്ക് കൊടുക്കുന്ന ഡോസിലല്ല, കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നത്. കുട്ടിയുടെ ഭാരത്തിനും ഉയരത്തിനും അനുസരിച്ചാണ് ഓരോ കുട്ടിക്കും കൊടുക്കേണ്ട മരുന്നിന്റെ ഡോസ് കണക്കാക്കുന്നത്.
കുട്ടികളിൽ കണ്ടുവരുന്ന ചില കാൻസറുകൾ, ഉദാ: കണ്ണിനെ ബാധിക്കുന്ന റെറ്റിനോബ്ലാസ്റ്റോമ, കരളിനെ ബാധിക്കുന്ന ഹെപറ്റോബ്ലാസ്റ്റോമ, നാഡികളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ എന്നിവ വളരെ അപൂർവമായിമാത്രമേ, മുതിർന്നവരിൽ കണ്ടുവരാറുള്ളൂ. അതേസമയം, മുതിർന്നവരിൽ സാധാരണമായി കണ്ടുവരുന്ന ത്വക്കിലെ കാൻസർ, ദഹനനാളത്തിലെ കാൻസർ എന്നിവ കുട്ടികളിൽ കാണാറുമില്ല.
മജ്ജ മാറ്റിവയ്ക്കൽ ചികിത്സാരീതി എങ്ങനെയാണ്. ഇത് ചെലവേറിയ ചികിത്സയാണോ?
മജ്ജ മാറ്റിവയ്ക്കൽ ചികിത്സ കാൻസറിനെതിരേയുള്ള മനുഷ്യന്റെ പോരാട്ടത്തിലെ ഒരു പ്രധാന ആയുധമാണ്. ഇത് സാധാരണ ഒരു പ്രാഥമിക ചികിത്സാരീതിയല്ലെങ്കിലും അസുഖം തിരിച്ചുവരുന്ന സാഹചര്യങ്ങളിൽ, അല്ലെങ്കിൽ ഗൗരവസ്വഭാവമുള്ള കാൻസറുകളുടെ ചികിത്സയ്ക്കായി ഇത് ഉപയോഗപ്പെടുത്തിവരുന്നു.
സാധാരണമായി ഇതിനെ മജ്ജ മാറ്റിവയ്ക്കൽ ‘ശസ്ത്രക്രിയ’ എന്ന് വിളിക്കുമെങ്കിലും, മജ്ജ മാറ്റിവയ്ക്കൽ ‘ചികിത്സ’ എന്ന് വിളിക്കുന്നതാണ് ഉചിതം, കാരണം ഇത് ഒരു ശസ്ത്രക്രിയയല്ല.
ഈ ചികിത്സാരീതിയിൽ അനുയോജ്യമായ ഒരു ദാതാവിന്റെ അല്ലെങ്കിൽ രോഗിയുടെ തന്നെ (മജ്ജയിൽ രോഗം ഇല്ലാത്ത സാഹചര്യങ്ങളിൽ) വിത്തുകോശങ്ങൾ / മൂലകോശങ്ങൾ മുൻകൂട്ടി ശേഖരിച്ചുവെച്ചതിനുശേഷം, രോഗിക്ക് ശക്തിയായ മരുന്നുകൾ കൊടുത്ത് മജ്ജയുടെ പ്രവർത്തനം നിലയ്ക്കുന്ന സമയത്ത് നാഡി വഴി വിത്തുകോശങ്ങളെ ശരീരത്തിലേക്ക് നൽകുന്നു.
അനുയോജ്യമായ വിത്തുകോശങ്ങൾ സഹോദരങ്ങളിൽ നിന്ന് കിട്ടിയില്ലെങ്കിൽ ലോകമെമ്പാടുമുള്ള മൂലകോശ ബാങ്കുകൾ/രജിസ്ട്രികളിൽനിന്നാണ് ലഭിക്കുക.
മജ്ജ മാറ്റിവയ്ക്കൽ ചികിത്സ ചിലവേറിയതാണ്. ഇതിന് നമ്മുടെ നാട്ടിൽ ഏകദേശം 5 മുതൽ 25 ലക്ഷം രൂപ വരെ ചെലവ് വരാം (ചെലവ് ട്രാൻസ്‌പ്ളാൻറ് തരത്തെയും പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു).
അനുയോജ്യമായ വിത്തുകോശങ്ങൾ മൂലകോശ ബാങ്കുകൾ/രജിസ്ട്രികളിൽനിന്നാണ് ലഭിക്കുന്നതെങ്കിൽ 10-15 ലക്ഷം കൂടുതൽ ചെലവ് വേണ്ടിവന്നേക്കാം.
കേരള സാമൂഹികസുരക്ഷാമിഷന്റെ കീഴിൽ നടപ്പിലാക്കുന്ന ‘വീ കെയർ’ പദ്ധതി മുഖേന മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സാമ്പത്തികസഹായം നൽകിവരുന്നുണ്ട്. അതിനുമുപരി സന്നദ്ധസംഘടനകളുടെയും മറ്റ് മനുഷ്യസ്നേഹികളുടെയും സാമ്പത്തികസഹായമാണ് പലപ്പോഴും തുണയാവാറുള്ളത്.
മുതിർന്നവരിൽനിന്ന് വ്യത്യസ്തമായി കുട്ടികളിലെ കാൻസർ മുൻകൂട്ടി തിരിച്ചറിയാവുന്ന സൂചനകൾ എന്തെങ്കിലുമുണ്ടോ?
മുതിർന്നവരിൽ കാൻസർ മുൻകൂട്ടി കണ്ടുപിടിക്കാൻ സഹായിക്കുന്ന ചില ടെസ്റ്റുകൾ, ഉദാ: സെർവിക്കൽ കാൻസർ മുൻകൂട്ടി കണ്ടുപിടിക്കാനുള്ള പാപ് സ്മിയർ ടെസ്റ്റ് ഉണ്ട്.
പക്ഷേ കുട്ടികളിൽ ഇതുപോലെയുള്ള ടെസ്റ്റുകൾ നിലവിൽ ഇല്ല, അല്ലെങ്കിൽ കണ്ടുപിടിച്ചിട്ടില്ല എന്ന് തന്നെ പറയാം. പക്ഷേ താഴെ പറയുന്ന ചില സൂചനകൾ വേറെ അസുഖങ്ങളിൽ കാണപ്പെടാമെങ്കിലും, ഇവ കാൻസറിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
അസാധാരണമായ തളർച്ച, രക്തസ്രാവം അല്ലെങ്കിൽ അസ്ഥിവേദന.
പെട്ടെന്ന് വലുപ്പംവയ്ക്കുന്ന മുഴകൾ അല്ലെങ്കിൽ നീർവീക്കങ്ങൾ. പ്രത്യേകിച്ച് പനിയോ വേദനയോ അണുബാധയുടെ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ.
അപ്രതീക്ഷിതമായി ശരീരഭാരം കുറയുക, വിട്ടുമാറാത്ത പനി, തുടർച്ചയായ ചുമ അല്ലെങ്കിൽ ശ്വാസതടസ്സം.
വെളുത്തതായി കാണപ്പെടുന്ന കൃഷ്ണമണി, പെട്ടെന്ന് രൂപപ്പെട്ട കോങ്കണ്ണ്, പെട്ടെന്നുള്ള കാഴ്ച കുറവ് / കാഴ്ച നഷ്ടപ്പെടുക, കണ്ണുകൾക്ക് ചുറ്റുമുള്ള നിറവ്യത്യാസം അല്ലെങ്കിൽ വീക്കം.
വിട്ടുമാറാത്ത വയറുവേദന അല്ലെങ്കിൽ വീക്കം.
വിട്ടുമാറാത്തതും പ്രത്യേകിച്ച് രാവിലെ അനുഭവപ്പെടുന്നതുമായുള്ള തലവേദന.
പ്രത്യേകിച്ച് അണുബാധയുടെ ലക്ഷണങ്ങളില്ലാത്ത അസ്ഥിവേദന/ വീക്കം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഒരു തരം കാൻസറിൽ മാത്രം കാണപ്പെടുന്നതല്ല. അസാധാരണമായ തളർച്ച, രക്തസ്രാവം, അസ്ഥിവേദന, പെട്ടെന്ന് വലുപ്പംവയ്ക്കുന്ന കഴലവീക്കം (വേദനയില്ലാത്ത), വിട്ടുമാറാത്ത പനി, ഇവയെല്ലാം രക്താർബുദം / ലിംഫോമ പോലെയുള്ള കാൻസറുകളിൽ കാണപ്പെടുന്നു.
കണ്ണിലെ വ്യത്യാസങ്ങൾ കണ്ണിനെയും അതിന്റെ ചുറ്റുമുള്ള ഭാഗങ്ങളെ ബാധിക്കുന്ന റെറ്റിനോബ്ലാസ്റ്റോമ, ന്യൂറോബ്ലാസ്റ്റോമ, മയെലോയ്ഡ് സർക്കോമ മുതലായ കാൻസറുകളുടെ ലക്ഷണങ്ങളാണ്. അസാധാരണമായി കാണുന്ന ഏതൊരു ലക്ഷണവും ഗൗരവത്തോടെ എടുക്കേണ്ടതാണ്.
റെറ്റിനോബ്ലാസ്‌റ്റോമ (കുട്ടികളുടെ കണ്ണിൽ കാണുന്ന കാൻസർ) ഉള്ള കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണ് പരിശോധനയും ജനിതക ടെസ്റ്റും ചെയ്യേണ്ടതായിട്ടുണ്ട്. അവർക്ക് റെറ്റിനോബ്ലാസ്‌റ്റോമ വരാനുള്ള സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാൻ അത് സഹായിക്കും. നേരത്തെത്തന്നെ കണ്ടുപിടിച്ചാൽ കാഴ്ച നഷ്ടപ്പെടാതെ തന്നെ ചികിത്സ പൂർത്തീകരിക്കാൻ
സാധിക്കും.



